കർണാടക സർക്കാറിന്റെ ‘ചലോ ഡൽഹി’ ഇന്ന്
text_fieldsബംഗളൂരു: സംസ്ഥാനത്തിന് അർഹമായ നികുതിപ്പണം കേന്ദ്രസർക്കാർ തടഞ്ഞുവെക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഡൽഹിയിലെ ജന്തർ മന്ദിറിൽ കർണാടക സർക്കാർ ‘ഡൽഹി ചലോ’ എന്ന പേരിൽ ബുധനാഴ്ച പ്രതിഷേധ സമരം നടത്തും. രാവിലെ 11ന് ആരംഭിക്കുന്ന പ്രതിഷേധത്തിൽ കോൺഗ്രസ് മന്ത്രിമാരും എം.എൽ.എമാരും എം.എൽ.സിമാരും എം.പിമാരും അണിചേരും. ബി.ജെ.പി ഇതര സർക്കാറുകളോട് കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണനയെ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരികയാണ് സമരലക്ഷ്യം.
കർണാടകയിലെ കോൺഗ്രസിന്റെ 135 എം.എൽ.എമാർ, 28 എം.എൽ.സിമാർ, ഒരു ലോക്സഭ എം.പി, അഞ്ചു രാജ്യസഭ എം.പിമാർ എന്നിവർക്കു പുറമെ, മണ്ഡ്യ മേലുക്കോട്ടെയിൽനിന്നുള്ള സ്വതന്ത്ര എം.എൽ.എയും കർഷക സംഘടനയായ കർണാടക രാജ്യ റൈത്ത സംഘ പ്രതിനിധിയുമായ ദർശൻ പുട്ടണ്ണയ്യയും സമരത്തിൽ പങ്കെടുത്തേക്കും. കർണാടകയിൽനിന്നുള്ള യൂത്ത് കോൺഗ്രസ് നേതാക്കളും സമരത്തിനെത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ ചൊവ്വാഴ്ച തന്നെ ഡൽഹിയിലെത്തിയിരുന്നു. കർണാടക ഭവനിലാണ് നേതാക്കൾ കഴിയുന്നത്. ജന്തർ മന്ദിറിലെ സമരസ്ഥലത്തെ മുന്നൊരുക്കങ്ങൾ ചൊവ്വാഴ്ച പകൽ ഉപമുഖ്യമന്ത്രിയും കർണാടക കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ നേരിട്ട് സന്ദർശിച്ചു വിലയിരുത്തിയിരുന്നു.
പതിനഞ്ചാം ധനകാര്യ കമീഷന് കീഴിലെ അഞ്ചു വർഷംകൊണ്ട് 1,87,000 കോടിയുടെ നഷ്ടമാണ് കർണാടകക്കുണ്ടായതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. കമീഷന്റെ ഇടക്കാല റിപ്പോർട്ടിൽ കർണാടകക്ക് 5495 കോടി അനുവദിച്ചെങ്കിലും അന്തിമറിപ്പോർട്ടിൽ ധന മന്ത്രി നിർമല സീതാരാമൻ അത് ഒഴിവാക്കി. കർണാകയുടെ വിഹിതം ധനകാര്യ കമീഷൻ 1.7 ശതമാനം കുറക്കുകയും ചെയ്തു. പതിനാലാം ധനകാര്യ കമീഷനിൽ 4.71 ശതമാനം ഫണ്ടാണ് കർണാടക്ക് ലഭിച്ചതെങ്കിൽ പതിനഞ്ചാം ധനകാര്യ കമീഷനിൽ 3.64 ശതമാനമാക്കി കുറച്ചെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഡൽഹിയിൽ നടക്കുന്ന സമരം കർണാടകക്ക് വേണ്ടിയുള്ളതാണെന്നും സംസ്ഥാനത്തെ ബി.ജെ.പി ജനപ്രതിനിധികളെയും സമരത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.