മൈസൂരു ഭൂമി അഴിമതി: സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണർ
text_fieldsബംഗളൂരു: മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാടിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ താവർചന്ദ് ഗഹ്ലോട്ട് അനുമതി നൽകി. കേസിൽ മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് മലയാളിയും വിവരാവകാശ പ്രവർത്തകനുമായ ടി.ജെ. അബ്രഹാം, പ്രദീപ്, സ്നേഹമയി കൃഷ്ണ എന്നിവർ നൽകിയ മൂന്നു പരാതികളിലാണ് ഗവർണറുടെ നടപടി. 1998ലെ അഴിമതി തടയൽ നിയമത്തിലെ സെക്ഷൻ 17, ഭാരതീയ നാഗരിക സുരക്ഷ സംഹിതയിലെ സെക്ഷൻ 218 എന്നിവ പ്രകാരം കേസെടുക്കാനാണ് അനുമതി.
വിഷയത്തിൽ ഏഴുദിവസത്തിനകം മറുപടി ആവശ്യപ്പെട്ട് ജൂലൈ 26ന് മുഖ്യമന്ത്രിക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ആഗസ്റ്റ് ഒന്നിന് ചേർന്ന കർണാടക മന്ത്രിസഭ, പ്രസ്തുത നോട്ടീസ് ഗവർണർ പിൻവലിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. ഗവർണർ ഭരണഘടന പദവി ദുരുപയോഗം ചെയ്യുകയാണെന്നും ബ്ലാക്ക് മെയിലിങ്ങടക്കം അബ്രഹാമിന്റെ പൂർവ പ്രവർത്തനങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിൽ ഗവർണർ പരാജയപ്പെട്ടെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, മന്ത്രിസഭാ നിർദേശം തള്ളിയ ഗവർണർ ശനിയാഴ്ച മുഖ്യമന്ത്രിക്കെതിരായ നിയമനടപടിക്ക് അനുമതി നൽകി. ഇതോടെ മുഖ്യമന്ത്രിക്കെതിരെ അഴിമതി വിരുദ്ധ നിയമപ്രകാരം സി.ബി.ഐക്കോ ലോകായുക്തക്കോ കേസ് രജിസ്റ്റർ ചെയ്യാനാവും.
രാജിവെക്കുന്ന പ്രശ്നമേയുദിക്കുന്നില്ലെന്നും ഗവർണറുടെ നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. ഇക്കാര്യത്തിൽ കോൺഗ്രസും കർണാടക സർക്കാറും പൂർണ പിന്തുണ നൽകും. മോദി സർക്കാറിന്റെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഗവർണറുടെ നടപടിയെന്ന് കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാല കുറ്റപ്പെടുത്തി.
എന്താണ് ‘മുഡ’ അഴിമതി?
ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയുടെ പേരിൽ മൈസൂരു നഗരപ്രാന്തത്തിലുള്ള നാല് ഏക്കറോളം വരുന്ന ഭൂമിക്ക് പകരം ഉയർന്ന വിലയുള്ള പ്ലോട്ട് മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) അനുവദിച്ചെന്നാണ് ആരോപണം. ഈ ഇടപാട് വഴി 4,000 മുതൽ 5000 കോടിയുടെ അഴിമതി നടന്നതായും മുഖ്യമന്ത്രി അധികാര ദുർവിനിയോഗം നടത്തിയതായും പ്രതിപക്ഷ പാർട്ടികളായ ബി.ജെ.പിയും ജെ.ഡി-എസും ആരോപിക്കുന്നു.
എന്നാൽ, തന്റെ ഭാര്യയുടെ പേരിൽ മൈസൂരു കേസരൂരിലുണ്ടായിരുന്ന ഭൂമി മൈസൂരു നഗര വികസന അതോറിറ്റി (മുഡ) പൂർണ നടപടിക്രമങ്ങൾ പാലിക്കാതെ ഏറ്റെടുക്കുകയും ലേഔട്ട് രൂപപ്പെടുത്തി പ്ലോട്ടുകളാക്കി വിൽക്കുകയും ചെയ്തെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടുന്നു. ഭാര്യാസഹോദരൻ മല്ലികാർജുന 1996ൽ വാങ്ങിയ മൂന്ന് ഏക്കർ 36 ഗുണ്ഡ സ്ഥലം (ഒരു ഏക്കർ എന്നാൽ 40 ഗുണ്ഡ) പിന്നീട് സഹോദരിക്ക് ഇഷ്ടദാനമായി കൈമാറി.
മൈസൂരു വികസന അതോറിറ്റി സ്ഥലം ഏറ്റെടുക്കാതെ പ്ലോട്ടുകളാക്കി വിറ്റതോടെ ഭാര്യയുടെ ഭൂമി നഷ്ടപ്പെട്ടു. പിന്നീട് 50: 50 അനുപാത പദ്ധതിപ്രകാരം പകരം ഭൂമി നൽകാമെന്ന് ‘മുഡ’ അറിയിക്കുകയും നഷ്ടപ്പെട്ട ഭൂമിയുടെ മൂല്യത്തിന് തുല്യമായ ഭൂമി 14 ഇടങ്ങളിലായി മുഡ നൽകുകയും ചെയ്തു. 2021ൽ ബി.ജെ.പി സർക്കാർ അധികാരത്തിലിരിക്കെയാണ് ഈ കൈമാറ്റം നടന്നതെന്നും സിദ്ധരാമയ്യ വാദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.