കർണാടകയിൽ ഭരണം തിരിച്ചു പിടിക്കാൻ കോൺഗ്രസ്; ചുവടുറപ്പിക്കാൻ ബി.ജെ.പിയും നിർണായക ശക്തിയാകാൻ ജെ.ഡി(എസും)
text_fieldsബംഗളൂരു: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ നിരീക്ഷകരുടെ കണ്ണ് ഇനി കർണാടകയിലേക്കാണ്. സംസ്ഥാനത്തെ 224 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഭരണ കക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷമായ കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് വിലയിരുത്തൽ. ജനതാദൾ-സെക്കുലർ(ജെ.ഡി-എസ്) നിർണായക ശക്തിയാകാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. തങ്ങളുടെ ശക്തികേന്ദ്രമായിരുന്ന കർണാടകയിൽ വീണ്ടും അധികാരം പിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
2018ൽ രൂപീകരിച്ച ജെ.ഡി(എസ്), കോൺഗ്രസ് സഖ്യസർക്കാരിന്റെ തകർച്ചയെ തുടർന്നാണ് കർണാടകയിൽ ബി.ജെ.പി അധികാരത്തിൽ വന്നത്. സഖ്യത്തിലെ നിരവധി വിമത എം.എൽ.എമാരുടെ പിന്തുണ ഉറപ്പിക്കാനും ബി.ജെ.പിക്ക് കഴിഞ്ഞു. ഈ വിമത എം.എൽ.എമാർ പിന്നീട് ബി.ജെ.പിയിൽ ചേർന്നു. ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു.
നിലവിൽ 224 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 119 എം.എൽ.എമാരുണ്ട്. കോൺഗ്രസിന് 75ഉം ജെ.ഡി(എസിന്)28ഉം. ചുരുങ്ങിയത് 150 സീറ്റുകൾ പിടിച്ചെടുക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.ബി.ജെ.പിയും മന്ത്രിസഭയിൽ അഴിച്ചുപണി നടത്തുകയുണ്ടായി. 2021 ജൂലൈയിൽ ബി.എസ്. യെദിയൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് മാറ്റി ബസവരാജ് ബൊമ്മെയെ നിയമിച്ചായിരുന്നു ആ മാറ്റം.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കളത്തിലിറക്കിയാണ് കോൺഗ്രസിന്റെ പടയോട്ടം. സംസ്ഥാന ഘടകം പ്രസിഡന്റ് ഡി.കെ. ശിവകുമാറിന് തുല്യപ്രാധാന്യം നൽകാനും പാർട്ടി ശ്രദ്ധിക്കുന്നുണ്ട്. ബി.ജെ.പിക്കു മുന്നേ ഒരുക്കം തുടങ്ങി എന്നു കാണിച്ച് 124 സ്ഥാനാർഥികളുടെ ആദ്യ പട്ടികയും കോൺഗ്രസ് പുറത്തുവിട്ടിരുന്നു.
മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെ.ഡി-എസ് തെരഞ്ഞെടുപ്പിൽ നിർണായക പങ്ക് വഹിക്കാൻ സാധ്യതയുണ്ട്. തൂക്കുസഭയുണ്ടായാൽ ജെ.ഡി-എസിന്റെ നിലപാട് പ്രധാനമാകും. ജെ.ഡി(എസ്) ബി.ജെ.പിയുമായും കോൺഗ്രസുമായും തുല്യ അകലമാണ് പാലിക്കുന്നത്. അതേസമയം പഴയ മൈസൂരു മേഖലയുടെ പരമ്പരാഗത ശക്തി കേന്ദ്രത്തിനപ്പുറം തങ്ങളുടെ അടിത്തറ വികസിപ്പിക്കാനും അവർ ശ്രമിക്കുന്നു. കർഷക ക്ഷേമം, പ്രാദേശിക വികസനം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളിലും ജെ.ഡി(എസ്) ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം
കർണാടക നിയമസഭ തിരഞ്ഞെടുപ്പ് പല കാരണങ്ങളാൽ നിർണായകമാണ്. ഒന്നാമതായി ഇന്ത്യയുടെ ആഭ്യന്തര വളർച്ച നിരക്കിൽ എട്ടു ശതമാനത്തോളം സംഭാവന ചെയ്യുകയും ഐ.ടി, ബയോടെക്നോളജി, എയ്‌റോസ്‌പേസ്, പ്രതിരോധം തുടങ്ങിയ നിരവധി പ്രധാന മേഖലകൾക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലുതും സാമ്പത്തിക പ്രാധാന്യമുള്ളതുമായ ഒരു സംസ്ഥാനത്തിന്റെ രാഷ്ട്രീയ സ്ഥിരതയും ദിശയും നിർണയിക്കും.
രണ്ടാമതായി, അത് ദേശീയ രാഷ്ട്രീയത്തിലും അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും സാധ്യതകളിലും സ്വാധീനം ചെലുത്തും. മൂന്നാമതായി, വർഷങ്ങളായി വർധിച്ചുവരുന്ന മതപരമായ ധ്രുവീകരണ പ്രചാരണങ്ങളും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുസ്‌ലിംകൾ എന്ത് ധരിക്കുന്നു, കഴിക്കുന്നു, എവിടെ വ്യാപാരം നടത്താം എന്നതിന്റെ പേരിൽ ലക്ഷ്യമിടുന്നത് മുതൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ വരെ ഉദാഹരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.