ജേക്കബ് തോമസിന്റെ ഭാര്യയുടെ ഭൂമി ഏറ്റെടുക്കുന്നത് ഹൈകോടതി തടഞ്ഞു
text_fieldsബംഗളൂരു: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിെൻറ ഭാര്യ ഡെയ്സി ജേക്കബ് കുടകിൽ ഉടമസ്ഥാവകാശമുന്നയിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള കർണാടക വനംവകുപ്പിെൻറ നീക്കം ഹൈകോടതി തടഞ്ഞു. കർണാടക ഹൈകോടതിയെ സമീപിച്ചാണ് ഡെയ്സി അനുകൂല ഉത്തരവ് നേടിയത്.
മടിക്കേരി താലൂക്കിലെ ഭാഗമണ്ഡലയിലെ കോപ്പടി ഗ്രാമത്തിനടുത്തുള്ള 151.03 ഏക്കർ ഭൂമി ഈ മാസം ഏഴിനകം ഒഴിഞ്ഞുകൊടുക്കാൻ വനംവകുപ്പ് ഡെയ്സിക്ക് നോട്ടീസ് നൽകിയിരുന്നു. മടിക്കേരി ഡി.എഫ്.ഒ സൂര്യസേനയുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച ഭൂമി ഏറ്റെടുക്കാനായി സ്ഥലത്തെത്തിയെങ്കിലും കോടതി ഉത്തരവിനെ തുടർന്ന് മടങ്ങി. ഭൂമി സർക്കാർ ഏറ്റെടുത്തുവെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ‘മാധ്യമത്തോട്’ പറഞ്ഞു. ഉത്തരവിനെതിരെ വനംവകുപ്പ് ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി ഒഴിഞ്ഞുകൊടുക്കാൻ കുടക് വനംവകുപ്പ് ചീഫ് കൺസർവേറ്റർ മനോജ് കുമാർ ജൂലൈ ഏഴിനാണ് ഇവർക്ക് നോട്ടീസ് നൽകിയത്. നേരത്തെ, മടിക്കേരി വനംവകുപ്പ് അസിസ്റ്റൻറ് കൺസർവേറ്റർ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ ഒരുമാസത്തെ സാവകാശം നൽകിയിരുന്നു. 2003ൽ കർണാടക ഹൈകോടതിയുടെ ഉത്തരവുപ്രകാരം വനംവകുപ്പ് നടത്തിയ സർവേയിലാണ് 151 ഏക്കർ ഭൂമി 1901 മുതൽ സംരക്ഷിത വനമാണെന്ന് കണ്ടെത്തിയത്. പരാതി വ്യാജമാണെന്ന് കുറ്റപ്പെടുത്തി ഡെയ്സി ചീഫ് കൺസർവേറ്റർക്ക് അപ്പീൽ നൽകി. തുടർന്ന് നടത്തിയ പരിശോധനകൾക്കും നടപടികൾക്കും ഒടുവിലാണ് വനഭൂമി കൈയേറിയതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചത്.
വനംവകുപ്പ് ജീവനക്കാർ ഭൂമി ഏറ്റെടുക്കാനായി സ്ഥലത്തെത്തിയെങ്കിലും സ്റ്റേ ചെയ്തതോടെ സർവേ നടത്തി മടങ്ങുകയായിരുന്നു. ഹനുമാൻ ടുബാക്കോ കമ്പനിയിൽനിന്നാണ് ഭൂമി വാങ്ങിയതെന്നും ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ പക്കലുണ്ടെന്നുമാണ് ഡെയ്സിയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.