കേരളത്തിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക
text_fieldsബംഗളൂരു: കേരളത്തിൽനിന്ന് വരുന്നവർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കർണാടക. ബംഗളൂരു ഉൾപ്പെടെ കർണാടകയിലെ എല്ലാ ജില്ലകളിലും കേരളത്തിൽനിന്ന് എത്തുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി.
കർണാടകയിലെത്തുന്നതിന് 72 മണിക്കൂറിനുള്ളിൽ പരിശോധിച്ച ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. സർട്ടിഫിക്കറ്റില്ലാതെ വരുന്നവർ കർണാടകയിൽ പരിശോധന നടത്തണം. ഫലം വരുന്നതുവരെ ക്വാറൻറീനിൽ കഴിയുകയും വേണം. പോസിറ്റിവായാൽ സ്വന്തം ചെലവിൽ ക്വാറൻറീനിൽ തുടരണം. നെഗറ്റിവായ ശേഷമേ പുറത്തുവിടൂ. വിദ്യാർഥികൾ, ജോലിക്കായി എത്തുന്നവർ, ഹോട്ടൽ, റിസോർട്ട്, ഹോസ്റ്റൽ, ഹോം സ്റ്റേകൾ എന്നിവിടങ്ങളിൽ എത്തുന്നവർ, താമസസ്ഥലത്ത് എത്തുന്നവർ തുടങ്ങിയ എല്ലാവർക്കും ഉത്തരവ് ബാധകമാണ്.
ഇടക്കിടെ കേരളത്തിൽ പോയിവരുന്ന വിദ്യാർഥികൾ ഒരോ തവണ വരുമ്പോഴും ആർ.ടി.പി.സി.ആർ പരിശോധന റിപ്പോർട്ട് ഹാജരാക്കണം. അതിർത്തി ജില്ലകളിൽനിന്ന് പ്രതിദിനം കേരളത്തിൽ പോയിവരുന്ന വിദ്യാർഥികൾ ഉൾപ്പെടെ രണ്ടാഴ്ചയിലൊരിക്കൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് നോഡൽ ഒാഫിസർമാർക്ക് കൈമാറണം.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ കേരളത്തിൽ പോയി മടങ്ങിയെത്തിയവർ നിർബന്ധമായും ആർ.ടി.പി.സി.ആർ പരിശോധന നടത്തണം. പരിശോധന റിപ്പോർട്ടുമായി എത്തുന്നവരെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കും. കേരളത്തിലേക്ക് ഹ്രസ്വസന്ദർശനത്തിന് പോകുന്നവർക്കും പുതിയ ഉത്തരവ് ബാധകമാണ്.
സംസ്ഥാനത്തെ മെഡിക്കൽ/എൻജിനീയറിങ്/പ്രഫഷനൽ കോളജുകളിൽ കേരളത്തിൽനിന്ന് എത്തിയവരെ പരിശോധിക്കും. കേരളത്തിൽനിന്നുള്ള വിദ്യാർഥികൾ അടക്കമുള്ളവർ താമസിക്കുന്ന സ്ഥലങ്ങളിൽ നിരീക്ഷണവും നിയന്ത്രണവും ശക്തമാക്കാനും കോവിഡ് പരിശോധന വർധിപ്പിക്കാനും തീരുമാനിച്ചു.
പോസിറ്റിവ് സാമ്പിളുകൾ ജനിതകശ്രേണി പരിശോധനക്കായി നിംഹാൻസിലേക്ക് അയക്കും. കേരളത്തിൽനിന്ന് എത്തുന്ന വിദ്യാർഥികളുടെ വിവരം ഹോസ്റ്റൽ, കോളജ് അധികൃതർ നോഡൽ ഒാഫിസർമാർക്ക് കൈമാറണം. വിദ്യാർഥികൾ അത്യാവശ്യമല്ലെങ്കിൽ ഇടക്കിടെ കേരളത്തിലേക്ക് പോകുന്നത് ഒഴിവാക്കണം.
കഴിഞ്ഞ ദിവസങ്ങളിലായി ബംഗളൂരുവിലും മംഗളൂരുവിലും മൈസൂരുവിലും കേരളത്തിൽനിന്നുള്ള നഴ്സിങ് വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് സംസ്ഥാന കോവിഡ് സാങ്കേതിക ഉപദേശക സമിതിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാറിനോട് ശിപാർശ ചെയ്തത്.
കേരളത്തിൽ കോവിഡ് കേസുകൾ കുറയാത്തതിനാൽ നേരേത്ത മഹാരാഷ്ട്രയിലും കേരളത്തിൽനിന്നുള്ളവർക്ക് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. അതേസമയം, ഉത്തരവിറങ്ങിയെങ്കിലും അതിർത്തികളിൽ ഉൾപ്പെടെ എങ്ങനെ പരിശോധന നടത്തുമെന്നതിൽ വ്യക്തതയായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.