ഗതാഗതം സ്തംഭിക്കും: ബംഗളൂരുവിൽ മേയ്ദിന റാലിക്ക് ഹൈകോടതി വിലക്ക്
text_fieldsബംഗളൂരു: മേയ് ഒന്നിന് ബംഗളൂരുവില്‍ തൊഴിലാളിദിന റാലി നടത്തുന്നതിന് കര്‍ണാടക ഹൈകോടതിയുടെ വിലക്ക്. സിറ്റി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ടൗണ്‍ ഹാളില്‍ നിന്നും ഫ്രീഡം പാര്‍ക്കിലേക്ക് റാലി നടത്താന്‍ അനുമതി ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ട്രേഡ് യൂനിയന്‍ കോണ്‍ഗ്രസ് (എ.ഐ.ടി.യു.സി.) ഉള്‍പ്പെടെയുള്ള സംഘടനകള്‍ നല്‍കിയ ഹരജികൾ തള്ളിക്കൊണ്ടാണ് ഹൈകോടതി അവധിക്കാല ബെഞ്ചിന്‍റെ ഉത്തരവ്. ഫ്രീഡം പാര്‍ക്കില്‍ അല്ലാതെ ബംഗളൂരുവിന്‍റെ മറ്റിടങ്ങളില്‍ റാലികളും പ്രതിഷേധങ്ങളും വിലക്കി മാര്‍ച്ച് മൂന്നിന് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പുറത്തിറക്കിയ ഉത്തരവിൽ മാറ്റം വരുത്തണമെന്നും മേയ്ദിന റാലിക്ക് അനുമതി നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി നൽകിയത്.
ഏപ്രില്‍ 13ന് ബംഗളൂരുവിലെ പ്രശസ്തമായ കരഗ ഘോഷയാത്രക്ക് അനുമതി നല്‍കിയ കാര്യവും ഹരജിക്കാർ ചൂണ്ടിക്കാട്ടി. 15,000 തൊഴിലാളികള്‍ പങ്കെടുക്കുന്ന റാലി നടത്താനാണ് അനുമതി ആവശ്യപ്പെട്ടത്. എന്നാല്‍, കരഗ ഘോഷയാത്രക്ക് അനുമതി നല്‍കിയത് രാത്രിയിലാണെന്നും നഗരത്തിലെ തിരക്കേറിയ റോഡുകളിലൂടെ പകൽ സമയത്ത് നടത്തുന്ന റാലിയുമായി താരതമ്യം ചെയ്യാനാകില്ലെന്നും ഹരജിയെ എതിര്‍ത്ത സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.
രണ്ട് സ്ഥലങ്ങളില്‍ നിന്ന് ഫ്രീഡം പാര്‍ക്കിലേക്ക് റാലി നടത്തിയാല്‍ നഗരത്തിലെ ഗതാഗതം സ്തംഭിക്കുമെന്നും പൊതുജനങ്ങളെ ബാധിക്കുമെന്നും വലിയതോതിലുള്ള ഗതാഗതക്കുരുക്കുണ്ടാകുമെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസ് ആര്‍. ദേവദാസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് റാലിക്ക് അനുമതി നിഷേധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.