ബലിനൽകിയ മൃഗങ്ങളുടെ ഇറച്ചി വേണ്ടെന്ന് ദലിതർ; ഭക്ഷിച്ചില്ലെങ്കിൽ ഗ്രാമത്തിൽ വിലക്കെന്ന്
text_fieldsബംഗളൂരു: കർണാടകയിൽ ബലിനൽകിയ മൃഗങ്ങളുടെ ഇറച്ചി ഭക്ഷിക്കാൻ നിർബന്ധിക്കുന്നുവെന്ന പരാതിയുമായി ദലിതർ. വർഷങ്ങളായി നിലനിൽക്കുന്ന ആചാരം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസിന് പരാതി നൽകിയത്. ബലി നൽകിയ എരുമയുടേത് ഉൾപ്പടെയുള്ള ഇറച്ചി ഭക്ഷിക്കാൻ നിർബന്ധിക്കുന്നുവെന്നാണ് ദലിതരുടെ പരാതി.
മല്ലികാർജുൻ ക്രാന്തി സ്റ്റേറ്റ് ജനറൽ സെക്രട്ടറിയാണ് ജില്ലാ പൊലീസ് കമീഷണർ മുമ്പാകെ പരാതി നൽകിയത്. ദേവികേര ഗ്രാമത്തിലെ മതാഘോഷത്തിന്റെ ഭാഗമായാണ് കന്നുകാലികളെ ബലിനൽകുന്നത്. ഇതിന്റെ മാംസം ഭക്ഷിച്ചില്ലെങ്കിൽ ഗ്രാമത്തിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കുകയാണെന്നും പരാതിയിൽ പറയുന്നു.
ഡിസംബർ 18നാണ് കന്നുകാലികളെ ബലിനൽകുന്ന രണ്ട് ദിവസത്തെ ആഘോഷം തുടങ്ങുന്നത്. തുടർന്ന് 10ഓളം എരുമകളെ ബലിനൽകുകയും ഇതിന്റെ മാംസം ദലിതർക്ക് ഭക്ഷിക്കാനായി കൊടുക്കുകയുമാണ് ചെയ്യുന്നത്. ഇതിന് വിസമ്മതിക്കുന്നവരെ ഗ്രാമത്തിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കുന്നു.
സമീപ ഗ്രാമങ്ങളിലും ഇത്തരത്തിൽ ആഘോഷങ്ങൾ നടക്കുന്നുണ്ടെന്നും കന്നുകാലികളെ ബലിനൽകുന്ന ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കാൻ ഇടപെടണമെന്നും ദലിതർ നൽകിയ പരാതിയിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.