‘ഹമാരേ ബാരഹ്’ സിനിമ വിലക്കി കർണാടക
text_fieldsബംഗളൂരു: കമൽചന്ദ്ര സംവിധാനം ചെയ്ത ‘ഹമാരേ ബാരഹ്’ സിനിമ കർണാടകയിൽ റിലീസ് ചെയ്യുന്നത് സംസ്ഥാന സർക്കാർ തടഞ്ഞു. ഇതുസംബന്ധിച്ച് ഗവ. അണ്ടർ സെക്രട്ടറി ബി.കെ. ഭുവനേന്ദ്ര കുമാർ വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു.
രണ്ടാഴ്ചയോ ഇനിയൊരു ഉത്തരവ് വരെയോ ട്രെയ്ലർ പ്രദർശനവും പാടില്ല. മുസ്ലിം അധിക്ഷേപ ഉള്ളടക്കം ചൂണ്ടിക്കാട്ടിയാണ് വിലക്ക്. വിശുദ്ധ ഖുർആനെക്കുറിച്ച് മോശം പരാമർശങ്ങൾ, സ്ത്രീനിന്ദ തുടങ്ങിയവ വർഗീയ സംഘർഷത്തിനും ക്രമസമാധാന തകർച്ചക്കും കാരണമാകുമെന്ന് സർക്കാർ ഉത്തരവിൽ പറഞ്ഞു. സിനിമയുടെ അൽപഭാഗങ്ങൾ പുറത്തു വന്നതിനെത്തുടർന്ന് നിരോധം ആവശ്യപ്പെട്ട് നിരവധി മുസ്ലിം സംഘടനകൾ രംഗത്തുവന്നിരുന്നു.
കർണാടക സിനിമ റെഗുലേഷൻസ് ആക്ട് 1964, സെക്ഷൻ 15(1), 15(5) അനുസരിച്ചാണ് നിരോധ ഉത്തരവ്. വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. കഴിഞ്ഞ മാസം 30ന് ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവന്നതിന് പിന്നാലെ വിമർശവും ഉയർന്നിരുന്നു. വിവാദമായതോടെ ട്രെയ്ലർ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽനിന്ന് പിൻവലിച്ചു. യു/എ സർട്ടിഫിക്കറ്റാണ് സിനിമക്ക് സെൻസർ ബോർഡ് നൽകിയത്. ടൈറ്റിൽ മുതൽ 11 മാറ്റങ്ങൾ വരുത്താനും സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഹം ദോ ഹമാരേ ബാരഹ് എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ പേര്. അനു കപൂർ, അശ്വിനി കൽശേക്കർ, മനോജ് ജോഷി, രാഹുൽ ബഗ്ഗ, പാരിതോഷ് ത്രിപാഠി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിരേന്ദർ ഭഗത്, രവി എസ്. ഗുപ്ത, സഞ്ജയ് നാഗ്പാൽ, ഷിയോ ബാലക് സിങ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.