സീറ്റ് കിട്ടിയില്ല, കർണാടക കോൺഗ്രസിൽ നേതാക്കൾ പോരുതുടങ്ങി
text_fieldsബംഗളൂരു: മേയ് പത്തിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കിയതോടെ കോൺഗ്രസിൽ പോരുതുടങ്ങി. സീറ്റ് കിട്ടാത്ത നേതാക്കൾ ഭാവിപരിപാടി തീരുമാനിക്കാൻ മണ്ഡലങ്ങളിലെ അനുയായികളുടെ യോഗം വിളിക്കുകയാണ്. ജെ.ഡി.എസിലേക്ക് കൂടുമാറാനുള്ള പുറപ്പാടിലാണ് ചിലർ. വ്യാഴാഴ്ചയാണ് കോൺഗ്രസ് 42 പേരുടെ രണ്ടാംഘട്ട പട്ടിക പുറത്തിറക്കിയത്. 124 മണ്ഡലങ്ങളിലേക്കുള്ള ആദ്യപട്ടിക നേരത്തേ പുറത്തിറക്കിയിരുന്നു.
ഇനി 58 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിക്കേണ്ടത്. മറ്റ് പാർട്ടികളിൽനിന്ന് എത്തിയവർക്ക് സീറ്റ് നൽകുന്നതിനെതിരെ നേരത്തേതന്നെ എതിർപ്പുയർന്നിരുന്നു. എന്തുവിലകൊടുത്തും ഭരണം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് പാർട്ടിയെന്നതിനാലാണ് എതിർപ്പ് പരസ്യമാകാതിരുന്നത്. എന്നാൽ, രണ്ടാം പട്ടിക വന്നതോടെ സ്ഥിതി മാറി.
ഉഡുപ്പി മണ്ഡലത്തിൽ സീറ്റ് കിട്ടാത്തതിനാൽ കോൺഗ്രസ് നേതാവ് കൃഷ്ണ മൂർത്തി ആചാരി പാർട്ടി വിട്ടു. സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനം. ഇവിടെ ബിസിനസുകാരനായ പ്രസാദ് രാജ് കഞ്ചനാണ് കോൺഗ്രസ് സ്ഥാനാർഥി. ചിത്രദുർഗ മണ്ഡലത്തിൽ സീറ്റ് കിട്ടാത്ത മുൻ എം.എൽ.സി രഘു അച്ചാർ ഏപ്രിൽ 14ന് ജെ.ഡി.എസിൽ ചേരുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. സുഹൃത്ത് കെ.സി. വീരേന്ദ്ര (പപ്പി) വഴി രഘുവിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് ശ്രമം വിജയിച്ചില്ല. ചിത്രദുർഗയിൽനിന്നുതന്നെയുള്ള മറ്റൊരു നേതാവായ എസ്.കെ. ബസവരാജനും കോൺഗ്രസ് വിടാൻ തീരുമാനിച്ചിട്ടുണ്ട്.
മാണ്ഡ്യയിൽനിന്നുള്ള കെ.കെ. രാധാകൃഷ്ണ മണ്ഡലത്തിലുടനീളം പര്യടനം നടത്തി 13ന് തീരുമാനമെടുക്കുമെന്നും അറിയിച്ചു. പി. രവികുമാറിനാണ് കോൺഗ്രസ് മാണ്ഡ്യയിൽ സീറ്റ് നൽകിയത്.
കാടൂർ മണ്ഡലത്തിൽ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ട മുൻ എം.എൽ.എ വൈ.എസ്.വി. ദത്തയും കടുത്ത അമർഷത്തിലാണ്. ഞായറാഴ്ച ഇദ്ദേഹം തന്നെ പിന്തുണക്കുന്നവരുടെ യോഗം വിളിച്ചിട്ടുണ്ട്. അടുത്തിടെയാണ് ജെ.ഡി.എസ് വിട്ട് കോൺഗ്രസിൽ എത്തിയത്. കെ.എസ്. ആനന്ദാണ് കാടൂരിൽ കോൺഗ്രസ് സ്ഥാനാർഥി. ജെ.ഡി.എസ് പരമോന്നത നേതാവായ എച്ച്.ഡി. ദേവഗൗഡയുമായി ഏറെ അടുപ്പമുള്ളയാളാണ് ദത്ത. ധാർവാഡിൽ സീറ്റ് കിട്ടാത്ത ഇസ്മായിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്.
ബെളഗാവിയിലെ ഗോകകിൽ അശോക് പൂജാരിക്ക് സീറ്റ് നൽകാത്തതിനെത്തുടർന്ന് അനുയായികൾ പ്രകടനം നടത്തി. ഇവിടെ പൂജാരി സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പുതുമുഖമായ മഹന്തേഷ് കാഡാഡിയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി. സൗദത്തി മണ്ഡലത്തിൽ സൗരഭ് ചോപ്ര, നിപ്പാനിയിൽ ഉത്തംപട്ടേൽ തുടങ്ങിയ കോൺഗ്രസ് നേതാക്കളും സ്വതന്ത്രരായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, പുലികേശി നഗർ മണ്ഡലം കോൺഗ്രസ് എം.എൽ.എയായ ആർ. അഖണ്ഡ ശ്രീനിവാസ് അടക്കമുള്ള നേതാക്കൾ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെ കണ്ടിട്ടുണ്ട്. ഭോവി സമുദായത്തിന് അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നും സമുദായത്തിലുള്ളവർക്ക് സീറ്റ് നൽകണമെന്നും ആവശ്യപ്പെട്ട് അഖില കർണാടക ഭോവി ഗുരുപീഠത്തിലെ സ്വാമി ഇമ്മദി സിദ്ധരാമേശ്വരയും പ്രതിപക്ഷ നേതാവിനെ കണ്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.