കർണാടകയിൽ പ്രതിസന്ധി ഒഴിയുന്നില്ല, വിമതനീക്കം സജീവം
text_fieldsബംഗളൂരു: വിമത കോൺഗ്രസ് എം.എൽ.എമാരായ ആനന്ദ് സിങ്, രമേശ് ജാർക്കിഹോളി എന്നിവരുടെ രാജിക്കുപിന്നാലെ കർണാടക സഖ്യസർക്കാറിൽ പ്രതിസന്ധി രൂക്ഷമാകുന്നു. സർക്കാറിന് ഭീഷണിയില്ലെന്നും സുരക്ഷിതമാണെന്നും കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുമ്പോഴും അണിയറയിൽ വിമതനീക്കം സജീവമാണ്.
രാജിവെച്ച എം.എൽ.എമാരുമായും മറ്റു വിമതരുമായും നേതൃത്വത്തിന് ബന്ധപ്പെടാനായിട്ടില്ല. കോൺഗ്രസ് എം.എൽ.എമാർക്കൊപ്പം ഒാൾഡ് മൈസൂരുവിലെ ജെ.ഡി.എസ് എം.എൽ.എമാരെയും ബി.ജെ.പി സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ട്. അതൃപ്തരായ എട്ടു ജെ.ഡി.എസ് എം.എൽ.എമാരിൽ നാലുപേരെയെങ്കിലും ബി.ജെ.പിയിലെത്തിക്കാനാണ് ശ്രമം. വിമത കോൺഗ്രസ് എം.എൽ.എമാരായ ശ്രീമന്ത് പാട്ടീൽ, പ്രതാപ ഗൗഡ, മഹേഷ് കുമത്തഹള്ളി, ബി.സി. പാട്ടീൽ, ജെ.എൻ. ഗണേഷ് തുടങ്ങി കൂടുതൽപേർ രാജിവെച്ചേക്കും.
ഇതിനിടെ, വിമതനീക്കം അവസാനിപ്പിക്കാൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ടു. കെ.സി. വേണുഗോപാൽ ഡൽഹിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുമായി ചർച്ച നടത്തി. കെ.സി. േവണുഗോപാൽ ബംഗളൂരുവിലെത്തി നേതാക്കളുമായി ചർച്ച നടത്തും. വിമതനീക്കം അനുവദിക്കില്ലെന്നും അതൃപ്തി പരസ്യമായി പറഞ്ഞാൽ, അച്ചടക്ക നടപടിയുണ്ടാകുമെന്നും ആരും രാജിവെച്ചിട്ടില്ലെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു. ഒാപറേഷൻ താമരയെ പ്രതിരോധിക്കാൻ ഒമ്പത് ബി.ജെ.പി എം.എൽ.എമാരുമായി ബന്ധപ്പെടുന്നുണ്ടെന്ന് മന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. എം.എൽ.എമാരുടെ രാജിക്കുപിന്നിൽ അമിത് ഷാക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നേരിട്ട് പങ്കുണ്ടെന്നും അവർ പണവും അധികാരവും വാഗ്ദാനംചെയ്ത് എം.എൽ.എമാരെ സ്വാധീനിച്ച് സർക്കാറിനെ താഴെയിടാൻ ശ്രമിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.