ചാമരാജ്നഗറിൽ ബി.ജെ.പി വിയർക്കുന്നു
text_fieldsചാമരാജ്നഗർ: കേരളത്തിന്റെ അതിർത്തിപ്രദേശമായ മുത്തങ്ങ കഴിഞ്ഞാൽ പിന്നെ കർണാടകയിലെ ചാമരാജ് നഗർ ജില്ലയായി. കോൺഗ്രസിന്റെയും ജെ.ഡി.എസിന്റെയും ശക്തികേന്ദ്രമായ പഴയ മൈസൂരു മേഖലയിൽ ഇത്തവണ കൂടുതൽ സീറ്റ് പിടിക്കുകയെന്ന ലക്ഷ്യത്തോടെ ബി.ജെ.പി സർവശക്തിയുമെടുക്കുമ്പോൾ ചാമരാജ്നഗർ ജില്ലക്ക് അതീവ പ്രാധാന്യം കൈവരുന്നു.
ചാമരാജ്നഗർ, ഗുണ്ടൽപേട്ട് മണ്ഡലങ്ങളിൽ ശക്തമായ വെല്ലുവിളിയാണ് ബി.ജെ.പി നേരിടുന്നത്. ബി.ജെ.പിക്ക് കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണ് ജനപക്ഷം. വൊക്കലിഗ, ലിംഗായത്ത്, മുസ്ലിം, ദലിത് വോട്ടുകൾ നിർണായകമാണ്.
സുൽത്താൻ ബത്തേരി വഴി വരുമ്പോൾ കേരളാതിർത്തി കഴിഞ്ഞാൽ പിന്നെ ഗുണ്ടൽപേട്ട് മണ്ഡലം തുടങ്ങുകയായി. കൃഷിയും കച്ചവടവുമൊക്കെയായി മലയാളികൾക്ക് ഏറെ സുപരിചിതമായ സ്ഥലമാണിത്. സിറ്റിങ് എം.എൽ.എയായ നിരഞ്ജൻകുമാറിനെയാണ് ബി.ജെ.പി വീണ്ടും രംഗത്തിറക്കിയത്.
കോൺഗ്രസിന്റെ എച്ച്.എം. ഗണേഷ് പ്രസാദിൽനിന്ന് കടുത്ത മത്സരമാണ് നിരഞ്ജൻ നേരിടുന്നത്. മണ്ഡലത്തിൽനിന്ന് അഞ്ചു തവണ വിജയിച്ച മുൻ എം.എൽ.എ അന്തരിച്ച എച്ച്.എസ്. മഹാദേവപ്രസാദിന്റെ മകനാണ് ഗണേഷ്.
ആഭ്യന്തരമന്ത്രി അമിത് ഷാ തിങ്കളാഴ്ച ഇവിടെ നടത്തിയ റാലിക്ക് പോലും ആളുകളെ പണം കൊടുത്താണ് എത്തിച്ചതെന്നാണ് വോട്ടർമാർ പ്രതികരിച്ചത്. തൊഴിലില്ലായ്മയും വികസനമില്ലായ്മയും മൂലം ജനം പൊറുതിമുട്ടുകയാണ്. ഗ്രാമപ്രദേശങ്ങളിൽ കോൺഗ്രസ് ഭരണത്തിലിരുന്നപ്പോൾ പണിതുനൽകിയ വീടുകളാണുള്ളത്.
ഇക്കാര്യത്തിൽ ബി.ജെ.പി ഭരണത്തിൽ ഒരുവിധ നേട്ടവും ഉണ്ടായിട്ടില്ലെന്നും റാലിയിൽ പങ്കെടുത്തവർതന്നെ പറഞ്ഞു. ഇത്തവണ കോൺഗ്രസിനും ബി.ജെ.പിക്കും ‘ഫിഫ്റ്റി ഫിഫ്റ്റി’ സാധ്യതയാണെന്നാണ് ബി.ജെ.പിയുടെ സജീവ പ്രവർത്തകനായ ഗോപാൽകൃഷ്ണ പറഞ്ഞത്.
‘എതിർ സ്ഥാനാർഥി ശക്തനാണ്. പക്ഷേ, ദേശീയ തലത്തിൽ മോദി സർക്കാറാണ് മികച്ചതെന്ന് പറയാനും അദ്ദേഹത്തിന്റെ സംഘ്പരിവാർ മനസ്സ് മടിച്ചില്ല. ബി.ജെ.പി വിരുദ്ധവികാരമാണ് മണ്ഡലത്തിലെ ജനത്തിനെന്ന് ഗുണ്ടൽപേട്ടിലെ വോട്ടറായ രംഗപ്പയും പറയുന്നു.
മറ്റൊരു പ്രധാന മണ്ഡലമായ ചാമരാജ്നഗറിലും സമാനമാണ് സ്ഥിതി. ബി.ജെ.പി സ്ഥാനാർഥിയായ ഹൗസിങ് മന്ത്രി വി. സോമണ്ണ മുൻമന്ത്രിയും സിറ്റിങ് എം.എൽ.എയുമായ കോൺഗ്രസിന്റെ സി. പുട്ടരംഗ ഷെട്ടിയിൽനിന്ന് വൻ വെല്ലുവിളിയാണ് നേരിടുന്നത്. ഉപ്പര സമുദായാംഗമാണ് പുട്ടരംഗ ഷെട്ടി.
2018ലാണ് ആദ്യമായി ഈ മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് ജയിക്കാനായത്. കൊല്ലഗൽ, ഹനൂർ എന്നീ മണ്ഡലങ്ങളും ജില്ലയിലുണ്ട്. കൊല്ലഗലിൽനിന്ന് കഴിഞ്ഞതവണ ബി.എസ്.പി ടിക്കറ്റിൽ ജയിച്ച എൻ. മഹേഷ് പിന്നീട് ബി.ജെ.പിയിൽ എത്തുകയായിരുന്നു. കോൺഗ്രസിന്റെ ആർ. നരേന്ദ്രയാണ് ഹനൂറിലെ സിറ്റിങ് എം.എൽ.എ. ജെ.ഡി.എസും ശക്തമായ സാന്നിധ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.