കർണാടകയുടെ കൂടപ്പിറപ്പായി രാഷ്ട്രീയ അസ്ഥിരത
text_fieldsബംഗളൂരു: തെരഞ്ഞെടുപ്പിനുശേഷം സഖ്യ രൂപവത്കരണം, പിന്നെ അധികാരത്തർക്കം, അതുകഴിഞ്ഞ് രാഷ്ട്രപതി ഭരണം. ഇതിനിടയിൽ കുതിരക്കച്ചവടവും കാലുവാരലും റിസോർട്ട് രാഷ്ട്രീയവും... ഇതെല്ലാം ചേർന്നുള്ള രാഷ്ട്രീയ അസ്ഥിരത കർണാടകയുടെ ചരിത്രത്തിെൻറ ഭാഗമാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ആറുതവണയാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. ഇവയിലേറെയും ഭരണപ്രതിസന്ധിയെ തുടർന്നാണ്. 1971 (ഒരു വർഷം), 1977 (59 ദിവസം), 1989 (193 ദിവസം), 1970 (ഏഴുദിവസം), 2007 (33 ദിവസം), 2007-(189 ദിവസം) എന്നീ ഘട്ടങ്ങളിലാണ് കർണാടക രാഷ്ട്രപതി ഭരണത്തിെൻറ ഭാഗമായത്.
ബി.ജെ.പികൂടി കർണാടകയിലെ രാഷ്ട്രീയ ഗോദയിലെത്തിയതോടെ മുമ്പുള്ളതിനേക്കാൾ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാണിപ്പോൾ. യെദിയൂരപ്പയുടെ നേതൃത്വത്തിൽ കർണാടകയിൽ ബി.ജെ.പി നിർണായകശക്തി ആയ അന്നുമുതൽ ഭരണപ്രതിസന്ധിയും കൂട്ടിനുണ്ട്. തൂക്കുസഭയും അതിനെത്തുടർന്നുള്ള കുതിരക്കച്ചവടവും പിന്നീട് രാഷ്ട്രപതി ഭരണവും വരെ നേരിട്ട 2004 മുതൽ 2012വരെയുള്ള കർണാടക രാഷ്ട്രീയം 2018ലും ആവർത്തിക്കുകയാണ്.
2004ൽ 79 സീറ്റുകൾ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോൺഗ്രസും ജെ.ഡി.എസും ഒന്നിച്ചു. കോൺഗ്രസിെൻറ എൻ. ധരംസിങ് മുഖ്യമന്ത്രിയായും അന്ന് ജെ.ഡി.എസിലായിരുന്ന സിദ്ധരാമയ്യ ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റു. എന്നാൽ, 2006ൽ സഖ്യം പൊളിഞ്ഞു. ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി കോൺഗ്രസിനുള്ള പിന്തുണ പിൻവലിച്ചു. അധികാരമോഹവുമായി ബി.ജെ.പിയുമായി സഖ്യം രൂപവത്കരിച്ച് കുമാരസ്വാമി മുഖ്യമന്ത്രിയായി. ബി.എസ്. യെദിയൂരപ്പ ഉപമുഖ്യമന്ത്രിയുമായി.
അധികം വൈകാതെ അധികാരത്തർക്കത്തിെൻറ പേരിൽ ബി.ജെ.പിയും ജെ.ഡി.എസും തമ്മിൽതെറ്റി. 2007 ഒക്ടോബർ രണ്ടിന് ബി.ജെ.പി മന്ത്രിമാർ രാജിവെച്ചതിനെതുടർന്ന് അധികാരം നിലനിർത്താൻ കുമാരസ്വാമി ഗവർണറെ കണ്ട് ഭൂരിപക്ഷം തെളിയിക്കാനുള്ള കത്തുനൽകി. എന്നാൽ, ബി.ജെ.പി പിന്തുണ പിൻവലിച്ചതോടെ കുമാരസ്വാമി രാജിവെക്കാൻ നിർബന്ധിതനായി. 2007 ഒക്ടോബർ ഒമ്പതിന് ഗവർണർ കർണാടകയിൽ രാഷ്ട്രപതി ഭരണവും ഏർപ്പെടുത്തി.
