വരൾച്ച ദുരിതാശ്വാസ ധനം വിതരണം ചെയ്യാനൊരുങ്ങി കർണാടക സർക്കാർ
text_fieldsബംഗളൂരു: വരൾച്ച മൂലം വരുമാനമില്ലാതായ 16 ലക്ഷം കർഷക കുടുംബങ്ങൾക്ക് 3000 രൂപ വീതം ധനസഹായം വിതരണം ചെയ്യാനൊരുങ്ങി കർണാടക സർക്കാർ.
സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും, കേന്ദ്ര ദുരന്ത നിവാരണ ഫണ്ടിൽ നിന്നും, കർണാടക സർക്കാറിൽ നിന്നുമാണ് ഈ തുക വകയിരുത്തുക. 460 കോടി രൂപയാണ് ആകെ ചെലവ് വരിക. 32 ലക്ഷം കർഷകർക്ക് ഇതിനകം 3000 കോടി രൂപ വിതരണം ചെയ്ത് തുടങ്ങിയിരുന്നു.
1.5 ലക്ഷം കർഷകർക്കുള്ള ഫണ്ട് സാങ്കേതിക കാരണങ്ങളാൽ വിതരണം ചെയ്തിട്ടില്ല. സംസ്ഥാനത്തെ 240 താലൂക്കുകളിൽ 223 എണ്ണവും വരൾച്ച ബാധിത മേഖലയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. 48 ലക്ഷം ഹെക്ടർ കൃഷിഭൂമിയിൽ വിളനാശം ഉണ്ടായെന്നാണ് കണക്ക്.
2023 സെപ്റ്റംബറിലായിരുന്നു കർണാടക സർക്കാർ വരൾച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 18171 കോടി രൂപ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടത്. ഇതിൽ 3454 രൂപ അനുവദിച്ചത് തന്നെ കർണാടക നൽകിയ ഹരജിയിൽ സുപ്രീംകോടതി ഇടപെട്ടതിന് ശേഷമായിരുന്നു. ദേശീയ ദുരന്തനിവാരണ നിധി (എൻ.ഡി.ആർ.എഫ്) പ്രകാരം വരൾച്ച ദുരിതാശ്വാസത്തിനുള്ള ധനസഹായം അനുവദിക്കാത്ത കേന്ദ്ര സർക്കാറിന്റെ നടപടി ആർട്ടിക്കിൾ 14 പ്രകാരം കർണാടകയിലെ ജനങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹരജിയിൽ കർണാടക സർക്കാർ വാദിച്ചിരുന്നു.
സംസ്ഥാനം ആവശ്യപ്പെട്ടതിന്റെ നാലിലൊന്ന് തുക പോലും അനുവദിക്കാത്ത കേന്ദ്ര സർക്കാറിന്റെ നടപടി ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആയുധമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.