കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവിന്റെ ഭാര്യയ്ക്ക് ജോലി; നിയമനം റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍
text_fieldsബെംഗളൂരു: കർണാടകയിൽ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയ്ക്ക് ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയ താത്കാലിക നിയമനം റദ്ദാക്കി കോൺഗ്രസ് സര്‍ക്കാര്‍. പ്രവീണിന്റെ ഭാര്യ നൂതന്‍ കുമാരിക്ക് നൽകിയ താത്കാലിക നിയമനമാണ് റദ്ദാക്കിയത്. മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെ ദുരന്തനിവാരണ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു നൂതൻ കുമാരി.
2022 സെപ്തംബര്‍ 29ന് നൂതന്‍ കുമാരിയെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗ്രൂപ്പ് സി തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമിച്ചിരുന്നത്. പിന്നീട് ഒക്ടോബര്‍ 13ന് ഇവരുടെ അഭ്യര്‍ത്ഥന പ്രകാരം മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് മാറ്റുകയായിരുന്നു. സര്‍ക്കാര്‍ മാറുമ്പോള്‍ മുന്‍കാല താത്കാലിക നിയമനങ്ങള്‍ റദ്ദാക്കുന്നത് സ്വാഭാവികമാണെന്ന ഡെപ്യൂട്ടി കമ്മീഷണര്‍ എം.ആര്‍ രവികുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
യുവമോര്‍ച്ച ദക്ഷിണ കന്നട ജില്ല സമിതി അംഗമായിരുന്ന പ്രവീണ്‍ നെട്ടാരു 2022 ജൂലൈ 26നാണ് കൊലപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. എൻ.ഐ.എയാണ് കേസ് അന്വേഷിച്ചത്. െബംഗളൂരുവിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ 20 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ശത്രുക്കളെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് രഹസ്യ കൊലയാളി സംഘങ്ങൾക്ക് പോപുലർ ഫ്രണ്ട് രൂപം നൽകിയതായും സമൂഹത്തിൽ തീവ്രവാദ പ്രവർത്തനം ലക്ഷ്യമിട്ടും ജനങ്ങൾക്കിടയിൽ ഭീതിപരത്താനുമായാണ് പ്രതികൾ കൊലപാതകം നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.
പ്രതികൾക്കെതിരെ യു.എ.പി.എ, ആയുധനിയമം എന്നിവ പ്രകാരവും കൊലപാതകത്തിനും ക്രിമിനൽ ഗൂഢാലോചനക്കും ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.