പോപുലർ ഫ്രണ്ട് നിരോധനം ചോദ്യംചെയ്തുള്ള ഹരജി കർണാടക ഹൈകോടതി തള്ളി
text_fieldsബംഗളൂരു: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ ചോദ്യംചെയ്തുള്ള ഹരജി കർണാടക ഹൈകോടതി തള്ളി. പി.എഫ്.ഐ. കര്‍ണാടക പ്രസിഡന്റായിരുന്ന നസീര്‍ പാഷ നൽകിയ ഹരജി ജസ്റ്റിസ് എം. നാഗപ്രസന്ന തള്ളുകയായിരുന്നു.
നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള നസീർ പാഷ ഭാര്യ മുഖേനെയായിരുന്നു കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്ത് ഹൈകോടതിയെ സമീപിച്ചത്. നിരോധനം ഏർപ്പെടുത്തുന്നതിന് മുൻപ് വ്യക്തമായ കാരണങ്ങൾ അധികാരികൾ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും എന്നാല്‍ അതുണ്ടായില്ലെന്നും ഹരജിക്കാർ വാദിച്ചു.
എന്നാല്‍ നിരോധനം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ കാരണങ്ങള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ടെന്നും ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹരജിയെ എതിര്‍ത്തുകൊണ്ട് വ്യക്തമാക്കി. തുടർന്ന് കോടതി ഹരജി തള്ളുകയായിരുന്നു.
യു.എ.പി.എയുടെ സെക്ഷന്‍ 3 (1) പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിച്ച് അഞ്ചു വര്‍ഷത്തേക്കാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അതിന്റെ അനുബന്ധ സംഘടനകളേയും കേന്ദ്ര സർക്കാർ നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. നിരോധനത്തെ തുടർന്ന് പോപുലർ ഫ്രണ്ടിന്‍റെ നൂറുകണക്കിന് നേതാക്കൾ അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.