കർണാടക ബി.ജെ.പിയിൽ വീണ്ടും പൊട്ടിത്തെറി; രാജി ഭീഷണി മുഴക്കി മന്ത്രിമാർ, സർക്കാരിൽ പ്രതിസന്ധി
text_fieldsബംഗളൂരു: കർണാടകയിലെ ബി.ജെ.പി സർക്കാരിനെ പ്രതിസന്ധിയിലാക്കി രാജി ഭീഷണിയുമായി മന്ത്രി ആനന്ദ് സിങ്ങും എം.ടി.ബി നാഗരാജും. വിജയനഗർ ജില്ലയിലെ ഹോസ്പേട്ടിലെ എം.എൽ.എ ഒാഫീസ് അടച്ചുപൂട്ടിയ ആനന്ദ് സിങ് ബുധനാഴ്ച മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തി. താൻ ആവശ്യപ്പെട്ട വകുപ്പ് നൽകിയില്ലെങ്കിൽ ബി.ജെ.പി വിടുമെന്നാണ് ആനന്ദ് സിങ് യെദിയൂരപ്പയെ അറിയിച്ചത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കണ്ട് രാജി കത്ത് നൽകിയെങ്കിലും പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് അനുനയിപ്പിക്കുകയായിരുന്നു. എന്നാൽ, വകുപ്പുകളിൽ മാറ്റം വരുത്താതെ മന്ത്രിയായി തുടരില്ലെന്ന ഉറച്ച നിലപാടിലാണ് ആനന്ദ് സിങ്. പ്രശ്ന പരിഹാരത്തിനായി നേതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും ഒാഫീസ് അടച്ചുപൂട്ടിയതിന് പുറമെ മൊബൈൽ ഫോണും ആനന്ദ് സിങ് സ്വിച്ച് ഒാഫ് ചെയ്തതായാണ് വിവരം.
വകുപ്പ് വിഭജനത്തിൽ അതൃപ്തനായ എം.ടി.ബി നാഗരാജുവും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ രാജിവെക്കുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിസ്ഥിതി-ടൂറിസം വകുപ്പാണ് ആനന്ദ് സിങിന് ലഭിച്ചത്. മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ വകുപ്പാണ് എം.ടി.ബി നാഗരാജുവിന് നൽകിയത്. വനം, ഊർജ വകുപ്പുകളോ പൊതുമരാമത്ത് വകുപ്പോ നൽകണമെന്നാണ് ആനന്ദ് സിങിെൻറ ആവശ്യം. അതുപോലെ പാർപ്പിട വകുപ്പ് ലഭിക്കണമെന്നാണ് നാഗരാജ് വ്യക്തമാക്കുന്നത്.
സഖ്യസർക്കാരിൽനിന്നും വിമത നീക്കം നടത്തിയ ബി.ജെ.പിയിലെത്തിയ 17 നേതാക്കളിൽ ഉൾപ്പെടുന്നവരാണ് ആനന്ദ് സിങും നാഗരാജും. വകുപ്പ് വിഭജനത്തിലെ അതൃപ്തിക്കിടെ മന്ത്രിസ്ഥാനം ലഭിക്കാത്ത നേതാക്കളും സർക്കാരിനെ പ്രതിസന്ധിയിലാക്കുകയാണ്. എം.എൽ.എ ജി. രാജു ഗൗഡയും യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തി.
മന്ത്രിസഭയിൽ ഉൾപ്പെടുത്താതിൽ പ്രതിഷേധിച്ച് ബി.ജെ.പി നേതാവ് അപ്പാച്ചു രഞ്ജെൻറ അനുയായികൾ കുടകിലെ കുശാൽനഗറിൽനിന്ന് 150ലധികം വാഹനങ്ങളിലായി ഫ്രീഡം പാർക്കിലേക്ക് കാർ റാലി നടത്തി. തുടർന്ന് നേതാക്കൾ യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തി.
15വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ തന്നെ സംരക്ഷിക്കാൻ നേതാക്കളും സുഹൃത്തുക്കളും ഉണ്ടാകുമെന്ന് തെറ്റിദ്ധരിച്ചുവെന്നും എല്ലാ പ്രതീക്ഷയും നഷ്ടമായെന്നും ഹോസ്പേട്ടിലെ വേണുഗോപാല ക്ഷേത്രത്തിൽ സന്ദർശനം നടത്തിയശേഷം ആനന്ദ് സിങ് തുറന്നടിച്ചു. ഈ ക്ഷേത്രത്തൽനിന്നാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. വേണമെങ്കിൽ ഇവിടെ തന്നെ അത് അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്ന പരിഹാരത്തിന് കേന്ദ്ര നേതാക്കളുമായി സംസാരിക്കേണ്ടതുണ്ടെന്നും താനും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീലും ആനന്ദ് സിങുമായി സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. മന്ത്രി സ്ഥാനം ലഭിക്കാത്ത നേതാക്കളായ സി.പി. യോഗേശ്വർ, രമേശ് ജാർക്കിഹോളി, എം.പി രേണുകാചാര്യ, അരവിന്ദ് ബെള്ളാഡ്, ബസനഗൗഡ പാട്ടീൽ യത്നാൽ, ശ്രീമന്ത് പാട്ടീൽ, മഹേഷ് കുമത്തള്ളി തുടങ്ങിയവർ ഡൽഹിയിൽ ക്യാമ്പ് ചെയ്യുകയാണെന്നാണ് വിവരം. പുതിയ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ബി.ജെ.പി സർക്കാർ ഉടൻ വീഴുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.