മധ്യ കർണാടക പ്രവചനാതീതം; ബലാബലത്തിൽ കോൺഗ്രസും ബി.ജെ.പിയും
text_fieldsബംഗളൂരു: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഗണ്യമായ സീറ്റുകൾ നൽകിയ മലനാട്, മധ്യകർണാടക മേഖലയിൽ ഇത്തവണ കാറ്റ് തിരിഞ്ഞുവീശുമെന്നാണ് പ്രീ-പോൾ സർവേ ഫലം. മേഖലയിൽ 41 ശതമാനം വോട്ടുകൾ കോൺഗ്രസിലേക്കൊഴുകുമെന്നും ബി.ജെ.പി 38 ശതമാനം വോട്ടിലൊതുങ്ങുമെന്നുമാണ് പ്രവചനം. 2018 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 21 മണ്ഡലങ്ങളും ബി.ജെ.പിക്കൊപ്പംനിന്നിരുന്നു (ആകെ സീറ്റിന്റെ 81 ശതമാനം). കോൺഗ്രസ് അഞ്ചു സീറ്റിലൊതുങ്ങി (19 ശതമാനം സീറ്റ്). മേഖലയിൽ ഒരിടത്തുപോലും ജെ.ഡി-എസിന് ശക്തി തെളിയിക്കാനായില്ല. മലനാട്, മധ്യകർണാടക മേഖലയിൽ ശിവമൊഗ്ഗ, ചിക്കമഗളൂരു, ചിത്രദുർഗ, ദാവൻകരെ ജില്ലകളിലായി 26 നിയമസഭ മണ്ഡലങ്ങളാണുള്ളത്. ഇത്തവണ 25 സീറ്റാണ് മലനാട്, മധ്യകർണാടകയിലുള്ളത്. ഒരു സീറ്റ് പുതുതായി രൂപവത്കരിച്ച വിജയനഗര ജില്ലക്ക് വിട്ടുനൽകി.
ലിംഗായത്തുകളും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളും നിർണായക വോട്ടുബാങ്കാവുന്ന മേഖലയിൽ പിന്നാക്ക വിഭാഗങ്ങളെ കൂടെനിർത്തി ബി.ജെ.പിയെ നേരിടാനാണ് കോൺഗ്രസ് തന്ത്രം പയറ്റുന്നത്. മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെയും മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പയുടെയും തട്ടകം ശിവമൊഗ്ഗയാണ്. ശിവമൊഗ്ഗയിൽ പഴയ മലയാളി കുടിയേറ്റ മേഖല കൂടിയായ ഭദ്രാവതിയിൽമാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകനും മുൻ എം.എൽ.എയുമായ മധു ബംഗാരപ്പ ജെ.ഡി-എസ് വിട്ട് കോൺഗ്രസിലെത്തിയത് കോൺഗ്രസിന് നേട്ടമാണ്.
ശിവമൊഗ്ഗയിലെ സൊറാബയിൽ അദ്ദേഹം സഹോദരനും ബി.ജെ.പി എം.എൽ.എയുമായ കുമാർ ബംഗാരപ്പക്കെതിരെ മത്സരിക്കും. ബി.എസ്. യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി 2018ൽ ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടതാണ് അദ്ദേഹത്തിന്റെ സ്വാധീനമേഖലയായ മധ്യകർണാടകയിലെ ഫലത്തിൽ പ്രതിഫലിച്ചത്. യെദിയൂരപ്പയില്ലാതെ 2013ൽ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിയെ കോൺഗ്രസ് നിലംപരിശാക്കിയിരുന്നു. യെദിയൂരപ്പയില്ലാതെ മേഖലയിൽ ബി.ജെ.പി എത്രകണ്ട് മുന്നോട്ടുപോകും എന്നത് സംശയകരമാണ്.
