ഈശ യോഗ സെന്ററിന്റെ പ്രതിമ അനാച്ഛാദനത്തിന് ഹൈകോടതി സ്റ്റേ
text_fieldsബെംഗളൂരു: നന്ദി ഹിൽസിന്റെ താഴ്വരയിൽ ആദിയോഗി പ്രതിമ അനാച്ഛാദനം ചെയ്യുന്നതിലും ഈശ യോഗ സെന്റർ തുറക്കുന്നതിലും താത്കാലിക സ്റ്റേ. പ്രദേശത്ത് തൽസ്ഥിതി തുടരണമെന്ന് കർണാടക ഹൈകോടതി ഇടക്കാല ജത്തരവിൽ വ്യക്തമാക്കി. സംസ്ഥാനത്തിനും യോഗ കേന്ദ്രത്തിനും 14 മറ്റ് കക്ഷികൾക്കും നോട്ടീസ് നൽകിക്കൊണ്ടാണ് കോടതി യോഗ സെന്റർ തുറക്കുന്നതിനും മറ്റും ഇടക്കാല സ്റ്റേ നൽകിയത്. ജഗ്ഗി വസുദേവ് കോയമ്പത്തൂരിൽ സ്ഥാപിച്ചതാണ് ഈശ ഫൗണ്ടേഷൻ. അതിന്റെ ശാഖയായാണ് ബെംഗളൂരുവിൽ യോഗ സെന്റർ തുടങ്ങാനൊരുങ്ങിയത്.
ജനുവരി 15ന് സദ്ഗുരു ഈശ ഫൗണ്ടേഷൻ പ്രതിമ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ഇടക്കാല ഉത്തരവ്. പരിസ്ഥിതി ദുർബല പ്രദേശത്ത് വാണിജ്യ സ്ഥാപനം തുടങ്ങുകയാണെന്നും അതിന് സർക്കാർ സ്ഥലം അനധികൃതമായി അനുവദിച്ചുവെന്നും ചൂണ്ടിക്കാട്ടി നൽകിയ പൊതുതാത്പര്യ ഹരജിയിലാണ് നടപടി.
ചിക്കബല്ലപുര ഗ്രാമത്തിലെ എസ്. ക്യതപ്പയും മറ്റ് ഗ്രാമവാസികളു ചേർന്നാണ് ഹരജി നൽകിയത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, കർണാടക സർക്കാർ, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്ററ്, കോയമ്പത്തൂർ ഈശ യോഗ സെന്റർ തുടങ്ങിയ 16 സ്ഥാപനങ്ങൾ കേസിൽ കക്ഷികളാണ്.
നന്ദി ഹിൽസിന്റെ താഴ്വരയിൽ സ്വകാര്യ ഫൗണ്ടേഷൻ സ്ഥാപിക്കാൻ ഹരിതചട്ടങ്ങളുടെ നഗ്നമായ ലംഘനത്തിന് അധികാരികൾ അനുവാദം നൽകിയെന്നാണ് പൊതുതാൽപര്യ ഹരജി.
നന്ദി ഹിൽസിന്റെ താഴ്‌വരയിലെ പരിസ്ഥിതി വ്യവസ്ഥ, ജലാശയങ്ങൾ, തോടുകൾ എന്നിവ നശിപ്പിക്കാനും അധികാരികൾ അനുവദിച്ചുവെന്ന് പൊതുതാൽപര്യ ഹരജിയിൽ പറയുന്നു. നന്ദി ഹിൽസ് മേഖലയിലെ ജീവനുകളെയും കന്നുകാലികളെയും വന്യമൃഗങ്ങളെയും ഇത് നേരിട്ട് ബാധിക്കുന്നുവെന്നും ഹരജിക്കാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.