അന്നഭാഗ്യ പദ്ധതിക്കും തുടക്കമിട്ട് കർണാടക സർക്കാർ
text_fieldsബംഗളൂരു: കോൺഗ്രസ് സർക്കാറിന്റെ ക്ഷേമപദ്ധതി വാഗ്ദാനമായ ‘അന്നഭാഗ്യ’ക്കും തുടക്കമായി. തിങ്കളാഴ്ച വിധാൻസൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. അതേസമയം, ‘അന്നഭാഗ്യ’ ഗുണഭോക്താക്കളിൽ 22 ലക്ഷം കുടുംബങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകളില്ല. അഞ്ചുകിലോ അരിയും ബാക്കി പണവും നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കിലോക്ക് 34 രൂപ നിരക്കിലാണ് ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി) വഴി ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് തുക വരുക. 15 ദിവസത്തിനകം എല്ലാ ഗുണഭോക്താക്കൾക്കും അവരവരുടെ അക്കൗണ്ടുകളിൽ പണം ലഭിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ പണം ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചുതുടങ്ങി.
ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് തുക നൽകുന്നത് എന്നതിനാൽ ഇനിയും ബാങ്ക് അക്കൗണ്ടില്ലാത്ത കുടുംബങ്ങൾക്ക് പണം നിലവിൽ ലഭിക്കില്ല. ഇവർ പുതുതായി അക്കൗണ്ടുകൾ എടുത്ത് അവയുടെ രേഖകൾ സമർപ്പിച്ചാലേ പണം ലഭിക്കൂ. സംസ്ഥാനത്ത് 1.28 കോടി ബി.പി.എൽ, അന്ത്യോദയ റേഷൻ കാർഡുകളാണുള്ളത്. ഇവയിൽ 99 ശതമാനവും ആധാർകാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിൽ 82 ശതമാനം അതായത് 1.06 കോടി റേഷൻ കാർഡുകൾ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചവയുമാണ്. ഈ അക്കൗണ്ടുകളിലേക്കാണ് അന്നഭാഗ്യയുടെ തുക കൈമാറുക. എന്നാൽ, ബാക്കിയുള്ള 22 ലക്ഷം റേഷൻ കാർഡുകൾ ബാങ്ക് അക്കൗണ്ടുകളില്ലാത്തവയാണ്. ഇവർ പണം ലഭിക്കാൻ അക്കൗണ്ടുകൾ തുടങ്ങി റേഷൻകാർഡ്, ആധാർകാർഡുമായി ബന്ധിപ്പിക്കേണ്ടിവരും. 1.27 കോടി റേഷൻ കാർഡുകളിൽ കുടുംബനാഥനായി ഒരാളുള്ളവയാണ്. ഇതിൽ 94 ശതമാനം വനിതകളും അഞ്ചു ശതമാനം പുരുഷന്മാരുമാണ്. ഇവരുടെ അക്കൗണ്ടുകളിലേക്കാണ് തുക അയക്കുക. 10 കിലോ സൗജന്യ അരി നൽകുന്ന ‘അന്നഭാഗ്യ’യിൽ അഞ്ചു കിലോക്കുള്ള അരിയുടെ പണം നൽകുന്ന പദ്ധതി തിങ്കളാഴ്ച മുതലാണ് തുടങ്ങിയത്.
ബി.പി.എൽ, അന്ത്യോദയ കുടുംബങ്ങളിലെ ഓരോ അംഗത്തിനും 10 കിലോഗ്രാം വീതം അരി സൗജന്യമായി നൽകുന്നതാണ് പദ്ധതി. കോൺഗ്രസ് സർക്കാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതാണിത്. ഇതിൽ അഞ്ചുകിലോ അരി കേന്ദ്രസർക്കാറിൽനിന്ന് സംസ്ഥാനത്തിന് ലഭിച്ചുവരുന്നുണ്ട്. എന്നാൽ, ബാക്കി അഞ്ചുകിലോ അരി എത്തിക്കാൻ സംസ്ഥാന സർക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പദ്ധതിക്ക് തുരങ്കം വെക്കാനായി കേന്ദ്ര സർക്കാർ അരി നൽകാതെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് ആരോപണം. പദ്ധതിക്കായി മാസം 840 കോടി രൂപയാണ് ചെലവ് വരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.