ദുരിതാശ്വാസ ഫണ്ട്‍: അമിത് ഷായുടെ സന്ദർശന ദിനത്തിൽ പ്രതിഷേധവുമായി കർണാടക കോൺഗ്രസ്
text_fieldsബംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബംഗളൂരു സന്ദർശനത്തിന് മുന്നോടിയായി, വരൾച്ചാ ദുരിതാശ്വാസ ഫണ്ട് നൽകാത്തതിൽ പ്രതിഷേധിച്ച് കർണാടകയിലെ കോൺഗ്രസ് നേതാക്കൾ. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല എന്നിവരുൾപ്പെടെയുള്ള നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.
കേന്ദ്രത്തിന് സംസ്ഥാനത്തോട് ചിറ്റമ്മനയമാണെന്ന് കർണാടക സർക്കാർ ആരോപിച്ചു. കർണാടകയിലെ കർഷകർ ദുരിതാശ്വാസ ഫണ്ട് ലഭിക്കാത്തതിനാൽ ബുദ്ധിമുട്ടിലാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഫണ്ട് നൽകാതിരുന്നതിൽ പ്രധാനമന്ത്രിയെയും ധനമന്ത്രി നിർമല സീതാരാമനെയും അദ്ദേഹം കുറ്റപ്പെടുത്തി.
ഫണ്ട് നൽകാതെ കർണാടകയിലെ ജനങ്ങളോടും കർഷകരോടും മോദി സർക്കാർ പ്രതികാരം ചെയ്യുകയാണെന്ന് രൺദീപ് സുർജേവാല ആരോപിച്ചു. പണം നൽകാതെ കർണാടകയിലെ മണ്ണിൽ കാലുകുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം സുപ്രീംകോടതിയിൽ പോയപ്പോഴാണ് നഷ്ടപരിഹാരം നൽകാൻ മോദി സർക്കാർ സമ്മതിച്ചതെന്ന് കർണാടക കോൺഗ്രസ് എം.എൽ.എ റിസ്വാൻ അർഷാദ് പറഞ്ഞു. തങ്ങളുടെ അവകാശങ്ങൾക്കായി കോടതിയിൽ പോകേണ്ടതുണ്ടോയെന്ന് അദ്ദേഹം ചോദിക്കുന്നു.
വരൾച്ചാ ദുരിതാശ്വാസമായി 35,162 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർണാടക സുപ്രീംകോടതിയെ സമീപിച്ചത്. കർണാടകക്ക് വരൾച്ചാ ദുരിതാശ്വാസം കൈമാറുമെന്നും ഏപ്രിൽ 29നകം ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കർണാടക സർക്കാർ സമർപ്പിച്ച ഹരജിയിലാണ് അറ്റോണി ജനറൽ ഉറപ്പ് നൽകിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച ബംഗളൂരു സൗത്ത് മണ്ഡലത്തിൽ പ്രചാരണം നടത്തും. മണ്ഡലത്തിൽ ബി.ജെ.പിയുടെ തേജസ്വി സൂര്യയും കോൺഗ്രസിന്‍റെ സൗമ്യ റെഡ്ഡിയും തമ്മിലാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.