ലോൺ ആപ്പിൽ നിന്ന് 5,000 രൂപയെടുത്ത് കുടുങ്ങി, തിരിച്ചടക്കാൻ മാലമോഷ്ടിച്ചു; മൂന്ന് വിദ്യാർഥികൾ പിടിയിൽ
text_fieldsബംഗളൂരു: കടമെടുത്ത അയ്യായിരം രൂപ തിരിച്ചടക്കാനായി മാല മോഷ്ടിച്ച മൂന്നുവിദ്യാർഥികളെ പൊലീസ് പിടികൂടി. ഒരാൾ പെൺകുട്ടിയാണ്. നന്ദിനി ലേഔട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ചയാണ് ഇവർ പിടിയിലായത്.
പിടിയിലായ മൂവരും നാലാംവർഷ ബി.കോം വിദ്യാർഥികളും മല്ലേശ്വരം സ്വദേശികളുമാണ്. ബെൽ മിനി കോളനിക്ക് സമീപത്തു നിന്ന് പ്രായമായ സ്ത്രീയുടെ സ്വർണമാല ഈ സംഘം അഞ്ചുദിവസങ്ങൾക്ക് മുമ്പ് മോഷ്ടിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.
വൻതുക ലാഭവിഹിതം മോഹിച്ച് ഒരു ഓൺലൈൻ ആപ്പിൽ വിദ്യാർഥികൾ 15,000 രൂപ നിക്ഷേപിച്ചിരുന്നു. തുടക്കത്തിൽ ലാഭവിഹിതം നൽകിയെങ്കിലും പിന്നീട് നൽകാതായതോടെ വിദ്യാർഥികൾ കടത്തിലായി. തുടർന്ന് വായ്പ ലഭിക്കുന്ന മറ്റൊരു ആപ്പിൽ നിന്നാണ് ഇവർ വായ്പയെടുത്തത്.
കിട്ടിയ തുക കൊണ്ട് 10,000 രൂപ തിരിച്ചടച്ചിരുന്നു. ബാക്കി വന്ന 5000 രൂപ തിരിച്ചടക്കാനാണ് ഇവർ മോഷണം നടത്തിയത്.
ഇന്റർനെറ്റിൽ മോഷണത്തിനുള്ള എളുപ്പമാർഗം നോക്കിയതിനു ശേഷമായിരുന്നു മാല മോഷണം. മൂന്നു വിദ്യാർഥികളും പഠനത്തിൽ മിടുക്കരാണ്. മറ്റ് പ്രശ്നങ്ങൾ ഇവരുടെ പേരിൽ ഉണ്ടായിട്ടില്ല. ഇതോടെ മോഷണത്തിനിരയായ സ്ത്രീ കേസ് പിൻവലിച്ചതിനാൽ നിയമനടപടികളിൽ നിന്ന് വിദ്യാർഥികൾ രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.