ലിംഗായത് പ്രത്യേക മതമായി അംഗീകരിച്ച് കർണാടക സർക്കാർ
text_fieldsബംഗളൂരു: ബസവതത്വങ്ങൾ പിന്തുടരുന്ന ലിംഗായത്ത് സമുദായത്തിന് ന്യൂനപക്ഷ പരിഗണനയോടെ പ്രത്യേക മതപദവി നൽകാമെന്ന വിദഗ്ധ സമിതി റിപ്പോർട്ടിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. തിങ്കളാഴ്ച വിധാൻ സൗധയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ െഎകകണ്ഠ്യേനയാണ് തീരുമാനമെന്ന് നിയമമന്ത്രി ടി.ബി. ജയചന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇക്കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്ര സർക്കാറായതിനാൽ ൈവകാതെ നിർദേശം കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലിംഗായത്തിന് പ്രത്യേക മതപദവി നൽകുന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ ഡിസംബറിൽ റിട്ട. ഹൈകോടതി ജഡ്ജി എച്ച്.എൻ. നാഗമോഹൻദാസിെൻറ നേതൃത്വത്തിലുള്ള ഏഴംഗ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ബുദ്ധിസത്തെയും ജൈനിസത്തെയും പോലെ ലിംഗായത്തിനെയും ന്യൂനപക്ഷ പദവിയോടെ പ്രത്യേക മതമായി പരിഗണിക്കാമെന്നായിരുന്നു സമിതിയുടെ വിലയിരുത്തൽ. കഴിഞ്ഞ ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗത്തിൽ റിപ്പോർട്ട് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാൻ തീരുമാനിച്ചിരുന്നെങ്കിലും കോൺഗ്രസ് മന്ത്രിമാർക്കിടയിൽത്തന്നെ ഭിന്നത രൂപപ്പെട്ടതോടെ ചർച്ചമാറ്റിവെക്കുകയായിരുന്നു.
എതിർപ്പുള്ള മന്ത്രിമാരോടും ലിംഗായത്ത് നേതാക്കളോടും വീണ്ടും ചർച്ച നടത്തിയ ശേഷം തീരുമാനമെടുക്കാനായിരുന്നു ഹൈകമാൻഡ് നിർദേശം.
ലിംഗായത്തിനുമാത്രം മതപദവി നൽകുന്നതിന് എതിർപ്പുമായി വീരശൈവ വിഭാഗവും ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രധാന വോട്ടുബാങ്കാണ് ലിംഗായത്ത് സമുദായം. കാലങ്ങളായുള്ള ലിംഗായത്തുകളുടെ ആവശ്യം അംഗീകരിക്കുകവഴി സമുദായത്തിലെ വലിയൊരു വിഭാഗത്തെ കൂടെ നിർത്താമെന്ന കണക്കുകൂട്ടലിലാണ് കർണാടകയിലെ കോൺഗ്രസ് നേതൃത്വം. കർണാടകയിലെ ജനസംഖ്യയിൽ 17 ശതമാനത്തോളം വരുന്നതാണ് ലിംഗായത്തുകൾ. സംവരണത്തിൽ ലിംഗായത്തുകൾകൂടി ചേരുന്നതോടെ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ പിന്തള്ളപ്പെടാനിടയാവുമെന്നാണ് ന്യൂനപക്ഷങ്ങളുടെ ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.