കർണാടക: ബി.ജെ.പി അണികൾ തെരുവിൽ; വിമതനീക്കം ശക്തം
text_fieldsബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിനുള്ള 189 പേരുടെ ഒന്നാംഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കിയതിനു പിന്നാലെ കർണാടക ബി.ജെ.പിയിൽ വിമതനീക്കം ശക്തം. മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി, മുൻ മന്ത്രിയും എം.എൽ.സിയുമായ ആർ. ശങ്കർ എന്നിവർ രാജി പ്രഖ്യാപിച്ചു.
സീറ്റ് നിഷേധിക്കപ്പെട്ട മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ എന്നിവരുടെ അനുയായികൾ തെരുവിലിറങ്ങി. ബി.എസ്. യെദിയൂരപ്പയുടെ അടുത്ത അനുയായിയാണ് 67 കാരനായ ജഗദീഷ് ഷെട്ടാർ. തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ തന്നോട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായും എന്നാൽ, എന്തുവിലകൊടുത്തും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
99 ശതമാനവും ഷെട്ടാറിന് ടിക്കറ്റ് നൽകുമെന്ന് യെദിയൂരപ്പ പ്രതികരിച്ചു. ബുധനാഴ്ച പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡ, പ്രൾഹാദ് ജോഷി എന്നിവരുമായി ഷെട്ടാർ ചർച്ച നടത്തി.
ശിവമൊഗ്ഗയിൽ കെ.എസ്. ഈശ്വരപ്പക്ക് ഐക്യദാർഢ്യവുമായി മേയറും ഡെപ്യൂട്ടി മേയറുമടക്കം 19 ബി.ജെ.പി കൗൺസിലർമാർ രാജി പ്രഖ്യാപിച്ചു. ക്ഷേത്ര പരിസരങ്ങളിൽ മുസ്ലിം കച്ചവടക്കാരെ വിലക്കുന്നതിനെ എതിർത്ത ബെളഗാവി എം.എൽ.എ അനിൽ ബനാകെയെയും ബി.ജെ.പി ഒഴിവാക്കി.
അനിലിന്റെ അനുയായികൾ ബുധനാഴ്ച ബെളഗാവി നഗരത്തിലെ റാണി ചെന്നമ്മ സർക്കിൾ ഉപരോധിച്ചു. ബെളഗാവി അതാനിയിൽ സീറ്റ് നിഷേധിക്കപ്പെട്ട മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി കോൺഗ്രസിൽ ചേർന്നേക്കും. വ്യാഴാഴ്ച അനുയായികളുമായി കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് രാജു കാഗെ സവാദിയുമായി ചർച്ച നടത്തി.
ഉഡുപ്പിയിൽ ഹിജാബ് വിവാദത്തിന് തുടക്കമിട്ട എം.എൽ.എ രഘുപതി ഭട്ടിനും സീറ്റുറപ്പിക്കാനായില്ല. ഭട്ട് പ്രസിഡന്റായ സ്കൂൾ സംരക്ഷണ സമിതിയായിരുന്നു ഹിജാബിനെതിരെ കടുത്ത നിലപാടെടുത്ത് ആദ്യം വിദ്യാർഥികളെ പുറത്താക്കിയത്. പാർട്ടി തീരുമാനം ഏറെ വേദനിപ്പിച്ചെന്നും സ്വതന്ത്രനായി മത്സരിക്കുമെന്നുമാണ് ഭട്ടിന്റെ പ്രഖ്യാപനം.
ദക്ഷിണ കന്നഡ സുള്ള്യയിൽനിന്നുള്ള മന്ത്രിയും ആറു തവണ എം.എൽ.എയുമായ എസ്. അംഗാരയും തഴയപ്പെട്ടതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു.
10 സിറ്റിങ് എം.എൽ.എമാരെ ഒഴിവാക്കിയും 52 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയുമാണ് ബി.ജെ.പി ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കിയത്. കോൺഗ്രസിൽനിന്നും ജെ.ഡി-എസിൽനിന്നും കൂറുമാറിയെത്തിയ 11 എം.എൽ.എമാരടക്കം 90 സിറ്റിങ് എം.എൽ.എമാരെയും നിലനിർത്തി.
189 പേരുടെ ആദ്യ പട്ടികയിൽ ഒരു മുസ്ലിം സ്ഥാനാർഥി പോലും ഇല്ല. ഇനിയും സീറ്റുകൾ ബാക്കിയുണ്ടെന്നും പാർട്ടി ഇക്കാര്യം പരിശോധിക്കുമെന്നുമായിരുന്നു എം.പിയും യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യയുടെ ഇതേക്കുറിച്ചുള്ള പ്രതികരണം. മേയ് 10ന് 224 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് കോൺഗ്രസ് 166 സീറ്റുകളിലേക്കും ജെ.ഡി-എസ് 93 സീറ്റിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.
കോൺഗ്രസ് നേതാവിന്റെ മകൾ ബി.ജെ.പിയിൽ
ബംഗളൂരു: കോൺഗ്രസിന്റെ മുതിർന്ന നേതാവ് കാഗോഡു തിമ്മപ്പയുടെ മകൾ ഡോ. രാജനന്ദിനി ബി.ജെ.പിയിൽ ചേർന്നു. ശിവമൊഗ്ഗയിലെ സാഗർ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ ഡോ. രാജനന്ദിനി താൽപര്യം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ, മുൻ എം.എൽ.എ ബേലൂർ ഗോപാലകൃഷ്ണക്കാണ് സീറ്റ് നൽകിയത്. ഇതോടെ അവർ ബി.എസ്. യെദിയൂരപ്പയെ കണ്ട് ബി.ജെ.പിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചു. ബുധനാഴ്ച മല്ലേശ്വരത്തെ പാർട്ടി ഓഫിസിൽ നടന്ന ചടങ്ങിൽ ബി.ജെ.പി നേതാവ് ബി.എസ്. യെദിയൂരപ്പ പാർട്ടി പതാക കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.