പൗരത്വ നിയമ ഭേദഗതിക്കെതിരെ കുട്ടികളുടെ നാടകം; രാജ്യദ്രോഹക്കുറ്റം റദ്ദാക്കി കർണാടക ഹൈകോടതി
text_fieldsബംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരായ കുട്ടികളുടെ നാടകത്തിന്‍റെ പേരില്‍ ചുമത്തിയ രാജ്യദ്രോഹക്കുറ്റം കർണാടക ഹൈകോടതി റദ്ദാക്കി.
ഹൈകോടതിയുടെ കലബുറഗി ബെഞ്ചാണ് രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിച്ചത്. ബീദർ ജില്ലയിലെ ഷഹീൻ ഉറുദു സ്കൂളിലെ പ്രധാന അധ്യാപിക, വിദ്യാർഥിയുടെ മാതാവ് ഉൾപ്പെടെ നാലുപേർക്കെതിരെയാണ്
കലബുറഗി ന്യൂ ടൗൺ പൊലീസ് കേസെടുത്തിരുന്നത്. 2020ൽ പൗരത്വ ഭേദഗത നിയമത്തിനെതിരെയുള്ള പ്രതിഷേധ സമരങ്ങൾ അരങ്ങേറുന്നതിനിടെയാണ് നാല്, അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികൾ നാടകം അവതരിപ്പിച്ചത്.
പൗരത്വം തെളിയിക്കാനായില്ലെങ്കിൽ മുസ്ലിംകൾ നാട് വിടേണ്ടി വരുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതെന്ന നാടകത്തിലെ കഥാപാത്രത്തിന്റെ സംഭാഷണമായിരുന്നു കേസിനാധാരം. കേസിൽ പൊലീസ് പ്രധാന അധ്യാപികയെയും കുട്ടിയുടെ മാതാവിനെയും അറസ്റ്റു ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടികളെ സ്കൂളിൽ കയറി പൊലീസ് ഉദ്യാഗസ്ഥർ ചോദ്യം ചെയ്തത് ഏറെ വിവാദമായിരുന്നു. കർണാടക സർക്കാറിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ ഇടപെട്ടതോടെയാണ് കുട്ടികളെ പൊലീസ് നിരന്തരം ചോദ്യം ചെയ്യുന്നത് അവസാനിപ്പിച്ചത്. പൊലീസ് സ്‌കൂളിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചെന്നും കമീഷന്‍ കുറ്റപ്പെടുത്തി.
രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി ബീദർ സെഷൻസ് കോടതി പിന്നീട് പ്രധാനാധ്യാപികയെയും കുട്ടിയുടെ മാതാവിനെയും വെറുതെ വിട്ടിരുന്നു. പിന്നാലെ ബാക്കിയുള്ളവരും കർണാടക ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഇതിൽ വാദം കേട്ടാണ് കലബുറഗി ബെഞ്ച് രാജ്യദ്രോഹക്കുറ്റം റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.