ദയാലുവും കഠിനാധ്വാനിയുമാണ്, മുത്തച്ഛനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ടി.ബി ജയചന്ദ്രയുടെ കൊച്ചുമകൾ രാഹുൽ ഗാന്ധിക്ക് കത്തെഴുതി
text_fieldsബംഗളൂരു: തന്റെ മുത്തച്ഛനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് നേതാവ് ടി.ബി ജയചന്ദ്രയുടെ കൊച്ചുമകൾ രാഹുൽ ഗാന്ധിക്ക് കത്തെഴുതി. കർണാടക മന്ത്രി സഭാ വികസനത്തിൽ ടി.ബി ജയചന്ദ്ര ഉൾപ്പെട്ടിട്ടില്ലെന്ന് കണ്ടതിനെ തുടർന്നാണ് കൊച്ചു മകൾ ആർണ സന്ദീപ് രാഹുൽ ഗാന്ധിക്ക് കത്തെഴുതിയത്.
‘പ്രിയപ്പെട്ട രാഹുൽ ഗാന്ധിക്ക്, ഞാൻ ടി.ബി ജയചന്ദ്രയുടെ കൊച്ചുമകളാണ്. എന്റെ മുത്തച്ഛനെ മന്ത്രിയാക്കുന്നില്ല എന്നതിൽ ഞാൻ ദുഃഖിതയാണ്. അദ്ദേഹം മന്ത്രിയാകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. കാരണം അദ്ദേഹം ദയാലുവും കഴിവുള്ളവനും കഠിനാധ്വാനിയുമാണ്’ എന്ന് പെൻസിൽ കൊണ്ട് കുറിച്ച കത്ത് സ്മൈലി വരച്ചുകൊണ്ടാണ് അവസാനിപ്പിച്ചിരിക്കുന്നത്.
കർണാടകയിൽ മന്ത്രിസഭാ വികസനം കഴിഞ്ഞ് മെയ് 27നാണ് 24 മന്ത്രിമാർ സത്യ പ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. നിലവിൽ 34 അംഗ മന്ത്രിസഭയാണ് കർണാടകക്കുള്ളത്.
അതേസമയം, കുചിടിഗ വിഭാഗത്തിന് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകാത്തത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടി ടി.ബി ജയചന്ദ്രയെ പിന്തുണക്കുന്നവർ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വസതിക്കുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നീതി ലഭ്യമാക്കാൻ പാർട്ടി ഹൈകമാന്റിനെ കാണുമെന്ന് ജയചന്ദ്രയും പറഞ്ഞിരുന്നു.
മന്ത്രിസ്ഥാനം ലഭിക്കാത്ത മറ്റ് മുതിർന്ന എം.എൽ.എമാരും മന്ത്രിമാരുടെ സത്യപ്രതിജ്ഞാ സമയത്ത് രാജ്ഭവനു മുന്നിൽ പ്രതിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.