ഉത്തര കന്നട മേഖലയിൽ ദലിത് പ്രക്ഷോഭം ശക്തമാവുന്നു
text_fieldsബംഗളൂരു: മഹാരാഷ്ട്രയിൽ ദലിതർക്കെതിരായ അക്രമത്തിലും വിജയപുരയിൽ ദലിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിലും പ്രതിഷേധിച്ച് ദലിത് സംഘടനകളുടെ നേതൃത്വത്തിൽ കർണാടകയുടെ ഉത്തരമേഖലയിൽ പ്രക്ഷോഭം ശക്തമാകുന്നു. പെൺകുട്ടിക്കെതിരായ അതിക്രമംനടന്ന വിജയപുരയിൽ നടത്താനിരുന്ന ‘വിജയപുര ചലോ’ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്ച രാവിലെ ആറു മുതൽ ൈവകീട്ട് ആറുവരെ വിജയപുരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദലിത് നേതാക്കളായ ഭാസ്കർ പ്രസാദ്, നരസിംഹ മൂർത്തി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹുബ്ബള്ളി- ദാർവാഡ്, ബിദർ മേഖലകളിൽ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി.
നിരവധി വാഹനങ്ങൾ സമരക്കാർ തകർത്തു. ഹുബ്ബള്ളിയിൽ ബന്ദിനിടെ ദേശ്പാണ്ഡെ നഗറിൽ സ്വകാര്യ ബസുകൾക്കുനേരെ കല്ലേറുണ്ടായി. പഴയ ബസ്സ്റ്റാൻഡിലെ ടിക്കറ്റ് കൗണ്ടറുകൾ സമരക്കാർ നശിപ്പിച്ചു.
നോർത്ത് വെസ്റ്റ് കെ.ആർ.ടി.സി ബസുകൾ സർവിസ് പൂർണമായും നിർത്തിവെച്ചു. ബിദറിൽ സമരത്തിനിടെ അക്രമം നടത്തിയവരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി.
ഡിസംബർ അവസാനവാരത്തിലാണ് ദലിത് പെൺകുട്ടിയായ ദാനമ്മയെ വിജയപുരയിൽ ഒരുസംഘം പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതേത്തുടർന്ന് അരങ്ങേറിയ ദലിത് പ്രക്ഷോഭം മറ്റു ജില്ലകളിലേക്കും പടരുകയായിരുന്നു. 40ഒാളം ദലിത് സംഘടനകളാണ് പ്രക്ഷോഭത്തെ പിന്തുണക്കുന്നത്. ദലിതർക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നതിന് പരിഹാരം കാണണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.