കർണാടകയിൽ കോൺഗ്രസ് ഒറ്റക്ക് അധികാരത്തിലേറും; ബി.ജെ.പിയെ കാത്തിരിക്കുന്നത് ഏറ്റവും മോശം ഫലമെന്നും സർവേ
text_fieldsഒറ്റഘട്ട തെരഞ്ഞെടുപ്പിൽ മേയ് 10ന് കർണാടക വോട്ടു ചെയ്യാനിരിക്കെ ഫലമെന്താകുമെന്ന ആധി മുന്നണികളെ വിടാതെ വേട്ടയാടുന്നുണ്ട്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റ് ആവശ്യമായ സഭയിൽ വീണ്ടും അധികാരത്തിലേറാൻ പഠിച്ചപണി പതിനെട്ടും പയറ്റി ബി.ജെ.പി രംഗത്തുണ്ടെങ്കിലും ഇത്തവണ പണി പാളുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പുള്ള സർവേ ഫലം പറയുന്നു.
കന്നഡ സ്ഥാപനമായ ഈഡിന നടത്തിയ സർവേ പ്രകാരം 132-140 സീറ്റുകൾ കോൺഗ്രസിന് ലഭിക്കും. 43 ശതമാനമാകും വോട്ട് വിഹിതം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ പാർട്ടി കുറിക്കുന്ന ഏറ്റവും വലിയ വിജയവും ഇതാകും.
എന്നാൽ, അധികാരത്തിലിരിക്കുന്ന ബി.ജെ.പിക്ക് 57-65 സീറ്റ് മാത്രമാകും ലഭിക്കുക. വോട്ട് വിഹിതം 33 ശതമാനത്തിലൊതുങ്ങും. 2018ൽ 104 സീറ്റുകൾ ബി.ജെ.പി നേടിയിരുന്നു. അത് പകുതിയോ അതിന് തൊട്ടുമുകളിലോ ആയി ചുരുങ്ങുമെന്നാണ് സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
എന്നാൽ, ഇതോടൊപ്പം ചേർത്തുപറയേണ്ട സുപ്രധാനമായ വസ്തുതകൾ ചിലതുണ്ട്. ഒരിക്കൽ പോലും ബി.ജെ.പി സംസ്ഥാനത്ത് ഒറ്റക്ക് അധികാരത്തിലേറിയിട്ടില്ല. മാത്രവുമല്ല, കോൺഗ്രസ് എപ്പോഴും വോട്ടുവിഹിതത്തിൽ മുന്നിൽനിന്നവരാണ്. മറ്റൊന്ന്, കോൺഗ്രസ്- ജനത ദൾ (സെക്കുലർ) സർക്കാറിനെ അട്ടിമറിച്ചാണ് കഴിഞ്ഞ തവണ ബി.ജെ.പി അധികാരത്തിലേറിയത്.
ബി.ജെ.പി രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രകടനമാകും ഇത്തവണ നടത്തുകയെന്നാണ് സർവേ സൂചിപ്പിക്കുന്നത്. ജനത ദൾ എസിനും സമാനമാകും അനുഭവം. അഴിമതിയും ഭരണവീഴ്ചയുമാകും ബി.ജെ.പിയെ അധികാരത്തിന് പുറത്തെത്തിക്കുന്നതിൽ നിർണായകമാകുകയെന്ന് സർവേ കോർഡിനേറ്റർ ഡോ. വാസു എച്ച്.വി പറയുന്നു.
മേഖലകൾ തിരിച്ചുപറഞ്ഞാൽ തീരദേശങ്ങൾ, മധ്യ കർണാടക എന്നിവിടങ്ങളിൽ ബി.ജെ.പി ശക്തി കാട്ടുമെങ്കിൽ മറ്റിടങ്ങിൽ ഇത് താഴോട്ടുപോകുമെന്നും കോൺഗ്രസ് കരുത്തരായി നിൽക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. തെക്കൻ കർണാടകയിൽ ബി.ജെ.പി വോട്ടുവിഹിതം വർധിപ്പിച്ചേക്കും. എന്നാൽ, സീറ്റുകളിൽ കാര്യമായ മാറ്റമുണ്ടാകില്ല. ഇവിടെ ജനത ദൾ സീറ്റുകളും കോൺഗ്രസ് പിടിച്ചേക്കും.
കർണാടകയിലെ 204 മണ്ഡലങ്ങളിലായി മാർച്ച് മൂന്നു മുതൽ ഏപ്രിൽ 21 വരെ കാലയളവിൽ നടത്തിയ സർവേ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്.
അതിനിടെ, സംസ്ഥാനത്ത് വോട്ടർമാരുടെ വിവരങ്ങൾ ചോർന്നതായും ഓൺലൈനിൽ വിൽപനക്കു വെച്ചതായും പരാതി ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.