ഏക സിവിൽകോഡ് നടപ്പാക്കണമെന്ന് കർണാടക ഹൈകോടതി
text_fieldsബംഗളൂരു: ഏക സിവിൽകോഡ് നടപ്പാക്കണമെന്ന് പാർലമെന്റിനോടും സംസ്ഥാന നിയമസഭകളോടും അഭ്യർഥനയുമായി കർണാടക ഹൈകോടതി. സ്ത്രീകൾക്ക് തുല്യത നൽകുകയും ജാതി-മതങ്ങൾക്കിടയിൽ ഐക്യം വളർത്തുകയും വ്യക്തിയുടെ അന്തസ്സ് സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ഏകീകൃത സിവിൽ കോഡ് (യു.സി.സി) നടപ്പാക്കണമെന്നാണ് വസ്തുതർക്കവുമായി ബന്ധപ്പെട്ട ഒരു ഹരജി പരിഗണിക്കവെ ജസ്റ്റിസ് സഞ്ജീവ് കുമാറിന്റെ നിർദേശം.
ഒസ്യത്ത് എഴുതിവെക്കാതെ മരിച്ച അബ്ദുൽ ബഷീർ ഖാൻ എന്നയാളുടെ എസ്റ്റേറ്റുമായി ബന്ധപ്പെട്ട സ്വത്തു തർക്കം പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. ഉത്തരവിന്റെ പകർപ്പ് കേന്ദ്ര സർക്കാറിന്റെയും കർണാടക സംസ്ഥാനത്തിന്റെയും പ്രിൻസിപ്പൽ നിയമ സെക്രട്ടറിമാർക്ക് അയക്കാൻ കോടതി രജിസ്ട്രാർ ജനറലിനോട് നിർദേശിച്ചു. ഏക സിവിൽകോഡ് നടപ്പാക്കുന്നത് ഭരണഘടനയുടെ ആർട്ടിക്ൾ 44ൽ പറഞ്ഞിരിക്കുന്ന തത്ത്വങ്ങളായ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, ദേശീയ ഐക്യം എന്നിവ പ്രാവർത്തികമാവുന്നതിന് സഹായകമാവുമെന്നും കോടതി ഊന്നിപ്പറഞ്ഞു.
ജാതിയോ മതമോ പരിഗണിക്കാതെ എല്ലാവർക്കും, പ്രത്യേകിച്ച് സ്ത്രീകൾക്ക് നീതിയും തുല്യ അവസരവും ഉറപ്പാക്കാൻ ഏക സിവിൽകോഡ് സഹായിക്കുമെന്നും, ഓരോ പൗരന്റെയും അന്തസ്സും വ്യക്തിത്വവും സംരക്ഷിക്കുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ഗോവയും ഉത്തരാഖണ്ഡും ഏക സിവിൽകോഡ് നടപ്പാക്കിയതായും കോടതി ചൂണ്ടിക്കാട്ടി. നിലവിലുള്ള കേസിൽ, അബ്ദുൽ ബഷീർ ഖാന്റെ മക്കൾ സമർപ്പിച്ച അപ്പീലും എസ്റ്റേറ്റിന്റെ കൂടുതൽ ഭാഗം ആവശ്യപ്പെട്ട് ഷാനസ് ബീഗം നൽകിയ ഹരജിയും തള്ളിയ ഹൈകോടതി, ഷാനസ് ബീഗത്തിന് അബ്ദുൽ ബഷീർ ഖാന്റെ മൂന്ന് സ്വത്തുക്കളിൽ ഓഹരിയുണ്ടെന്ന കീഴ്‌കോടതി വിധി ശരിവെച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.