മലാലി മസ്ജിദ്: ജമാഅത്ത് കമ്മിറ്റിയുടെ ഹരജി കോടതി തളളി; വി.എച്ച്.പിക്ക് ആഘോഷം
text_fieldsമംഗളൂരു: ബജ്പെയിൽ സ്ഥിതിചെയ്യുന്ന മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പത്ത് കിലോമീറ്റർ അരികെ മലാലിയും പരിസരവും ഇന്ന് വീണ്ടും കനത്ത പൊലീസ് വലയത്തിലായി. ഗഞ്ചിമഠം ഗ്രാമപഞ്ചായത്തിലെ മലാലി ജുമാമസ്ജിദുമായി ബന്ധപ്പെട്ട് മംഗളൂരു അഡി. സിവിൽ കോടതി (മൂന്ന്) ബുധനാഴ്ച പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിലാണിത്. പൊലീസ്, അർധ സൈനിക സേനയെ മേഖലയിൽ വിന്യസിച്ചിരിക്കുകയാണ്. ക്രമസമാധാന പാലനത്തിന് അതീവ ജാഗ്രത പുലർത്തുന്നതായി മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ എൻ. ശശികുമാർ പറഞ്ഞു.
മസ്ജിദ് നിലകൊള്ളുന്നു സ്ഥലത്ത് "ദൈവ പ്രതിഷ്ഠ" ഉണ്ടായിരുന്നു എന്ന് അവകാശപ്പെട്ട് വിശ്വഹിന്ദു പരിസരത്ത് സമർപ്പിച്ച ഹരജിയെ ചോദ്യം ചെയ്തും ഈ കേസ് വഖഫ് ട്രൈബ്യൂണൽ പരിധിയിൽ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടിയും ജമാഅത്ത് കമ്മിറ്റി ഫയൽ ചെയ്ത ഹരജി കോടതി തളളി. സിവിൽ കോടതി തന്നെയാണ് ഈ വിഷയത്തിൽ തീർപ്പ് കല്പിക്കേണ്ടതെന്ന് കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ ഏപ്രിലിൽ മസ്ജിദ് നവീകരണത്തിനായി മുൻഭാഗത്തെ കോൺക്രീറ്റ് നിർമ്മിതികൾ പൊളിച്ചപ്പോൾ പഴയ കെട്ടിടത്തിന് ക്ഷേത്രസമാന മുഖം കണ്ടതിനെത്തുടർന്ന് വിശ്വഹിന്ദു പരിഷത്ത് പരാതിയുമായി രംഗത്ത് വരുകയായിരുന്നു.റവന്യൂ അധികൃതർ നടത്തിയ പരിശോധന വേളയിൽ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ രേഖകൾ ഹാജരാക്കിയിരുന്നു.
എന്നാൽ കേരളത്തിൽ നിന്ന് കൊണ്ടുവന്ന ജ്യോത്സ്യൻ ഗോപാലപ്പണിക്കരുടെ നേതൃത്വത്തിൽ നടന്ന "താംബൂല പ്രശ്ന"ത്തിൽ ഇവിടെ"ദൈവപ്രതിഷ്ഠ"ഉണ്ടായിരുന്നതായി പ്രവചിച്ചു.ഇതേത്തുടർന്നാണ് പ്രശ്നം കോടതി കയറിയത്. കോടതി വിധി സ്വാഗതം ചെയ്യുന്നതായി വി.എച്ച്.പി മേഖല കൺവീനർ ശരൺ പമ്പുവെൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വി.എച്ച്.പി, ബജ്റംഗ്ദൾ പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഹ്ളാദപ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.