Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക: കോൺഗ്രസ് 42...

കർണാടക: കോൺഗ്രസ് 42 മണ്ഡലങ്ങളിൽകൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; കൂടുവിട്ടെത്തിയവർക്ക് സീറ്റുമായി രണ്ടാം പട്ടിക

text_fields
bookmark_border
election karnataka
cancel

ബംഗളൂരു: മറ്റ് പാർട്ടികളിൽനിന്ന് എത്തിയവരെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തി കർണാടകയിൽ കോൺഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക. ഏറെ ചർച്ചകൾക്ക് ശേഷമാണ് ഡൽഹിയിൽ ചേർന്ന കേന്ദ്ര യോഗം 42 പേരുടെ പട്ടിക അംഗീകരിച്ചത്. അടുത്തിടെ മറ്റ് പാർട്ടികളിൽനിന്ന് രാജിവെച്ച് കോൺഗ്രസിൽ എത്തിയ എൻ.വൈ. ഗോപാലകൃഷ്ണ, ബാബുറാവു ചിഞ്ചാൻസുർ, എസ്.ആർ ശ്രീനിവാസ്, വി.എസ്. പാട്ടീൽ എന്നിവർക്ക് സീറ്റുണ്ട്.

എന്നാൽ, മൈസൂരുവിലെ വരുണയിൽ മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രണ്ടാം സീറ്റായി മത്സരിക്കാനാഗ്രഹിച്ച കോലാർ മണ്ഡലം രണ്ടാം പട്ടികയിലും ഉൾപ്പെട്ടിട്ടില്ല. മുൻ ബി.ജെ.പി എം.എൽ.സി ബാബുറാവു ചിഞ്ചാൻസൂറിന് യാദ്ഗിർ ജില്ലയിലെ ഗുർമിത്കൽ മണ്ഡലമാണ് നൽകിയത്.

ചിറ്റാപൂരിൽനിന്ന് മൂന്നുതവണയും ഗുർമിത്കലിൽനിന്ന് രണ്ടുതവണയും എം.എൽ.എയായ ഇദ്ദേഹം 2018ൽ കോൺഗ്രസ് ടിക്കറ്റിൽ പരാജയപ്പെടുകയും തുടർന്ന് ബി.ജെ.പിയിലേക്ക് ചേക്കേറുകയുമായിരുന്നു. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ നിലവിലെ എ.ഐ.സി.സി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയെ തോല്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ്. 2022ൽ ബി.ജെ.പി എം.എൽ.സിയായി. കഴിഞ്ഞ ദിവസമാണ് കോൺഗ്രസിൽ ചേർന്നത്.

എം.എൽ.എ സ്ഥാനം രാജിവെച്ചെത്തിയ മുൻ ബി.ജെ.പി നേതാവ് എൻ.വൈ. ഗോപാലകൃഷ്ണ ചിത്രദുർഗ ജില്ലയിലെ മൊളഗാൽമുരു മണ്ഡലത്തിൽ (എസ്.ടി) നിന്നാണ് കോൺഗ്രസ് സ്ഥാനാർഥിയാകുന്നത്. കഴിഞ്ഞ തവണ ബെല്ലാരി ജില്ലയിലെ കുഡ്ലിഗി മണ്ഡലത്തിൽ നിന്നാണ് ജയിച്ചത്. ജെ.ഡി.എസ് മുൻ എം.എൽ.എ എസ്.ആർ ശ്രീനിവാസിനെ ഗുബ്ബി മണ്ഡലത്തിലാണ് കോൺഗ്രസ് രംഗത്തിറക്കുന്നത്.

ഇവിടെനിന്ന് നാലുതവണയാണ് അദ്ദേഹം എം.എൽ.എയായത്. ബി.ജെ.പി വിട്ടെത്തിയ വി.എസ് പാട്ടീലിന് ഉത്തരകന്നടയിലെ യെല്ലാപൂർ മണ്ഡലമാണ് നൽകിയത്. കഴിഞ്ഞ ജനുവരിയിൽ ജെ.ഡി.എസ് വിട്ട് എത്തിയ വൈ.എസ്.വൈ ദത്തക്ക് പക്ഷേ കാടൂർ മണ്ഡലം നൽകിയില്ല. ഇവിടെ കെ.എസ്. ആനന്ദാണ് മത്സരിക്കുക.

കർഷകസംഘടനകളുടെ ശക്തികേന്ദ്രമായ മേലുകൊട്ടെ മണ്ഡലത്തിൽ സർവോദയ കർണാടക പാർട്ടിക്കാണ് കോൺഗ്രസ് പിന്തുണ. ഇവിടെ പ്രമുഖ കർഷക നേതാവ് കെ.എസ് പുട്ടണ്ണയുടെ മകൻ ദർശൻ പുട്ടണ്ണയാണ് സ്ഥാനാർഥി. കഴിഞ്ഞ തവണ ജെ.ഡി.എസാണ് ഇവിടെ ജയിച്ചത്.