കോൺഗ്രസുമായി ചേർന്ന് ജെ.ഡി.എസ് സർക്കാറുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ ബി.ജെ.പി വീണ്ടും കളത്തിലിറങ്ങി. തുടർന്ന് ജെ.ഡി.എസും ബി.ജെ.പിയും വീണ്ടും സഖ്യംചേർന്ന് യെദിയൂരപ്പക്ക് മുഖ്യമന്ത്രിയാകാനുള്ള വഴിയൊരുക്കി. അങ്ങനെ ദക്ഷിണേന്ത്യയിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ നിലവിൽവന്നു. എന്നാൽ, അധികാരം കൈമാറുന്നതുമായി ബന്ധപ്പെട്ട കരാറിൽ ബി.ജെ.പി ഒപ്പുവെക്കാത്തതിനെത്തുടർന്ന് ജെ.ഡി.എസ് വീണ്ടും ഇടഞ്ഞു. ഇതോടെ, ഏട്ടുദിവസം മാത്രം നീണ്ട ബി.ജെ.പി ഭരണം അവസാനിച്ചു. വീണ്ടും രാഷ്ട്രപതി ഭരണം.
തുടർന്ന് 2008ലെ തെരഞ്ഞെടപ്പിൽ 110 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി മാറി. കേവല ഭൂരിപക്ഷത്തിനായി മൂന്നു സീറ്റുകളാണ് വേണ്ടതെങ്കിലും ‘ഒാപറേഷൻ താമര’യിലൂടെ പ്രതിപക്ഷത്തെ ഏഴോളം എം.എൽ.എമാരെ ബി.ജെ.പിയുടെ പാളയത്തിലെത്തിച്ചു. ഇതിൽ അഞ്ചുപേർക്ക് ഉപതെരഞ്ഞെടുപ്പിൽ സീറ്റും നൽകി. അങ്ങനെയാണ് 224 അംഗസഭയിൽ ബി.ജെ.പി 115 സീറ്റുമായി ഭൂരിപക്ഷം ഉറപ്പാക്കി െയദിയൂരപ്പ മുഖ്യമന്ത്രിയാകുന്നത്. എന്നാൽ, 2009ൽ ബെള്ളാരിയിൽനിന്നുള്ള മന്ത്രിമാരായ റെഡ്ഡി സഹോദരന്മാരും ബി. ശ്രീരാമുലുവും യെദിയൂരപ്പക്കെതിരെ രംഗത്തുവന്നു.ബെള്ളാരി മന്ത്രിമാരും യെദിയൂരപ്പയും തമ്മിലുള്ള തർക്കം രൂക്ഷമായി. അഴിമതി ആരോപണത്തെത്തുടർന്ന് യെദിയൂരപ്പ രാജിവെച്ചു. സദാനന്ദഗൗഡ മുഖ്യമന്ത്രിയായി.
2012ൽ യെദിയൂരപ്പക്കെതിരെയുള്ള കേസ് മുറുകിയതോടെ മന്ത്രിസഭയിൽനിന്ന് അദ്ദേഹത്തെ അനുകൂലിച്ച് എട്ടുമന്ത്രിമാർ രാജിവെച്ചു. യെദിയൂരപ്പയുടെ സമ്മർദത്തിെൻറ ഫലമായി ബി.ജെ.പി സദാനന്ദ ഗൗഡയെ മാറ്റി ജഗദീഷ് ഷെട്ടാറിനെ മുഖ്യമന്ത്രിയാക്കി. പിന്നീട് 2013ൽ 122 സീറ്റുകളുമായി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചുവന്ന കോൺഗ്രസാണ് അഞ്ചുവർഷത്തിനിപ്പുറം 78 സീറ്റുകളിലേക്ക് ചുരുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.