കുമാരസ്വാമി ഒഴിഞ്ഞ ചന്നപട്ടണ പിടിക്കാൻ ഡി.കെ ശിവകുമാർ എത്തും..!
text_fieldsബംഗളൂരൂ: കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമി ഒഴിഞ്ഞ ചന്നപട്ടണ നിയമസഭ മണ്ഡലത്തിൽ ഉപമുഖ്യമന്ത്രിയും കർണാടക പി.സി.സി അധ്യക്ഷനുമായ ഡി.കെ ശിവകുമാർ മത്സരിക്കാനുള്ള സാധ്യത തെളിയുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്നും കുമാരസ്വാമി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചന്നപട്ടണയിൽ മത്സരത്തിന് കളമൊരുങ്ങിയത്.
തന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം നൽകിയ മണ്ഡലമാണ് ചന്നപട്ടണയെന്നും പാർട്ടിയും പ്രവർത്തകരും ആവശ്യപ്പെട്ടാൽ അനുസരിക്കുമെന്നും ഡി.കെ പ്രതികരിച്ചു.
നേരത്തെ, ഡി.കെയുടെ സഹോദരൻ ഡി.കെ.സുരേഷിനെ ചന്നപട്ടണത്ത് കളത്തിലിറക്കാനായിരുന്നു തീരുമാനം. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗളൂരുവിൽ നിന്ന് ദയനീയമായി തോറ്റ സുരേഷ് മറ്റൊരു തെരഞ്ഞെടുപ്പിന് ഇതുവരെ തയാറായിട്ടില്ല.
ഡി.കെ.ശിവകുമാർ ചന്നപട്ടണയിൽ നിന്ന് വിജയിച്ചാൽ രാമനഗര ജില്ലയിലെ കനകപുര നിയമസഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. കനകപുരയിൽ നിന്നുള്ള നിയമസഭാംഗമാണ് ശിവകുമാർ. കോൺഗ്രസിനും ജനതാദളിനും ശക്തമായ വേരോട്ടമുള്ള ചന്നപട്ടണയിൽ 2008 ന് ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വിജയിക്കാനായിട്ടില്ല. മണ്ഡലം തിരിച്ചു പിടിക്കാൻ ഡി.കെ ശിവകുമാറിനാകും എന്നാണ് പാർട്ടിയുടെയും പ്രവർത്തകരുടെ കണക്കുകൂട്ടൽ.
ബി.ജെ.പി-ജെ.ഡി(എസ്) സഖ്യം ചന്നപട്ടണയിൽ എം.എൽ.സി സി.പി യോഗീശ്വരയെയോ നടനും രാഷ്ട്രീയക്കാരനും കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമിയെയോ മത്സരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.