കോൺഗ്രസ് എം.എൽ.എമാരെ ചാക്കിലാക്കാൻ റെഡ്ഢിയെ രംഗത്തിറക്കി ബി.ജെ.പി
text_fieldsബംഗളൂരു: രാഷ്ട്രീയത്തിൽ അസാധ്യതകളില്ലെന്നാണ് വെപ്പ്. 104 എം.എൽ.എമാരുമായി 112 എന്ന കേവല ഭൂരിപക്ഷം തികക്കാൻ രാജ്യത്തിെൻറ ബഹുഭൂരിഭാഗവും ഭരിക്കുന്ന ബി.ജെ.പി കർണാടകയിൽ തുനിഞ്ഞിറങ്ങുന്നതും ഇൗ വിശ്വാസത്തിലാണ്. രാഷ്ട്രീയത്തിലെ വൻ മലക്കം മറിച്ചിലുകൾക്ക് ശനിയാഴ്ച കർണാടക നിയമസഭയായ വിധാൻസൗദ സാക്ഷിയാവുമോ എന്നാണറിയേണ്ടത്. അവസാന അടവും പയറ്റിയുള്ള ബി.ജെ.പിയുടെ കരുനീക്കങ്ങൾ ഫലം കാണുമെന്നുതന്നെയാണ് നേതാക്കൾ വെള്ളിയാഴ്ച രാത്രിവരെയും ഉറപ്പിച്ചുപറയുന്നത്. 117 എം.എൽ.എമാർ കൂടെയുള്ള കോൺഗ്രസ്-ജെ.ഡി.എസ് സഖ്യമാവെട്ട വിശ്വാസ വോെട്ടടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലുമാണ്.
അതേസമയം, ബി.ജെ.പിക്കുവേണ്ടി എം.എൽ.എമാരെ ചാക്കിടാൻ ഖനന അഴിമതി വീരൻ ഗാലി ജനാർദന റെഡ്ഡി 150 കോടി വാഗ്ദാനം ചെയ്തുവെന്ന് ആരോപിച്ച് ശബ്ദരേഖ കോൺഗ്രസ് പുറത്തുവിട്ടു. റായ്ച്ചൂർ റൂറൽ എം.എൽ.എ ബസന ഗൗഡ ദെഡ്ഡാലിന് 150 കോടിയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്യുന്നതാണ് ശബ്ദരേഖയിലുള്ളത്. ശബ്ദരേഖ പുറത്തുവിട്ടതിലൂടെ കോൺഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറിെൻറ പ്രതികരണം. പണവും മന്ത്രിപദവിയും വാഗ്ദാനം ചെയ്ത് ബി.ജെ.പി കുതിരക്കച്ചവടത്തിലൂടെ തങ്ങളുടെ എം.എൽ.എമാരെ വലയിലാക്കാൻ ശ്രമിക്കുന്നതായി കോൺഗ്രസും ജെ.ഡി-എസും നേരത്തെ ആരോപണമുന്നയിച്ചിരുന്നു.
ബെള്ളാരി വിജയനഗറിൽനിന്നുള്ള ആനന്ദ് സിങ്, റായ്ച്ചൂരിലെ മാസ്കിയിൽനിന്നുള്ള പ്രതാപ് ഗൗഡ പാട്ടീൽ എന്നീ കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി മറുകണ്ടം ചാടിച്ചതായും ബിഡദിയിലെ റിസോട്ടിൽ കഴിയുന്നതിനിടെ ചികിത്സാവശ്യാർഥം വീട്ടിലേക്ക് മടങ്ങിയ കോൺഗ്രസ് എം.എൽ.എ രാജശേഖര പാട്ടീലിനെയും മുൻ ബി.ജെ.പി എം.എൽ.എയും ഇത്തവണ കോൺഗ്രസ് ടിക്കറ്റിൽ ബെള്ളാരി റൂറലിൽനിന്ന് വിജയിച്ചയാളുമായ ബി. നാഗേന്ദ്രയെയും ബി.ജെ.പി നോട്ടമിട്ടിട്ടുണ്ടെന്നുമാണ് വിവരം. കുതിരക്കച്ചവടം തകൃതിയായതോടെ കോൺഗ്രസ്, ജെ.ഡി-എസ് നേതാക്കൾ തങ്ങളുടെ വരുതിയിലുള്ള എം.എൽ.എമാരെ മുഴുവൻ വ്യാഴാഴ്ച അർധരാത്രിയോടെ ഹൈദരാബാദിലെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു.
കേരളത്തിലേക്കുള്ള വിമാന യാത്രക്ക് കേന്ദ്രം അനുമതി നിഷേധിച്ചതോടെയാണ് സുരക്ഷിത താവളമായി ദേവഗൗഡയുടെ അടുപ്പക്കാരനായ കെ. ചന്ദ്രശേഖര റെഡ്ഡി ഭരിക്കുന്ന തെലങ്കാനയിലേക്ക് എം.എൽ.എമാരെ മാറ്റിയത്. വെള്ളിയാഴ്ച രാത്രിയോടെ ഇവർ ബസ്മാർഗം ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. രാവിലെ 10.30ന് ബംഗളൂരുവിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.