കോൺഗ്രസിന് പിന്തുണയുമായി വീരശൈവ ലിംഗായത്ത് ഫോറം
text_fieldsബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് രണ്ടുനാൾ മാത്രം ശേഷിക്കെ, കോൺഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചുള്ള കർണാടക ലിംഗായത്ത് മഠ വീരശൈവ വിചാര ഫോറത്തിന്റെ തീരുമാനം ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടിയാവും.
പ്രചാരണത്തിൽ പിന്നിലായ ബി.ജെ.പി വർഗീയ കാർഡുമായി വോട്ടുറപ്പിക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് കർണാടകയിലെ പ്രബല സമുദായമായ ലിംഗായത്തുകളിൽ ഒരു വിഭാഗം കോൺഗ്രസിന് പിന്തുണയുമായി രംഗത്തുവന്നത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ടുചെയ്യാൻ ലിംഗായത്ത് സമുദായത്തോട് ഫോറം അഭ്യർഥിച്ചു.
കോൺഗ്രസിന്റെ മുതിർന്ന നേതാവും അഖില ഭാരത വീരശൈവ മഹാസഭ അഖിലേന്ത്യ അധ്യക്ഷനുമായ ഷാമന്നൂർ ശിവശങ്കരപ്പയും ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ ലിംഗായത്ത് നേതാവ് ജഗദീഷ് ഷെട്ടാറും കഴിഞ്ഞദിവസം ഹുബ്ബള്ളിയിൽ മൂരുസവിർ മഠത്തിൽവെച്ച് ലിംഗായത്ത് മഠാധിപതികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിനുപിന്നാലെയാണ് വീരശൈവ ലിംഗായത്ത് ഫോറം ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ജനസംഖ്യയിൽ 17 ശതമാനം വരുന്നതാണ് ലിംഗായത്ത് സമുദായം. ഇവരിൽ ഹിന്ദു ആചാരങ്ങളിൽ പലതും ഉൾക്കൊള്ളുന്ന പാരമ്പര്യ വാദികളാണ് വീരശൈവ ലിംഗായത്തുകൾ. തങ്ങൾ ഹിന്ദുമതത്തിന്റെ ഭാഗമല്ലെന്നും ലിംഗായത്ത് പ്രത്യേക മതമാണെന്നും വാദിക്കുന്ന പരിഷ്കരണ വാദികളാണ് മറുവിഭാഗം.
കല്യാണ കർണാടക (ഹൈദരാബാദ് -കർണാടക), കിറ്റൂർ കർണാടക (മുംബൈ-കർണാടക), മധ്യ കർണാടക മേഖലകളിൽ ലിംഗായത്തുകളുടെ സ്വാധീനം നിർണായകമാണ്. ഈ മേഖലകളിലെ 17 ജില്ലകളിലായി 118 സീറ്റുകളാണുള്ളത്. 2018ലെ തെരഞ്ഞെടുപ്പിൽ ഇതിൽ 75 സീറ്റുകളിൽ ബി.ജെ.പിയും 37 സീറ്റുകളിൽ കോൺഗ്രസും ആറ് സീറ്റുകളിൽ ജെ.ഡി-എസുമാണ് ജയിച്ചത്. ലിംഗായത്ത് സമുദായത്തിൽനിന്ന് ഇതുവരെ ഒമ്പത് മുഖ്യമന്ത്രിമാർ കർണാടകയെ നയിച്ചിട്ടുണ്ട്.
പൊതുവെ ബി.ജെ.പിയുടെ വോട്ടുബാങ്കായ ലിംഗായത്തുകൾ 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 104 സീറ്റുമായി ബി.ജെ.പിയെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. എന്നാൽ, സമുദായത്തിലെ അനിഷേധ്യ രാഷ്ട്രീയ നേതാവായ ബി.എസ്. യെദിയൂരപ്പയെ മുഖ്യമന്ത്രി പദവിയിൽനിന്ന് ഒരുവർഷത്തിനുശേഷം 2021 ജൂലൈയിൽ ബി.ജെ.പി നിർബന്ധപൂർവം മാറ്റിയതും സ്ഥാനാർഥി പട്ടികയിൽ ജഗദീഷ് ഷെട്ടാർ, ലക്ഷ്മൺ സവാദി, നെഹ്റു ഒലേകർ, എൻ.വൈ. ഗോപാലകൃഷ്ണ തുടങ്ങിയ ലിംഗായത്ത് നേതാക്കളെ തഴഞ്ഞതും അടക്കമുള്ള വിഷയങ്ങൾ ലിംഗായത്തുകളിൽ നീരസമുണ്ടാക്കി.
ഷെട്ടാറും സവാദിയും കോൺഗ്രസിൽ ചേർന്നത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരുന്നു. ലിംഗായത്ത് ആധിപത്യത്തിൽനിന്ന് ബി.ജെ.പിയെ മാറ്റാനുള്ള ഓർഗനൈസിങ് ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ നീക്കമാണ് തന്റെ സീറ്റ് നിഷേധത്തിന് പിന്നിലെന്ന് ജഗദീഷ് ഷെട്ടാർ തുറന്നടിക്കുകയും ചെയ്തു.
എഴുപതിലേറെ പുതുമുഖങ്ങളെ സ്ഥാനാർഥി പട്ടികയിൽ അണിനിരത്തിയ ബി.എൽ. സന്തോഷിന്റെ നീക്കം തലമുറമാറ്റമെന്ന പേരിൽ പാർട്ടിയിലും ഭരണത്തിലും ബ്രാഹ്മണ മേധാവിത്വം കൊണ്ടുവരാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, ലിംഗായത്തുകളെ തഴഞ്ഞുള്ള ബി.ജെ.പിയുടെ അമിത ആത്മവിശ്വാസം തിരിച്ചടിയാകുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.