കർണാടക: എൻ.ഡി.എക്ക് പേടി; കോൺഗ്രസിന് മേൽക്കൈ
text_fieldsകർണാടകയിൽ ഭരണവിരുദ്ധ വികാരമില്ലാത്തതും പ്രചാരണത്തിൽ മേൽക്കൈ നേടാനായതും കോൺഗ്രസിന് പ്രതീക്ഷ നൽകുന്നുണ്ട്
ബംഗളൂരു: ബംഗളൂരു, പഴയ മൈസൂരു, തീരദേശങ്ങൾ ഉൾപ്പെടുന്ന കർണാടകയുടെ തെക്കൻ മേഖലയിലെ 14 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച വിധിയെഴുത്ത്. 2019ൽ ഓരോ സീറ്റിലേക്ക് ഒതുങ്ങിപ്പോയ കോൺഗ്രസിന്റെയും ജെ.ഡി-എസിന്റെയും സിറ്റിങ് സീറ്റുകളായ ബംഗളൂരു റൂറൽ, ഹാസൻ എന്നിവ ഉൾപ്പെടുന്ന മേഖലയാണിത്. എല്ലാ സീറ്റിലും കോൺഗ്രസ് മത്സരിക്കുമ്പോൾ ബി.ജെ.പി 11ഉം ജെ.ഡി-എസ് മൂന്നും സീറ്റിൽ വിധി തേടുന്നു.
കർണാടകയിൽ ഭരണവിരുദ്ധ വികാരമില്ലാത്തതും പ്രചാരണത്തിൽ മേൽക്കൈ നേടാനായതും കോൺഗ്രസിന് പ്രതീക്ഷ നൽകുന്നുണ്ട്. സിദ്ധരാമയ്യ സർക്കാറിന്റെ അഞ്ചിന സാമൂഹിക സുരക്ഷാ പദ്ധതികളെ കുറിച്ച് പ്രചാരണങ്ങളിൽ ഓർമിപ്പിച്ച കോൺഗ്രസ്, സ്ത്രീ വോട്ടർമാർക്കിടയിൽ മതിപ്പുളവാക്കി.
കർണാടകക്ക് കേന്ദ്രം വരൾച്ചാ ദുരിതാശ്വാസം നൽകാതിരുന്നതിനെ ക്രിയാത്മകയായി പ്രചാരണത്തിലേക്ക് കൊണ്ടുവരാൻ കോൺഗ്രസിന് കഴിഞ്ഞു. ‘ചൊമ്പ്’ (കാലിയായ കുടം) കാമ്പയിനാണ് ഇതിൽ ശ്രദ്ധേയം. മോദി സർക്കാർ കർണാടകക്ക് ഒഴിഞ്ഞകുടം മാത്രമാണ് നൽകിയതെന്ന സന്ദേശം സാധാരണക്കാരിലേക്ക് പോലുമെത്തി. ഈ പ്രചാരണത്തെ പ്രതിരോധിക്കാൻ ബി.ജെ.പിയും ജെ.ഡി-എസും പാടുപെട്ടു.
അതേസമയം, വർഗീയ പ്രചാരണം തന്നെയായിരുന്നു ബി.ജെ.പി തന്ത്രം. ബംഗളൂരു കഫേ സ്ഫോടനത്തിന് പിന്നാലെ കോൺഗ്രസിന്റെ ന്യൂനപക്ഷ പ്രീണനം കർണാടകയിൽ ക്രമസമാധാന നില തകർന്നെന്ന് കുറ്റപ്പെടുത്തിയ ബി.ജെ.പി, പ്രാദേശികമായ സംഭവങ്ങൾക്ക് വർഗീയ ചുവ നൽകി ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ശ്രദ്ധിച്ചു. ഹുബ്ബള്ളിയിലെ കോളജ് കാമ്പസിൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ ‘ലവ് ജിഹാദ്’ ആരോപണവുമായി രംഗത്തുവന്നു.
ഒറ്റക്കാണ് മത്സരിക്കുന്നതെങ്കിലും ഇൻഡ്യ മുന്നണിയിലെ പാർട്ടികളുടെയും നിയമസഭ തെരഞ്ഞെടുപ്പിലെന്നപോലെ മതേതര കൂട്ടായ്മകളുടെയും പിന്തുണ കോൺഗ്രസിനുണ്ട്. മൈസൂരു, ബംഗളൂരു, ദക്ഷിണ കന്നട എന്നിവിടങ്ങളിൽ തരക്കേടില്ലാത്ത വോട്ട് കൈവശമുള്ള എസ്.ഡി.പി.ഐയും ഇത്തവണ കോൺഗ്രസിനൊപ്പമാണ്. സി.പി.എം ജയസാധ്യത തീരെയില്ലെങ്കിലും കർണാടകയിൽ ചിക്കബല്ലാപുര സീറ്റിൽ മാത്രം മത്സരിക്കും. ദേശീയ പദവി നഷ്ടപ്പെടാതിരിക്കാൻ വോട്ടുശതമാനം കാക്കാനാണ് സി.പി.എം തന്ത്രം.
