മോദി നിരക്ഷരനെന്ന് കർണാടക കോൺഗ്രസിന്‍റെ ട്വീറ്റ്; ഒടുവിൽ പരാമർശം പിൻവലിച്ച് ഖേദ പ്രകടനം
text_fieldsബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിരക്ഷരനെന്ന് വിശേഷിപ്പിച്ച് കർണാടക കോൺഗ്രസ്. വിവാദമായതോടെ കർണാടക കോൺഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിൽനിന്ന് പരാമർശം അടങ്ങിയ ട്വീറ്റ് നീക്കം ചെയ്ത് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഒരു പുതിയ സോഷ്യൽ മീഡിയ മാനേജറാണ് 'അപരിഷ്കൃത ട്വീറ്റ്' പങ്കുവെച്ചതെന്നായിരുന്നു കോൺഗ്രസിൻറെ മറുപടി.
വിവാദപരമായ പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ ട്വീറ്റിലെ പരാമർശം 'സിവിൽ പാർലമെന്‍ററി ഭാഷ'യുടെ നിലവാരമില്ലെന്ന് അറിയിക്കുകയും ചെയ്തു.
'കോൺഗ്രസ് സ്കൂളുകൾ നിർമിച്ചു. എന്നാൽ മോദി പഠിക്കാൻ പോയിട്ടില്ല. മുതിർന്നവർക്ക് പഠിക്കാനായും കോൺഗ്രസ് നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. എന്നാൽ മോദി അതും പഠിച്ചില്ല. ഭിക്ഷാടനം നിരോധിച്ചിട്ടും ഉപജീവനത്തിനായി തെരഞ്ഞെടുത്ത ആളുകൾ ഇന്ന് പൗരന്മാരെ ഭിക്ഷാടനത്തിലേക്ക് തള്ളിവിടുന്നു. മോദിയുടെ നിരക്ഷരത കാരണം രാജ്യം കഷ്ടപ്പെടുന്നു' -കർണാടക കോൺഗ്രസ് ട്വീറ്റ് ചെയ്തു.
അംഗൂത ഛാപ്പ് മോദി എന്ന ഹാഷ്ടാഗിനൊപ്പമാണ് ട്വീറ്റ്. എഴുതാനും വായിക്കാനും അറിയാത്തവരെ വിശേഷിപ്പിക്കുന്ന പ്രയോഗമാണ് അംഗൂത ഛാപ്പ്.
സംഭവത്തിൽ മുതിർന്ന നേതാക്കൾ പ്രതികരണവുമായി എത്തിയിട്ടില്ല. എന്നാൽ കോൺഗ്രസിന് മാത്രമേ ഇത്രയും തരംതാഴാൻ സാധിക്കുവെന്ന പ്രതികരണവുമായി ബി.ജെ.പി വക്താവ് മാളവിക അവിനാഷ് രംഗത്തെത്തി. യാതൊരു മറുപടിയും അർഹിക്കാത്തതാണ് കോൺഗ്രസിന്‍റെ പ്രതികരണമെന്നും ബി.ജെ.പി വക്താവ് ട്വീറ്റ് ചെയ്തു.
രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് കർണാടകയിലെ പുതിയ രാഷ്ട്രീയപോര്. ഒക്ടോബർ 30നാണ് ഇവിടെ തെരഞ്ഞെടുപ്പ്.
ജൂലൈയിൽ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ മാറ്റി ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രിയാക്കിയതിന് ശേഷം കർണാടകയിൽ ബി.ജെ.പി നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാകും ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.