ശിരോവസ്ത്ര വിവാദവും തുടർന്ന് നടന്ന ബജ്റംഗ് ദൾ പ്രവർത്തകന്റെ കൊലപാതകവും ഇളക്കിമറിച്ച ശിവമൊഗ്ഗ, തീരമേഖലയായ ദക്ഷിണ കന്നഡയും ഉഡുപ്പിയും പോലെ ബി.ജെ.പിയുടെ ഹിന്ദുത്വ പരീക്ഷണശാലയാണ്. സമീപ ജില്ലയായ ചിക്കമഗളൂരുവിലും ദാവൻഗരെയിലും ബി.ജെ.പി ഹിന്ദുത്വ കാർഡ് നന്നായി പയറ്റുന്നുണ്ട്. മുസ്ലിം വിരുദ്ധതക്ക് പുറമെ, ക്രിസ്ത്യൻ പ്രാർഥനാലയങ്ങൾക്കു നേരെ നടന്ന ഹിന്ദുത്വ ആക്രമണങ്ങളും മേഖലയെ അസ്വസ്ഥമാക്കുന്നു. ഭരണവിരുദ്ധ വികാരത്തെ ഹിന്ദുത്വ കാർഡ് കൊണ്ട് മറികടക്കാനാണ് ബി.ജെ.പി ശ്രമം.
യെദിയൂരപ്പയുടെ മണ്ഡലമായ ശിവമൊഗ്ഗയിലെ ശിക്കാരിപുരയിൽ ഇത്തവണ അദ്ദേഹത്തിന്റെ മകൻ ബി.വൈ. വിജയേന്ദ്രയെ മത്സരിപ്പിക്കുമെന്നാണ് വിവരം. മേഖലയിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം അരങ്ങേറുക കെ.എസ്. ഈശ്വരപ്പയുടെ മണ്ഡലമായ ശിവമൊഗ്ഗയിലാണ്. വൻ അഴിമതി ആരോപണത്തെ തുടർന്ന് മന്ത്രിസ്ഥാനം തന്നെ രാജിവെക്കേണ്ടിവന്ന ഈശ്വരപ്പ വിദ്വേഷ പ്രചാരണത്തിന് ചുക്കാൻപിടിക്കുന്ന നേതാവാണ്. അദ്ദേഹമാണോ മകൻ കെ.ഇ. കന്ദേഷാണോ സ്ഥാനാർഥിയെന്ന് തീരുമാനമായിട്ടില്ല. എന്നാൽ, ബി.ജെ.പി എം.എൽ.സി ആയന്നൂർ മഞ്ജുനാഥ് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേക്കേറിയത് ഈ മണ്ഡലത്തിൽ മത്സരിക്കാനാണ്.
ദലിത്, പിന്നാക്ക, ന്യൂനപക്ഷ വോട്ടുകൾ ക്രോഡീകരിക്കാനാണ് കോൺഗ്രസ് ശ്രമം. ദാവൻകരെയിൽ മുൻമന്ത്രിയും വീരശൈവ ലിംഗായത്ത് മഹാസഭ അഖിലേന്ത്യ അധ്യക്ഷനുമായ ഷാമന്നൂർ മഹാദേവപ്പയാണ് കോൺഗ്രസിന്റെ പ്രചാരണത്തിന് ചുക്കാൻപിടിക്കുന്നത്.
ലിംഗായത്തുകളിലെ വീരശൈവ വിഭാഗം നേതാവാണ് അദ്ദേഹം. ഒരു വിഭാഗം ലിംഗായത്തുകളുടെ വോട്ടും തങ്ങൾക്ക് ലഭിക്കുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.
കഴിഞ്ഞ ജനുവരിയിൽ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ ദാവൻകരെയിലെയും ചിത്രദുർഗയിലെയും മഠങ്ങളിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധിയും വിവിധ മഠങ്ങൾ സന്ദർശിച്ചിരുന്നു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ 75 ാം പിറന്നാൾ വൻ ആഘോഷമായാണ് ദാവൻകരെയിൽ സംഘടിപ്പിച്ചത്. ചടങ്ങിൽ പങ്കെടുത്ത ഡി.കെ. ശിവകുമാർ കോൺഗ്രസ് ഒറ്റക്കെട്ടായാണ് പ്രചാരണം നയിക്കുന്നതെന്ന സന്ദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.