ബംഗളൂരു നോർത്ത്, ബംഗളൂരു സൗത്ത്, ബംഗളൂരു സെൻട്രൽ, ബംഗളൂരു റൂറൽ, ദക്ഷിണ കന്നട, ഉഡുപ്പി -ചിക്കമഗളൂരു, കുടക് -മൈസൂരു, ഹാസൻ, തുമകൂരു, ചിത്രദുർഗ, ചാമരാജനഗർ, മാണ്ഡ്യ, കോലാർ, ചിക്കബല്ലാപുര എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച വിധി നിർണയിക്കുക.
വൊക്കലിഗ വോട്ടുകൾ കോൺഗ്രസിലേക്ക് കേന്ദ്രീകരിക്കാൻ സമുദായ നേതാവുകൂടിയായ ഡി.കെ. ശിവകുമാറും ദലിത്-പിന്നാക്ക- ന്യൂനപക്ഷ വോട്ടുറപ്പിക്കാൻ സിദ്ധരാമയ്യയും നടത്തിയ പ്രചാരണ തന്ത്രങ്ങൾ കർണാടകയുടെ തെക്കൻ മേഖലയിൽ നിർണായകമാവും. ബി.ജെ.പിയുമായുള്ള സഖ്യത്താൽ ന്യൂനപക്ഷ വോട്ടുകൾ അകന്നുപോയ ജെ.ഡി-എസ്, കുമാരസ്വാമി ജയിച്ചാൽ കേന്ദ്രമന്ത്രിയാവുമെന്ന ഒറ്റ പ്രചാരണത്തിലാണ് നീങ്ങുന്നത്.
സിറ്റിങ് സീറ്റായ ബംഗളൂരു റൂറലിൽ ബി.ജെ.പിയുടെ ഡോ. സി.എൻ. മഞ്ജുനാഥുമായി കടുത്ത മത്സരം നേരിടുന്നുണ്ടെങ്കിലും കോൺഗ്രസിന്റെ ഡി.കെ. സുരേഷിന് തന്നെയാണ് മുൻതൂക്കം. ബംഗളൂരു നഗരമേഖലയിലെ മൂന്നു സീറ്റുകളിൽ ബി.ജെ.പിക്കാണ് സ്വാധീനം. ബംഗളൂരു നോർത്തിൽ കോൺഗ്രസിന്റെ പ്രഫ. രാജീവ് ഗൗഡയും ബി.ജെ.പിയുടെ ശോഭ കരന്ത് ലാജെയും തമ്മിൽ കടുത്ത മത്സരം പ്രതീക്ഷിക്കുന്നു.
മാണ്ഡ്യയിൽ എച്ച്.ഡി. കുമാരസ്വാമിയുടെ തോൽവിക്കായി എൻ.ഡി.എയിൽത്തന്നെ കരുനീക്കം നടക്കുന്നുണ്ട്. സിറ്റിങ് എം.പി സുമലത ബി.ജെ.പിയിൽ ചേർന്നെങ്കിലും കുമാരസ്വാമിക്കായി പ്രചാരണ രംഗത്തില്ല. കോൺഗ്രസ് സ്ഥാനാർഥിയായ സ്റ്റാർ ചന്ദ്രു അട്ടിമറി ജയം നേടിയാൽ അത്ഭുതപ്പെടാനില്ല.
മാണ്ഡ്യക്കുപുറമെ, ജെ.ഡി-എസ് മത്സരിക്കുന്ന ഹാസനിലും കോലാറിലും സഖ്യത്തിൽ ചില ബി.ജെ.പി നേതാക്കളിൽനിന്ന് നിസ്സഹകരണമുണ്ടെന്ന് ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ തന്നെ ചൂണ്ടിക്കാട്ടുന്നു. തുമകൂരു, ചിത്രദുർഗ, ചാമരാജനഗർ, മാണ്ഡ്യ, കോലാർ, ചിക്കബല്ലാപുര എന്നിവിടങ്ങളിലെല്ലാം കോൺഗ്രസിന്റെ തിരിച്ചുവരവിനുള്ള സാധ്യതയാണ് തെളിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.