സംഘ്പരിവാർ സംഘടനകൾക്ക് നൽകിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കും - കർണാടക മന്ത്രി
text_fieldsബംഗളൂരു: കർണാടകയിൽ ആർ.എസ്.എസിനും അനുബന്ധ സംഘടനകൾക്കും അനധികൃതമായി നൽകിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ സിദ്ധരാമയ്യ സർക്കാർ. കഴിഞ്ഞ ബി.ജെ.പി സർക്കാർ നൂറുകണക്കിന് ഏക്കർ സർക്കാർ ഭൂമിയാണ് സംഘ്പരിവാറുമായി ബന്ധപ്പെട്ടവർക്ക് നൽകിയതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.
ഇത്തരത്തിൽ ബി.ജെ.പി സർക്കാർ നൽകിയ ചില ടെൻഡറുകൾ ഇതിനകം പിൻവലിച്ചിട്ടുണ്ട്. ആർ.എസ്.എസിന്റെയും അനുബന്ധ സംഘ്പരിവാർ സംഘടനകളുടെയും പേരിലാണ് അനധികൃതമായി സർക്കാർ ഭൂമി അനുവദിച്ചിരിക്കുന്നത്.
സംഘടനകളുടെയും അവയുടെ ആശയങ്ങളുടെയും വളർച്ചക്കായാണ് ബി.ജെ.പി സർക്കാർ ഇത് ചെയ്തത്. ഇത് ഒരിക്കലും അനുവദിച്ചുകൂടാ. ഇതുസംബന്ധിച്ച വിവരങ്ങൾ രഹസ്യമാക്കി വെക്കില്ല. എല്ലാം ജനങ്ങളെ അറിയിക്കും. ഇതുവരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
സർക്കാർതലത്തിലാണ് നടപടികൾ വരുക. റവന്യൂ വകുപ്പും മുഖ്യമന്ത്രിയും ഇതിന് നേതൃത്വം നൽകും. ഭൂമി നൽകിയത് നിയമപ്രകാരമാണോ, എത്ര രൂപ വാങ്ങിയാണ് സർക്കാർ ഭൂമി കൈമാറിയത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കും.
തങ്ങളുടെ പ്രവർത്തകർക്കുനേരെ കോൺഗ്രസ് സർക്കാർ കള്ളക്കേസ് എടുക്കുകയാണെന്നാണ് ബി.ജെ.പി പറയുന്നത്. ഏതു സാഹചര്യത്തിലും കള്ളങ്ങൾ പ്രചരിപ്പിക്കുകയും വിദ്വേഷം പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കുകയും ചെയ്യുകയാണ് ബി.ജെ.പിയുടെ എക്കാലത്തേയും പ്രവർത്തന രീതി.
ആരോഗ്യവകുപ്പിന്റെ സേവനങ്ങൾ കൃത്യമായി ജനങ്ങൾക്ക് കിട്ടാനായി സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച് അടുത്ത യോഗത്തിൽ ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.