'ദി കേരള സ്റ്റോറി' കാണാൻ നിർബന്ധിച്ച് നോട്ടീസ് ഇറക്കി കർണാടക കോളജ്; റദ്ദാക്കി സിദ്ധാരാമയ്യ
text_fieldsമംഗളൂരു: കർണാടകയിലെ ഭരണമാറ്റം 'ദി കേരള സ്റ്റോറി 'സിനിമ പ്രദർശനത്തിൽ വരെ പ്രകടമായി. ബഗൽകോട്ട് ശ്രീ വിജയ് മഹന്തേഷ് ആയുർവേദ മെഡിക്കൽ കോളജ് വിദ്യാർത്ഥിനികളോട് വിവാദ സിനിമ സൗജന്യമായി കാണാൻ നിർദ്ദേശിച്ച് പ്രിൻസിപ്പൽ പുറത്തിറക്കിയ നോട്ടീസ് മുഖ്യമന്ത്രി സിദ്ധാരാമയ്യ ഇടപെട്ട് റദ്ദാക്കി. ഇതേത്തുടർന്ന് വിദ്യാർത്ഥിനികളുടെ സിനിമ കാണൽ മുടങ്ങി.
ബുധനാഴ്ച 11 മുതൽ അർധ ദിന അവധി പ്രഖ്യാപിച്ചായിരുന്നു ചൊവ്വാഴ്ച പ്രിൻസിപ്പൽ കെ.സി. ദാസ് നോട്ടീസ് ഇറക്കിയത്. ഉച്ച 12 മുതൽ സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററിന്റെ പേരും നോട്ടീസിൽ പറഞ്ഞിരുന്നു. "എല്ലാവരും ഈ സിനിമ നിർബന്ധമായും കണ്ടിരിക്കണം"എന്ന ഉപദേശവും നൽകി.
എന്നാൽ കർണാടക ജാഗ്രത നാഗരികറു സംഘടനയുടെ നേതൃത്വത്തിൽ കന്നട എഴുത്തുകാരായ കെ. മരുളസിദ്ധപ്പ, എസ്.ജി. സിദ്ധാരാമയ്യ, വിദ്യാഭ്യാസ പ്രവർത്തകൻ വി.പി. നിരഞ്ജനാരാധ്യ എന്നിവർ മുഖ്യമന്ത്രി സിദ്ധാരാമയ്യക്ക് കത്തു നൽകി. മുഖ്യമന്ത്രി ഉടൻ നടപടി സ്വീകരിക്കാൻ ബഗൽകോട്ട് ജില്ല ഡെപ്യൂട്ടി കമ്മീഷണർ പി. സുനിൽ കുമാറിന് നിർദേശം നൽകി. അദ്ദേഹം തഹസിൽദാറെ നേരിട്ട് കോളജിൽ അയച്ച് നോട്ടീസ് പിൻവലിപ്പിച്ചു. മുൻ നോട്ടീസ് റദ്ദാക്കിക്കൊണ്ടുള്ള നോട്ടീസ് ബുധനാഴ്ച രാവിലെ 11.30ന് പ്രിൻസിപ്പൽ ബോർഡിൽ പതിച്ചു. അഖില ഭാരത ജനവാദി മഹിള സംഘടനയും കോളജ് അധികൃതരുടെ നോട്ടീസിന് എതിരെ രംഗത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.