കർണാടക മുഖ്യമന്ത്രിയുടെ മകന്‍റെ പേരിൽ തട്ടിപ്പ്; മന്ത്രി ശ്രീരാമുലുവിന്‍റെ സഹായി അറസ്റ്റില്‍
text_fieldsബംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകനും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറുമായ ബി.വൈ. വിജയേന്ദ്രയുടെ പേര് ഉപയോഗിച്ച് തട്ടിപ്പു നടത്തിയ കേസിൽ സാമൂഹിക ക്ഷേമ മന്ത്രി ബി. ശ്രീരാമുലുവിെൻറ സഹായി അറസ്റ്റില്‍. വർഷങ്ങളായി ശ്രീരാമുലുവിെനാപ്പമുള്ള രാജു എന്ന രാജണ്ണയെയാണ് (40) ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ് ചെയ്തത്. വിജയേന്ദ്രയുമായി അടുത്ത ബന്ധമാണെന്ന് പറഞ്ഞ് നിരവധി പേർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്തും കരാറുകൾ നൽകാമെന്ന് പറഞ്ഞും രാജണ്ണ പണം വാങ്ങിയെന്ന് ആരോപിച്ച് ബി.വൈ. വിജയേന്ദ്ര സെൻട്രൽ ക്രൈം ബ്രാഞ്ചിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് കേസെടുത്ത സി.സി.ബി ബംഗളൂരുവിലെ മന്ത്രി ബി. ശ്രീരാമുലുവിെൻറ വസതിയിൽനിന്നാണ് രാജണ്ണയെ അറസ്റ്റ് ചെയ്തത്. ശ്രീരാമുലുവിെൻറ പേഴ്സനൽ അസിസ്റ്റൻറ് ആയാണ് രാജണ്ണ അറിയപ്പെട്ടിരുന്നതെങ്കിലും ഇക്കാര്യം പൊലീസും മന്ത്രിയും നിഷേധിച്ചു. മന്ത്രിയുടെ വസതിയിൽനിന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് ആദ്യം അറിയിച്ചതെങ്കിലും പിന്നീട് ബസവേശ്വര സർക്കിളിലെ ചാലൂക്യ ഹോട്ടലിൽനിന്നാണ് പിടികൂടിയതെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. വിജയേന്ദ്രയെ അടുത്തറിയാമെന്ന് പറഞ്ഞ് നിരവധി പേരിൽനിന്നും പണം ഈടാക്കി ജോലിയും മറ്റു കരാറുകളും നൽകാമെന്ന് പറഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഇത്തരത്തിൽ ആളുകളുമായി സംസാരിക്കുന്ന രാജണ്ണയുടെ നിരവധി ശബ്ദസന്ദേശവും വിജയേന്ദ്ര പൊലീസിൽ നൽകിയിരുന്നു.
ബെള്ളാരിയിൽ തന്നോടൊപ്പം 20 വർഷമായി കൂടെയുള്ള രാജണ്ണ ഒാഫിസ് സ്റ്റാഫോ േപഴ്സനൽ സ്റ്റാഫോ അല്ലെന്നും ഒാഫിസിൽ ഒൗദ്യോഗിക പദവിയൊന്നും വഹിച്ചിരുന്നില്ലെന്നുമാണ് മന്ത്രി ബി. ശ്രീരാമുലുവിെൻറ വിശദീകരണം. രാജണ്ണയുമായി പരിചയമുണ്ടെങ്കിലും അയാൾ ഇത്തരത്തിൽ ഇടപാട് നടത്തുന്നത് അറിയില്ലായിരുന്നുവെന്നും അറിഞ്ഞിരുന്നെങ്കിൽ അക്കാര്യം മുഖ്യമന്ത്രിയെയും വിജയേന്ദ്രയെയും അറിയിച്ച് അവസാനിപ്പിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരും ആരുടെയും പേര് ദുരുപയോഗപ്പെടുത്താൻ പാടില്ല. രാജണ്ണയുമായി ബന്ധപ്പെട്ട ഒരു കാര്യവും തനിക്കറിയില്ല.
ഒൗദ്യോഗിക ജോലികളൊന്നും രാജണ്ണയെ ഏൽപിച്ചിരുന്നില്ലെന്നും ശ്രീരാമുലു പറഞ്ഞു. പൊതുപ്രവർത്തകരുടെ പേരുകൾ ദുരുപയോഗപ്പെടുത്തി മറ്റുള്ളവർ മുതലെടുപ്പ് നടത്തുന്നത് എതിരാളികൾക്ക് ആയുധമാകുമെന്നും ഇത്തരത്തിൽ നേതാക്കളുടെ പേരുകൾ ഉപയോഗിച്ച് അവരെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ബി.വൈ. വിജയേന്ദ്ര പറഞ്ഞു. മന്ത്രിയോടൊപ്പം രാജണ്ണ നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനായി രാജണ്ണയെ കസ്റ്റഡിയിലെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.