‘പാകിസ്താൻ’ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കർണാടക ഹൈകോടതി ജഡ്ജി
text_fieldsബംഗളൂരു: ജുഡീഷ്യൽ നടപടിക്രമങ്ങൾക്കിടെ നടത്തിയ ആക്ഷേപകരമായ പരാമർശങ്ങളിൽ കർണാടക ഹൈകോടതി ജസ്റ്റിസ് വി. ശ്രീശാനന്ദ ഖേദം പ്രകടിപ്പിച്ചു. ബംഗളൂരുവിലെ മുസ്‍ലിംകൾ താമസിക്കുന്ന പ്രദേശത്തെ ‘പാകിസ്താൻ’ എന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് ശ്രീശാനന്ദയുടെ പരാമർശം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൽ സുപ്രീംകോടതിയുടെ സ്വമേധയാ ഉള്ള ഇടപെടലിനെ തുടർന്നാണ് ഖേദപ്രകനം.
ഹൈകോടതി ജഡ്ജി തുറന്ന കോടതിയിൽ അഭിപ്രായം പ്രകടനം നടത്തുന്ന രണ്ട് വിഡിയോകൾ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ഗൗരവമായി പരിശോധിക്കുകയും രജിസ്ട്രാർ ജനറലിൽ നിന്ന് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് കഴിഞ്ഞ 19ന് എക്സിലെ തന്റെ പോസ്റ്റിൽ ജഡ്ജി നടത്തിയ പരാമർശങ്ങളുടെ ക്ലിപ്പ് ഹൈലൈറ്റ് ചെയ്യുകയും ജഡ്ജിക്കെതിരെ സ്വമേധയാ നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയുണ്ടായി. മറ്റൊരു വിഷയത്തിൽ ഒരു വനിതാ അഭിഭാഷകക്കെതിരെ ലിംഗവിവേചനരപരമായ പരാമർശങ്ങളും ജഡ്ജി നടത്തിയിരുന്നു. എക്സിലെ നിരവധി ഉപയോക്താക്കൾ അദ്ദേഹത്തിന്റെ പരാമർശങ്ങളെ വിമർശിച്ചു.
ഇതെത്തുടർന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ ഗവായ്, സൂര്യകാന്ത്, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവുകൾ അന്വേഷിച്ച് റിപ്പോർട്ട് സമർപിക്കാൻ ഹൈകോടതി രജിസ്ട്രാർ ജനറലിനോട് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ, ശനിയാഴ്ച ഉച്ചക്ക് കോടതി നടപടികൾ ആരംഭിച്ചപ്പോൾ ജസ്റ്റിസ് ശ്രീശാനന്ദ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള തന്റെ പ്രസ്താവന വായിക്കുകയായിരുന്നു. ‘ജുഡീഷ്യൽ നടപടികൾക്കിടെ നടത്തിയ ചില നിരീക്ഷണങ്ങൾ സമൂഹ മാധ്യമങ്ങളിൽ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്താണ് റിപ്പോർട്ട് ചെയ്തത്. നിരീക്ഷണങ്ങൾ മനഃപൂർവമല്ലെന്നും ഏതെങ്കിലും വ്യക്തിയെയോ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തെയോ വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും പരാമർശത്തിൽ ആത്മാർഥമായി ഖേദം പ്രകടിപ്പിക്കുകയാണെന്നും ഹൈകോടതി ജഡ്ജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.