പാകിസ്താനെതിരെ സൈനിക നടപടി; കോൺഗ്രസിൽ ഭിന്നത
text_fieldsന്യൂഡൽഹി: ഉചിത തീരുമാനമെടുക്കാൻ സർക്കാറിന് സർവകക്ഷിയോഗത്തിൽ സർവപിന്തുണയും വാഗ്ദാനം ചെയ്ത കോൺഗ്രസിനകത്ത് യുദ്ധവിരുദ്ധ പ്രസ്താവനകളുമായി ചില നേതാക്കൾ രംഗത്തുവന്നത് സൈനികനീക്കം സംബന്ധിച്ച പ്രതിപക്ഷത്തെ അഭിപ്രായ ഭിന്നത പുറത്തുകൊണ്ടുവന്നു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ പോലുള്ളവർ പാകിസ്താനെതിരെ സൈനിക നടപടി ആവശ്യപ്പെടുമ്പോൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവർ യുദ്ധത്തിലേക്ക് കാര്യങ്ങളെത്തിക്കരുതെന്ന് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കോൺഗ്രസ് നേതാക്കളുടെ ഇത്തരം പ്രസ്താവനകൾ നിയന്ത്രിക്കാത്തത് ബി.ജെ.പി ചോദ്യം ചെയ്തു.
പിന്നാലെ, ചില മുതിർന്ന നേതാക്കളുടെ പ്രസ്താവനകൾ അവരുടെ വ്യക്തിപരമായ നിലപാടുകളാണെന്നും പാർട്ടിയുടെ നിലപാടുമായി അവക്ക് ബന്ധമില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് വ്യക്തത വരുത്തി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സർവകക്ഷി യോഗത്തിൽ പറഞ്ഞതാണ് പഹൽഗാമിൽ കോൺഗ്രസ് നിലപാടെന്നും ജയ്റാം രമേശ് പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതി പാസാക്കിയ പ്രമേയത്തിന്റെ നിലപാടാണ് ഇതെന്നും ജയ്റാം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ രാജ്യത്തെ അവഹേളിക്കുന്നതെന്ന് ബി.ജെ.പി
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ രാജ്യത്തെ അവഹേളിക്കുന്നതെന്ന് ബി.ജെ.പി. കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ പാക് ടി.വിയിൽ പ്രകീർത്തിക്കപ്പെടുന്നത് ലജ്ജാകരമാണെന്നും ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. ബി.ജെ.പി ദേശീയ ആസ്ഥാനത്ത് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും രാഹുല്‍ ഗാന്ധിക്കും പാര്‍ട്ടിയെ നിയന്ത്രിക്കാനാകുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇരുവരും ഔപചാരികതക്ക് ഒരഭിപ്രായം പറഞ്ഞതിനു പിന്നാലെ ഇതരനേതാക്കൾക്ക് ഇഷ്ടമുള്ളതുപോലെ സംസാരിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്. ഇവരുടെ എല്ലാ പ്രസ്താവനകളും പാകിസ്താനില്‍ ദുരുപയോഗം ചെയ്യുകയാണ്. രാജ്യം ഒരേ സ്വരത്തില്‍ സംസാരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്താനുമുന്നില്‍ രാജ്യത്തെ അപമാനിക്കുകയാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഇത്തരം പ്രസ്താവനകള്‍കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ എന്താണ് ലക്ഷ്യമാക്കുന്നത്? കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടേതടക്കം പ്രതികരണങ്ങൾ പാകിസ്താനില്‍ മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്യുന്നു. ഭീകരവാദികള്‍ വെടിവെക്കുന്നതിനുമുമ്പ് ആളുകളുടെ മതം ചോദിച്ചിട്ടില്ലെന്നാണ് കര്‍ണാടക മന്ത്രി ആര്.ബി. തിമ്മപുര്‍ പറഞ്ഞത്. ഇത് ലജ്ജാകരമാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് വിജയ് വഡെറ്റിവാർ, പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര എന്നിവരുടെ പരാമർശങ്ങളും നിരാശജനകമായിരുന്നുവെന്ന് രവിശങ്കർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.