കർണാടകയിൽ 80 കഴിഞ്ഞവർക്ക് ``വോട്ട് അറ്റ് ഹോം'' പരീക്ഷിക്കും-കേന്ദ്ര കമ്മീഷൻ
text_fieldsമംഗളൂരു: രാജ്യത്ത് ആദ്യമായി കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ 80 വയസ്സ് കഴിഞ്ഞവർക്ക് വീട്ടിൽ വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജീവ് കുമാർ. മൂന്ന് ദിവസമായി സംസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചകളിലാണ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്.
പോളിംങ് ബൂത്തിലെത്താൻ സന്നദ്ധരായവരെ വോട്ട് അറ്റ് ഹോം സംവിധാനത്തിന് നിർബന്ധിക്കില്ല. വീട്ടിൽ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പകർത്തും.
എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പുതിയ സംവിധാനം സംബന്ധിച്ച് വിശദ വിവരങ്ങൾ നൽകും. വികലാംഗർക്ക് വോട്ട് രേഖപ്പെടുത്താനായി `സാക്ഷം' മൊബൈൽ ആപ്ലിക്കേഷനും സ്ഥാനാർഥികൾക്ക് പത്രിക സമർപ്പിക്കാൻ `സുവിധ' മൊബൈൽ ഫോൺ ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്. ഇതും കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാം. സ്ഥാനാർത്ഥികൾക്ക് പൊതുയോഗങ്ങൾക്കും റാലികൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി തേടേണ്ടത് സുവിധ ആപ് വഴിയാവും.
നിങ്ങളുടെ സ്ഥാനാർത്ഥിയെ അറിയുക(കെവൈസി) പ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തും.കുറ്റവാളി പശ്ചാത്തലത്തലമുള്ളവരെ സ്ഥാനാർത്ഥികളാക്കുന്ന രാഷ്ട്രീയ പാർട്ടികൾ അതിന്റെ വിശദാംശങ്ങൾ സമൂഹ മാധ്യമ പ്ലാറ്റ്ഫോമിൽ വോട്ടർമാർക്ക് നൽകേണ്ടിവരുമെന്ന് കമ്മീഷൻ ഉണർത്തി.
കർണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിൽ 36 സീറ്റുകൾ പട്ടിക ജാതി വിഭാഗത്തിനും 15 എണ്ണം പട്ടിക വർഗ്ഗത്തിനും സംവരണം ചെയ്തതായി കമ്മീഷൻ അറിയിച്ചു.5.21കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.നിലവിലുള്ള നിയമസഭയുടെ കാലാവധി തീരുന്ന മെയ് 24ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.