പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ വാക്കുകൾ ഉപയോഗിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് കർണാടക ഹൈകോടതി
text_fieldsബംഗളൂരു: പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ വാക്കുകൾ ഉപയോഗിക്കുന്നത് അപകീർത്തിപരവും നിരുത്തരവാദപരവുമാണെങ്കിലും രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരില്ലെന്ന് കർണാടക ഹൈകോടതി. കർണാടകയിലെ സ്കൂൾ മാനേജ്മെന്റിനെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കിയാണ് കോടതിയുടെ നിർണായക ഉത്തരവ്.
ജസ്റ്റിസ് ഹേമന്ദ് ചാന്ദഗൗഡറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബിദറിലെ ന്യൂ ടൗൺ പൊലീസ് സ്കൂളിലെ മാനേജ്മെന്റ് പ്രതിനിധികളായ അലാവുദ്ദീൻ, അബ്ദുൽ ഖലീൽ, മുഹമ്മദ് ബിലാൽ, മുഹമ്മദ് മെഹ്താബ് എന്നിവർക്കെതിരായി എടുത്ത കേസ് റദ്ദാക്കിയാണ് കോടതി പരാമർശം. കർണാടക ഹൈകോടതിയുടെ കലബുറഗി ബെഞ്ചിന്റേതാണ് നടപടി.
ഇരു മതവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്താൻ ശ്രമിച്ചതിന് ചുമത്തുന്ന 153(A) വകുപ്പും കേസിൽ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. കേന്ദ്രസർക്കാറിനെ ക്രിയാത്മകമായി വിമർശിക്കുന്നത് അംഗീകരിക്കാമെങ്കിലും ഭരണഘടനപദവിയിലിരിക്കുന്നവരെ അപമാനിക്കരുതെന്ന് കോടതി വ്യക്തമാക്കി. കുട്ടികൾ സ്കുളിനുള്ളിൽ അവതരിപ്പിച്ച നാടകത്തിൽ ഉപയോഗിച്ച വാക്കുകൾ സംഘർഷത്തിന് കാരണമാവില്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. തുടർന്ന് സ്കൂൾ മാനേജ്മെന്റിനെതിരെ എടുത്ത കേസ് കോടതി റദ്ദാക്കുകയായിരുന്നു.നാടകത്തിനായി വിഷയങ്ങൾ തെരഞ്ഞെടുക്കുമ്പോൾ കുട്ടികളുടെ വ്യക്തിവികാസത്തിന് ഉതകുന്ന രീതിയിലാവണം അതെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.