സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള പ്രായപരിധി പുന:പരിശോധിക്കണമെന്ന് കർണാടക ഹൈകോടതി
text_fieldsബംഗളൂരു: പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന് അനുമതി നൽകുന്ന പ്രായപരിധി പുന:പരിശോധിക്കാൻ ദേശീയ നിയമ കമീഷനോട് കർണാടക ഹൈകോടതി നിർദേശിച്ചു. നിലവിൽ 18 വയസാണ് സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി. 18ന് താഴെയുള്ളവരുമായി സമ്മതപ്രകാരം ലൈംഗികബന്ധത്തിലേർപ്പെട്ടാൽ പോലും പോക്സോ നിയമപ്രകാരം ബലാത്സംഗമായാണ് കണക്കാക്കുന്നത്. ഇതിലാണ് പുനർവിചിന്തനത്തിന് കോടതി നിർദേശിച്ചിരിക്കുന്നത്.
17കാരിയോടൊപ്പം ഒളിച്ചോടി വിവാഹം ചെയ്ത യുവാവിനെ ബലാത്സംഗവും പോക്സോയും ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് കുറ്റമുക്തനാക്കിയ നടപടിയെ ചോദ്യംചെയ്ത് സർക്കാർ സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കവേയാണ് കോടതിയുടെ ഇടപെടൽ.
സാമൂഹിക യാഥാർഥ്യങ്ങളുടെ പശ്ചാത്തലത്തിൽ പോക്സോ നിയമപ്രകാരം ലൈംഗികബന്ധത്തിനുള്ള പ്രായപരിധി പുനപരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. 16നും 18നും ഇടയിലുള്ള പെൺകുട്ടികൾ പ്രണയത്തിലാവുകയും ഒളിച്ചോടുകയും ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്യുന്ന നിരവധി കേസുകൾ ഞങ്ങളുടെ മുന്നിലെത്തിയിട്ടുണ്ട്. സാമൂഹിക യാഥാർഥ്യങ്ങൾ പരിഗണിച്ച് നിയമ കമീഷൻ ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി പുനർനിശ്ചയിക്കണമെന്ന അഭിപ്രായമാണ് ഞങ്ങൾക്കുള്ളത്. മറ്റ് കുറ്റകൃത്യങ്ങൾ ഇല്ലെങ്കിൽ പതിനാറോ അതിന് മുകളിലോ ഉള്ള പെൺകുട്ടിയുടെ സമ്മതം പരിഗണിക്കേണ്ടതുണ്ട് -ജസ്റ്റിസ് സുരാജ് ഗോവിന്ദ് രാജ്, ജസ്റ്റിസ് ജി. ബസവരാജ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
2017ൽ രജിസ്റ്റർ ചെയ്ത കേസാണ് കോടതിക്ക് മുന്നിലെത്തിയത്. ഇതിൽ യുവാവിനൊപ്പം ഒളിച്ചോടി വിവാഹിതയായ 17കാരി പിന്നീട് രണ്ട് കുട്ടികളുടെ അമ്മയാകുകയും ചെയ്തിരുന്നു. കേസിന്‍റെ വിചാരണക്കിടെ എല്ലാ പ്രോസിക്യൂഷൻ സാക്ഷികളും കൂറുമാറുകയും ചെയ്തു. തുടർന്ന് വിചാരണ കോടതി പ്രതിയായ യുവാവിനെ കുറ്റമുക്തനാക്കുകയായിരുന്നു. ഈ വിധി ഹൈകോടതി ശരിവെച്ചു.
പോക്സോ നിയമത്തെ കുറിച്ച് ഒമ്പതാം ക്ലാസ് മുതൽ വിദ്യാർഥികൾക്ക് അവബോധം നൽകണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.