വിദേശത്തുനിന്ന് വന്നാൽ ഒരാഴ്ച പുറത്തിറങ്ങരുത്; ലംഘിച്ചാൽ കർശന നടപടി, കൈകളിൽ സീൽ പതിപ്പിക്കാനും കർണാടകയിൽ നീക്കം
text_fieldsബംഗളൂരു: കോവിഡിെൻറ ഒമിക്രോൺ വകഭേദം സംസ്ഥാനത്ത് കൂടുതൽ പേർക്ക് സ്ഥിരീകരിച്ചതോടെ വിദേശത്തുനിന്ന് എത്തുന്നവർ വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്നത് കർശനമാക്കാൻ പ്രത്യേക പരിശോധനക്ക് സർക്കാർ നിർദേശം.
വിമാനത്താവളങ്ങളിലെ പരിശോധനയിൽ േകാവിഡ് നെഗറ്റിവായാലും ഒരാഴ്ചത്തെ വീട്ടുനിരീക്ഷണം നിർബന്ധമാണ്. ശേഷം വീണ്ടും കോവിഡ് പരിശോധന നടത്തി നെഗറ്റിവായാലേ പുറത്തിറങ്ങാവൂ. എന്നാൽ, ഇത് കാര്യക്ഷമമായി നടപ്പാകുന്നില്ലെന്നും ഇവർക്ക് പിന്നീട് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിെൻറ പശ്ചാത്തലത്തിലാണ് വീടുകളിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ കർശന നടപടി സ്വീകരിക്കാൻ ബി.ബി.എം.പിയും മറ്റു ജില്ല ഭരണകൂടങ്ങളും തീരുമാനിച്ചത്. വിദേശത്തുനിന്നെത്തി വീടുകളിൽ ക്വാറൻറീനില്‍ കഴിയുന്നവരുടെ കൈകളില്‍ മുദ്ര പതിപ്പിക്കണമെന്നും അതുവഴി ഇവര്‍ ക്വാറൻറീന് ലംഘിച്ചാല്‍ കണ്ടെത്താമെന്നും ബി.ബി.എം.പി സർക്കാറിനെ അറിയിച്ചിട്ടുണ്ട്.
ക്വാറൻറീൻ മുദ്ര പതിക്കാൻ സർക്കാറിൽനിന്ന് ബി.ബി.എം.പി അനുമതി തേടിയിട്ടുണ്ട്. നേരത്തേ കോവിഡ് വ്യാപനത്തിനിടെ വീട്ടുനിരീക്ഷണത്തിലുള്ളവരുടെ കൈകളില്‍ മുദ്ര പതിച്ചിരുന്നു. ഈ രീതി തിരികെ കൊണ്ടുവരാനാണ് നീക്കം. പരിശോധനക്കിടെ വ്യക്തിയെ ക്വാറൻറീന് സ്ഥലത്ത് കണ്ടില്ലെങ്കില്‍ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കണമെന്നും ശിപാര്‍ശയുണ്ട്.
വീട്ടുനിരീക്ഷണത്തിലുള്ളവരെ പരിശോധിക്കുന്ന നടപടി ഉടന്‍ ആരംഭിക്കുമെന്നും ഇതിനാവശ്യമായ ജീവനക്കാരെ കണ്ടെത്തിവരുകയാണെന്നും സംസ്ഥാന കോവിഡ് വാര് റൂം നോഡല്‍ ഓഫിസര്‍ മുനിഷ് മൗദ്ഗില്‍ പറഞ്ഞു.
സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ 14 ആയതോടെയാണ് ഒരാഴ്ചത്തെ വീട്ടുനിരീക്ഷണ നിബന്ധന കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താന്‍ സഹായിക്കുന്ന ആപ്പുകൾ വീണ്ടും ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ എല്ലാവരും വീട്ടുനിരീക്ഷണത്തിൽ തുടരുന്നുണ്ടോയെന്ന് അറിയാനുള്ള സൗകര്യമില്ല. ഈ സാഹചര്യത്തിലാണ് ക്വാറൻറീൻ വാച്ച് എന്ന മൊബൈൽ ആപ്ലിക്കേഷനും മറ്റു സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള ആപ്ലിക്കേഷനുകളും വീണ്ടും ഉപയോഗിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നത്.
ഇതിനു പുറമെ കോവിഡ് പോസിറ്റിവാകുന്നവര്ക്കുള്ള ക്വാറൻറീന് നിബന്ധനയും കര്‍ശനമാക്കും. നിലവിലെ സാഹചര്യത്തില്‍ വീട്ടുനിരീക്ഷണത്തിലുള്ളവരെ പരിശോധിക്കുന്നതിന് മാത്രമായി മുന്നൂറിലേറെ ജീവനക്കാരെ ആവശ്യമാണ്. കോവിഡ് കേസുകള്‍ കൂടിയാൽ ജീവനക്കാരുടെ എണ്ണവും കൂടും.
വിദേശത്തുനിന്നെത്തുന്നവര്‍ക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീന് നിര്‍ബന്ധമല്ലെങ്കിലും 12 റിസ്ക് രാജ്യങ്ങളില്‍ നിന്നുവരുന്നവരോട് ഏഴു ദിവസം സ്വയം ക്വാറൻറീനില്‍ കഴിയാന്‍ നിർദേശിച്ചിട്ടുണ്ട്. എട്ടാം ദിവസം സാംപിള്‍ ആര്.ടി.പി.സി.ആർ പരിശോധനക്ക് അയക്കും. ഇവരെ നിരീക്ഷിക്കുന്നതിനുള്ള നടപടികളാണ് ശക്തമാക്കാൻ തീരുമാനിച്ചത്. വിമാനത്താവളത്തിൽ പോസിറ്റിവാകുന്നവരെ ആശുപത്രികളിലേക്ക് മാറ്റി ജനിതക ശ്രേണീകരണ പരിശോധനക്ക് അയക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.