ജെ.ഡി.എസ്-ബി.ജെ.പി സഖ്യത്തെ ചോദ്യം ചെയ്ത് കർണാടക മുൻ മുഖ്യമന്ത്രി
text_fieldsബംഗളൂരു: ജനതാദളുമായി സഖ്യത്തിലെത്താനുള്ള ബി.ജെ.പി ഹൈക്കമാൻഡ് തീരുമാനത്തെ ചോദ്യം ചെയ്ത് കർണാടക മുൻ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡ. പഴയ മൈസുരു പ്രദേശത്തെ പാർട്ടി കേഡർമാരെ തുരങ്കം വെക്കുന്നതാണ് പുതിയ തീരുമാനമെന്നും, പാർട്ടിയുടെ പ്രാദേശിക പ്രവർത്തകർ സഖ്യത്തെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഖ്യത്തിന്‍റെ സീറ്റ് വിഭജനത്തെ കുറിച്ച് അന്തിമതീരുമാനമായിട്ടില്ലെങ്കിലും മാണ്ഡ്യ, ഹസ്സൻ, ചിക്കബല്ലപുര പ്രദേശങ്ങളിൽ ജെ.ഡി.എസ് മത്സരിക്കുമെന്നാണ് സൂചന. സംസ്ഥാനത്തെ ഒരു നേതാക്കളുമായും സീറ്റ് വിഭജനവിഷയത്തിൽ കേന്ദ്ര നേതൃത്വം ചർച്ച നടത്തിയിട്ടില്ല. പാർട്ടിയുടെ താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് വിഷയത്തിൽ വ്യക്തമായ മാർഗനിർദേശങ്ങൾ നൽകാതെ ജെ.ഡി.എസുമായുള്ള സഖ്യം സാധ്യമല്ലെന്നും ഗൗഡ പറഞ്ഞു.
"ജെ.ഡി.എസിന് കുറച്ചെങ്കിലും പ്രാധാനിധ്യം ഉണ്ടെങ്കിൽ അത് പഴയ മൈസൂർ പ്രദേശത്താണ്. പക്ഷേ ഇക്കുറി ബി.ജെ.പി പ്രദേശത്ത് മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചിരിക്കുന്നത്. മുൻപ് 4-5 ശതമാനം വോട്ട് ഷെയറാണ് ബി.ജെ.പിക്ക് കിട്ടിയിരുന്നത്. എന്നാൽ ഇന്ന് അത് 17 ശതമാനത്തിലേക്കെത്തി. പുതിയ നേതാക്കൾ വന്നു. ഇന്ന് എൻ.ഡി.എക്കൊപ്പം ജെ.ഡി.എസ് സഖ്യത്തിലെത്തിയാൽ തീർച്ചയായും പ്രദേശത്തെ സംബന്ധിച്ചിടത്തോളം പരിഗണന ജെ.ഡി.എസിലേക്ക് മാറും. പാർട്ടിയെ വളർത്തിക്കൊണ്ടുവരാൻ വർഷങ്ങൾ പ്രയത്നിച്ച സാധാരണക്കാരായ പ്രവർത്തകരെ കണ്ടില്ലെന്ന് നടിക്കരുത്" - അദ്ദേഹം കൂട്ടിച്ചേർത്തു.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും ജെ.ഡി.എസും തമ്മിൽ നടന്ന സമാന സഖ്യം പരാജയപ്പെട്ടിരുന്നു. ഇതോടെ കർണാടകയിൽ 28ൽ 25 സീറ്റുകളും ബി.ജെ.പി നേടുകയും ചെയ്തു. എന്നാൽ മെയ് 10ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അധികാരം നഷ്ടമാകുകയും ജെ.ഡി.എസിന്‍റെ വോട്ട് വിഹിതം അഞ്ച് ശതമാനം കുറഞ്ഞ് 13 ശതമാനത്തിലേക്കെത്തിയിരുന്നു. പിന്നാലെ കർണാടകയിലെ 224 സീറ്റിൽ 135ലും കോൺഗ്രസ് വിജയിച്ചു.
കർണാടകയിലെ അസ്ഥിര രാഷ്ട്രീയത്തിൽ ബി.ജെ.പിയുമായും കോൺഗ്രസുമായും സഖ്യമുണ്ടാക്കുന്ന ഒരേയൊരു പ്രധാന കക്ഷി ജെ.ഡി.എസ് ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.