വോട്ട് ചെയ്തോ? എങ്കിൽ ചായ മുതൽ ഇൻറർനെറ്റ് വരെ സൗജന്യം
text_fieldsബംഗളൂരു: ശനിയാഴ്ച പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്ന വോട്ടർമാർക്കായി സൗജന്യ ഒാഫറുകൾ പ്രഖ്യാപിച്ച് വ്യാപാര സ്ഥാപനങ്ങൾ. ജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് യുവതീയുവാക്കൾക്കിടയിൽ തെരഞ്ഞെടുപ്പിെൻറ പ്രാധാന്യം അറിയിക്കാനും വോട്ടിങ്ങിനെ പ്രോത്സാഹിപ്പിക്കാനുമാണ് ആദ്യമായി വോട്ടു ചെയ്യുന്നവർക്കും മറ്റുള്ള വോട്ടർമാർക്കും കടകളിൽ ആനുകൂല്യം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. വോട്ടിങ് ദിവസമായ ശനിയാഴ്ച രാജാജി നഗർ സെക്കൻഡ് സ്റ്റേജിലെ സൈബർ കഫേയിൽ വോട്ടർമാർക്ക് സൗജന്യ ഇൻറർനെറ്റ് സൗകര്യമാണ് നൽകുക.
കൂടാതെ, ഒരു പേജിന് 25 പൈസ നിരക്കിൽ ഫോട്ടോസ്റ്റാറ്റും എടുത്തുനൽകും. ഒരു രൂപയാണ് സാധാരണ നിരക്ക്. യുവാക്കളെ വോട്ട് ചെയ്യാൻ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈബർ കഫേ ഉടമ എസ്. വിശ്വേശ്വര അയ്യർ പുതിയ സേവനം ലഭ്യമാക്കുന്നത്.
നൃപതുംഗ റോഡിലെ നിസർഗ ഗ്രാൻഡ് പ്യൂവർ ഹോട്ടലിൽ കന്നി വോട്ടർമാർക്ക് സൗജന്യമായി മസാല ദോശയാണ് നൽകുക. വോട്ടർ തിരിച്ചറിയിൽ കാർഡും മഷി പുരട്ടിയ കൈവിരലും കാണിച്ചാൽ രുചിയുള്ള മസാലദോശ കന്നിവോട്ടർമാർക്ക് ഇവിടെനിന്നും കഴിക്കാം. മറ്റു വോട്ടർമാർക്ക് ഇവിടെനിന്നും സൗജന്യമായി കാപ്പിയും നൽകും.
വാസുദേവ അഡിഗയുടെ 20 കടകളിലും സൗജന്യ കാപ്പി വോട്ടർമാർക്ക് നൽകും. എന്തായാലും വോട്ടുചെയ്തു ക്യൂനിന്ന് ക്ഷീണിച്ചാലും അതുകഴിഞ്ഞാൾ നല്ല കാപ്പിയും മസാലദോശയും ഒക്കെ കഴിച്ച് വീട്ടിലെത്താം.
ഭക്ഷണത്തിനും ഇൻറർനെറ്റിനും പുറമെ കോൺഫെഡറേഷൻ ഒാഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ)യുടെ ഭാഗമായ യങ് ഇന്ത്യൻസ് ബംഗളൂരുവിെൻറ ഷോ ദി ഇങ്ക് പ്രചാരണ പരിപാടിയുടെ ഭാഗമായി ബംഗളൂരു അപാർട്ട്മെൻറ് അസോസിയേഷെൻറ സഹകരണത്തോടെ വിവിധ സ്ഥാപനങ്ങളിൽ ഡിസ്കൗണ്ടുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ശങ്കരണ കണ്ണാശുപത്രി, ആനന്ദ് സ്വീറ്റ്സ്, ഇൻലിംഗ്വ, ബോഡി ക്രാഫ്റ്റ് സലൂൺ, ഒറിഗാമി തുടങ്ങിയ പത്തിലേറെ സ്ഥാപനങ്ങളാണ് വോട്ടു ചെയ്തുവരുന്നവർക്ക് പല ഒാഫറുകളും നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.