മുൻ മുഖ്യമന്ത്രി ധരംസിങ്ങിന്‍റെ മകൻ വിജയ് ധരം സിങാണ് ബസവ കല്യാൺ മണ്ഡലത്തിലെ സ്ഥാനാർഥി. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ സിറ്റിങ് സീറ്റായ ബദാമിയിൽ ബി.ബി ചിമ്മനകട്ടിയാണ് മത്സരിക്കുക. 2018ൽ തന്‍റെ സീറ്റ് സിദ്ധരാമയ്യക്ക് വേണ്ടി അദ്ദേഹം വിട്ടുനൽകുകയായിരുന്നു. മുൻമന്ത്രിമാരായ വിനയ് കുൽകർണി (ധാർവാഡ്), സന്തോഷ് എസ്. ലാഡ് (കൽഘട്ട്ഗി), എച്ച്. ആഞ്ജനേയ (ഹെളൽകെരെ -എസ്.സി), കിമ്മനെ രത്നാകർ (തീർഥഹള്ളി).

ബി. ശിവറാം (ബേലൂർ), ആർ.ബി. തിമ്മപുർ (മുധോൾ -എസ്.സി ), എച്ച്.വൈ. മെറ്റി (ബാഗൽകോട്ട്), എന്നിവരാണ് മറ്റ് പ്രമുഖ കോൺഗ്രസ് സ്ഥാനാർഥികൾ. 124 മണ്ഡലങ്ങളിലെ ആദ്യഘട്ട പട്ടിക കോൺഗ്രസ് നേരത്തേ പുറത്തിറക്കിയിരുന്നു. ഇനി 58 മണ്ഡലങ്ങളിലാണ് പ്രഖ്യാപനം വരാനുള്ളത്. ബി.ജെ.പി പട്ടിക ഇതുവരെ വന്നിട്ടില്ല.

ഉവൈസിയുടെ പാർട്ടി 25 മണ്ഡലങ്ങളിൽ

ബംഗളൂരു: മേയ് പത്തിന് നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം (ആൾ ഇന്ത്യ മജ്ലിസെഇത്തിഹാദുൽ മുസ്ലിമീൻ) 25 മണ്ഡലങ്ങളിൽ മൽസരിക്കും. നിലവിൽ മൂന്നുസ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ജനതാദൾ എസുമായി സഖ്യത്തിന് ശ്രമം നടക്കുന്നുണ്ടെന്നും ഇതുവരെ അവരുടെ മറുപടി ലഭിച്ചിട്ടില്ലെന്നും സഖ്യമുണ്ടെങ്കിലും ഇല്ലെങ്കിലും പാർട്ടി ഉറപ്പായും മൽസരിക്കുമെന്നും സംസ്ഥാന പ്രസിഡന്‍റ് ഉസ്മാൻ ഗനി പറഞ്ഞു.

2018ലെ കർണാടക തെരഞ്ഞെുടപ്പിൽ എ.ഐ.എം.ഐ.എം മൽസരിക്കാതെ ജെ.ഡി.എസിന് പിന്തുണ നൽകുകയായിരുന്നു. ബിദർ, റായ്ചൂർ, കൽബുറഗി തുടങ്ങിയ മുസ്ലിം വോട്ടുകൾ നിർണായകമായ ഇടങ്ങളിലാണ് സംസ്ഥാനത്ത് എ.ഐ.എം.ഐ.എംയുടെ സാന്നിധ്യമുള്ളത്.

കോൺഗ്രസ് തനിെക്കതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ഇതിനാൽ അവരുമായി സഖ്യമുണ്ടാകില്ലെന്നും പാർട്ടി ദേശീയ പ്രസിഡന്‍റ് അസദുദ്ദീൻ ഉവൈസിയും പ്രതികരിച്ചു. മുസ്ലിംകൾക്കുള്ള നാല് ശതമാനം ഒ.ബി.സി സംവരണം റദ്ദാക്കിയ കർണാടകയിലെ ബി.ജെ.പി സർക്കാറിന്‍റെ തീരുമാനം പൂർണമായും നിയമലംഘനമാണ്. എന്നാൽ ഇക്കാര്യത്തിൽ പ്രധാനമതേതര പാർട്ടികളെന്ന് അവകാശപ്പെടുന്നവരൊന്നും പ്രതികരിച്ചില്ല.

എ.ഐ.എം.ഐ.എം മൽസരിക്കുന്നതോടെ മുസ്ലിം വോട്ടുകൾ ഭിന്നിക്കില്ലേ എന്ന ചോദ്യത്തിന് ഇക്കാര്യം ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളുടെ നേതാക്കളോട് എന്താണ് ചോദിക്കാത്തതെന്നായിരുന്നു മറുപടി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ തന്‍റെ പാർട്ടി മൽസരിച്ചില്ല. എന്നാൽ കോൺഗ്രസിന് ഒരു സീറ്റ് മാത്രമേ ലഭിച്ചുള്ളൂ. ഇത് മുസ്ലിം വോട്ടുകൾ ഭിന്നിച്ചതിന്‍റെ ഫലമായാണോ എന്നും ഉവൈസി ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakacandidatesassembly election
News Summary - Karnataka-Congress announced candidates in 42 constituence- Second list with seats for those who came to the party
Next Story