പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത വീരപ്പ മൊയ്‍ലിയടക്കം നാലു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോവിഡ്
text_fieldsപ്രതിഷേധ മാർച്ചിൽ അണിനിരന്ന മുതിർന്ന കോൺഗ്രസ് നേതാക്കൾക്കടക്കം കോവിഡ്. കര്‍ണാടകയില്‍ മേക്കേദാട്ടു അണക്കെട്ട് പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത വീരപ്പ മൊയ്‍ലിയടക്കം നാലു നേതാക്കള്‍ക്ക് കോവിഡ്.
തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് 10 ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. രാമനഗര ജില്ലയിലെ മേക്കേദാട്ടുവിൽ നിന്ന് ബംഗളൂരുവിലേക്ക് 15 നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 179 കിലോമീറ്റർ യാത്രയാണ് ആസൂത്രണം ചെയ്തത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് പതിനായിരങ്ങളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. മാർച്ചിന്‍റെ ആദ്യ ദിനത്തിൽ പങ്കെടുത്ത മുൻ മന്ത്രി എച്ച്.എം രേവണ്ണക്കും എം.എൽ.സി സി.എം ഇബ്രാഹിമിനും രോഗം സ്ഥിരീകരിച്ചിരുന്നു.
നേരത്തെ, കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ കോവിഡ് പരിശോധനക്ക് വിസമ്മതിച്ചതിന് തൊട്ടുപിന്നാലെ രണ്ട് കോൺഗ്രസ് നേതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും ശിവകുമാറുമായി അടുത്ത ബന്ധം പുലര്‍ത്തിയവരായിരുന്നു. നേതാക്കളുടെയും മേക്കദാട്ടു മാർച്ചിൽ പങ്കെടുത്തവരുടെയും സാമ്പിളുകൾ ശേഖരിക്കാൻ കർണാടക സർക്കാർ ആരോഗ്യ ഉദ്യോഗസ്ഥരെ അയച്ചിരുന്നു. എന്നാല്‍ രോഗലക്ഷണങ്ങളില്ലെന്ന് പറഞ്ഞ് ശിവകുമാർ പരിശോധനക്ക് വിസമ്മതിക്കുകയായിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് റാലി നടത്തിയതിന് ശിവകുമാർ ഉൾപ്പെടെ 64 കോൺഗ്രസ് നേതാക്കള്‍ക്കും പ്രവർത്തകര്‍ക്കുമെതിരെ കേസെടുത്തു. കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കോൺഗ്രസ് നടത്തിവരുന്ന പദയാത്രക്ക് സർക്കാർ അനുമതി നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.