ആദ്യ പട്ടികയിലില്ലാത്ത കർണാടക ഡി.ജി.പിയെ സി.ബി.ഐ ഡയറക്ടറാക്കി
text_fieldsന്യൂഡൽഹി: വിവാദങ്ങളിൽ ഇടംപിടിച്ച കർണാടക പൊലീസ് മേധാവി പ്രവീൺ സൂദ് സി.ബി.ഐ മേധാവിയാകും. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നിലംപൊത്തിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ കണ്ണിലെ കരടായ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ കേന്ദ്ര അന്വേഷണ ഏജൻസിയുടെ തലപ്പത്തേക്ക് കേന്ദ്രസർക്കാർ നിയമിക്കുന്നത്. മേയ് 25ന് രണ്ട് വർഷത്തെ കാലാവധി തീരുന്ന സി.ബി.ഐ ഡയറക്ടർ സുബോധ് കുമാർ ജയ്സ്വാളിന്റെ പിൻഗാമിയായിട്ടാണ് നിയമനം.
കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശനിയാഴ്ച നടന്ന മൂന്നംഗ സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ലോക്സഭയിലെ മുഖ്യ പ്രതിപക്ഷ കക്ഷിയുടെ നേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവരാണ് പുതിയ സി.ബി.ഐ ഡയറക്ടറെ തിരഞ്ഞെടുത്തത്. ബി.ജെ.പിയുടെ സംരക്ഷകനെന്ന ആക്ഷേപം നേരിടുന്ന സൂദിനെ നിയമിക്കുന്നതിൽ യോഗത്തിൽ അധിർ രഞ്ജൻ ചൗധരി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
സി.ബി.ഐ ഡയറക്ടർ പദവിക്കായി തയാറാക്കിയ യഥാർഥ പട്ടികയിലില്ലാതിരുന്ന കർണാടക ഡി.ജി.പിയെ അവസാനനിമിഷം തിരുകിക്കയറ്റുകയായിരുന്നുവെന്ന് ചൗധരിയെ ഉദ്ധരിച്ച് ‘ഹിന്ദു പത്രം’ റിപ്പോർട്ട് ചെയ്തു.മധ്യപ്രദേശ് ഡി.ജി.പി സുധീർ സക്സേന, മുതിർന്ന ഐ.പി.എസ് ഓഫിസർമാരായ ദിങ്കർ ഗുപ്ത, താജ് ഹസൻ എന്നിവരുടെ പേരുകളാണ് മൂന്നംഗ സമിതിയുടെ പരിഗണനയിലുണ്ടായിരുന്നത്.
കർണാടകയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നിരന്തരം കേസുകൾ രജിസ്റ്റർ ചെയ്തുകൊണ്ടിരിക്കുന്ന പ്രവീൺ സൂദ് പക്ഷപാതപരമായ നിലപാട് സ്വീകരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ പരസ്യപ്രസ്താവന നടത്തിയതോടെയാണ് വിവാദകേന്ദ്രമായത്. സൂദിനെ അറസ്റ്റ് ചെയ്യണമെന്നും ശിവകുമാർ ആവശ്യപ്പെട്ടിരുന്നു.
കർണാടക കേഡറിലെ 1986 ബാച്ച് ഐ.പി.എസ് ഓഫിസറായ പ്രവീൺ സൂദിനെ 2018ലാണ് കർണാടക ഡി.ജി.പിയായി നിയമിച്ചത്. 2024 മേയിൽ സർവിസിൽനിന്ന് വിരമിക്കേണ്ടതായിരുന്നു. എന്നാൽ, ഈവർഷം മേയ് മുതൽ രണ്ട് വർഷത്തേക്കുള്ള നിയമനം അഞ്ച് വർഷം വരെ നീട്ടിക്കൊടുക്കാനുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.