കർണാടക തെരഞ്ഞെടുപ്പ്: രാഹുൽഗാന്ധിക്കും കോൺഗ്രസിനും നിർണായകം
text_fieldsബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് രാഹുൽഗാന്ധിക്കുംകോൺഗ്രസിനും നിർണായകം. എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുലിന് രാജ്യവ്യാപകമായി വലിയ പിന്തുണയാണ് ലഭിക്കുന്നത്.
അയോഗ്യത നടപടിക്ക് ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് കൂടിയാണിത്. ജയിൽ ശിക്ഷക്കും ലോക്സഭാംഗത്വത്തിൽ നിന്നുള്ള അയോഗ്യതക്കും വഴിയൊരുക്കിയ പ്രസംഗം 2019ൽ രാഹുൽ നടത്തിയത് കർണാടകയിലെ കോലാറിലായിരുന്നു. ഇതേ കോലാറിൽ നിന്നു തന്നെ വരുന്ന ഏപ്രിൽ അഞ്ചിന് അദ്ദേഹം തന്റെ തെരഞ്ഞെടുപ്പ് പ്രചാരണവും തുടങ്ങും.
ഭാരത് ജോഡോ യാത്ര കർണാടകയെ ഇളക്കിമറിച്ചിരുന്നു. രാഷ്ട്രീയ പാർട്ടിയുടെ യാത്ര എന്നതിനപ്പുറം രാഹുലിന്റെ വ്യക്തിപ്രഭാവം കൂടിയാണ് യാത്രക്ക് വൻസ്വീകരണം കിട്ടാൻ കാരണമായത്. അയോഗ്യതയെന്ന പ്രതിസന്ധിയെ അവസരമാക്കാനിരിക്കുന്ന രാഹുലിന്റെയും കോൺഗ്രസിന്റെയും തന്ത്രങ്ങൾ വിജയിച്ചോ എന്ന വിലയിരുത്തൽ കൂടിയാകും തെരഞ്ഞെടുപ്പ് ഫലം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ, പ്രാദേശിക പാർട്ടികളുടെ സഖ്യമുണ്ടാക്കാനുള്ള കോൺഗ്രസ് ശ്രമങ്ങൾക്ക് കരുത്തുണ്ടാക്കാനും കന്നടനാട്ടിൽ ജയം അനിവാര്യമാണ്. ഇല്ലെങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ കരുത്തുചോരും. ബി.ജെ.പി സർക്കാറിനെതിരെ പുതുമയാർന്ന പ്രചാരണമാണ് കോൺഗ്രസ് നടത്തുന്നത്.
എല്ലാ സർക്കാർ പ്രവൃത്തികൾക്കും 40 ശതമാനം കമീഷൻ വേണമെന്ന കരാറുകാരുടെ ആരോപണം അടിസ്ഥാനമാക്കി കോൺഗ്രസ് നടത്തിയ ‘പേ.സി.എം കാമ്പയിൻ’ ബി.ജെ.പിയെ വൻപ്രതിരോധത്തിലാക്കിയിരുന്നു. ഇത്തവണ 9.17 ലക്ഷം പുതുവോട്ടർമാരാണുള്ളത്. യുവവോട്ടർമാരെയും പുതുവോട്ടർമാരെയും ആകർഷിക്കാനും വോട്ടുറപ്പിക്കാനുമായി ‘യുവ മാത’ എന്ന പേരിൽ പ്രത്യേക കാമ്പയിൻ യൂത്ത്കോൺഗ്രസ് നടത്തുന്നുണ്ട്.
തൊഴിൽരഹിതരായ ബിരുദധാരികൾക്ക് രണ്ട് വർഷത്തേക്ക് മാസം 3000 രൂപ, ഡിേപ്ലാമക്കാർക്ക് 1500 രൂപ, അഞ്ച് വർഷം കൊണ്ട് 10 ലക്ഷം പേർക്ക് ജോലി, എല്ലാ വീടുകൾക്കും 200 യൂനിറ്റ് സൗജന്യ വൈദ്യുതി തുടങ്ങിയ വാഗ്ദാനങ്ങളാണ് കോൺഗ്രസ് നൽകുന്നത്.
ജനങ്ങൾക്ക് പണമെറിഞ്ഞു, ഡി.കെ. ശിവകുമാറിനെതിരെ കേസ്
ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങൾക്കിടയിലേക്ക് 500 രൂപയുടെ നോട്ടുകൾ എറിഞ്ഞ സംഭവത്തിൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെതിരെ കേസ്. മാണ്ഡ്യയിലെ ബേവിനഹള്ളി ഗ്രാമത്തിലെ ‘പ്രജ ധ്വനി യാത്ര’ പരിപാടിക്കിടെയായിരുന്നു സംഭവം.
എന്നാൽ പാർട്ടി പ്രചാരണത്തിന്റെ ഭാഗമായി സാംസ്കാരിക പരിപാടികൾ നടത്തിയ കലാകാരന്മാർക്കുള്ള പണം നൽകുകയാണ് ശിവകുമാർ ചെയ്തതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. ശിവകുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.