തലമറക്കണമെങ്കിൽ മുസ്ലിംകൾ പാകിസ്താനിൽ പോകണമെന്ന് ബി.ജെ.പി എം.എൽ.എ
text_fieldsബംഗളൂരു: കർണാടകയിലെ ചില വിദ്യാലയങ്ങളിൽ മുസ്ലിം വിദ്യാർഥിനികൾ തലമറക്കുന്നത് നിേരാധിച്ചതിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെ വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എൽ.എ.
മുസ്ലിംകൾക്ക് തലമറക്കുകയും ഉറുദു പഠിക്കുകയും ചെയ്യണമെങ്കിൽ മഹാത്മാഗാന്ധി നൽകിയ പാകിസ്താനിലേക്ക് പോകണമെന്ന് ബസൻഗൗഡ പാട്ടീൽ യത്‌നാൽ എം.എൽ.എ പറഞ്ഞു. സംസ്ഥാനത്തെ ഉറുദു സ്കൂളുകളും മദ്റസകളും നിരോധിക്കുകയും അടച്ചുപൂട്ടണമെന്നും ബസൻഗൗഡ ആവശ്യപ്പെട്ടു.
കുന്ദാപുരയിലെ ഒരു കോളജിൽ തലമറച്ച വിദ്യാർഥിനികൾക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്നാണ് വിവാദം ഉടലെടുത്തത്. ഉഡുപ്പിയിലും മറ്റ് പ്രദേശങ്ങളിലുമുള്ള വിവിധ കോളജുകളിലും നിരോധനം നടപ്പാക്കി. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ബസൻഗൗഡയുടെ വിവാദ പ്രതികരണം.
"അവർ ഈ നാട്ടിൽ വിളയുന്ന ഭക്ഷണം കഴിക്കുകയും ഈ മണ്ണിൽ നിന്ന് ലഭിക്കുന്ന വെള്ളം കുടിക്കുകയും ചെയ്യുന്നു. എന്നിട്ട് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. കർണാടകയിൽ ഉടനീളം മദ്റസകൾ നിരോധിക്കണം. ഉറുദു സ്കൂളുകളും പൂട്ടണം. നിങ്ങൾക്ക് വേണമെങ്കിൽ കന്നഡ പഠിക്കുക അല്ലെങ്കിൽ പാകിസ്താനിലേക്ക് പോകുക. നിങ്ങൾക്ക് ഇവിടെ എന്താണ് കാര്യം? നിങ്ങൾക്ക് തലമറക്കുകയും ഉറുദു പഠിക്കുകയും മറ്റ് ഇസ്ലാമിക ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യണമെങ്കിൽ മഹാത്മാഗാന്ധി നിങ്ങൾക്കായി നൽകിയ പാകിസ്താനിലേക്ക് പോകുക' -ബസൻഗൗഡ പറഞ്ഞു.
അതിനിടെ, കർണാടകയിലെ ശിരോവസ്ത്ര വിവാദത്തിൽ പുതിയ അധ്യായത്തിന് വഴിതുറന്ന് സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും തലമറക്കുന്നത് നിരോധിച്ചു. 'സമത്വത്തിനും അഖണ്ഡതയ്ക്കും പൊതുക്രമത്തിനും ഭംഗം വരുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നിരോധിക്കുന്നു'വെന്നാണ് സംസ്ഥാന സർക്കാർ ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. 1983 ലെ കർണാടക വിദ്യാഭ്യാസ നിയമം133 (2) പ്രകാരം യൂനിഫോം ശൈലിയിലുള്ള വസ്ത്രം നിർബന്ധമായും ധരിക്കണമെന്നും ഉത്തരവിൽ പറയുന്നു. സ്വകാര്യ സ്കൂൾ നടത്തിപ്പുകാർക്ക് അവർക്ക് ഇഷ്ടമുള്ള യൂണിഫോം തിരഞ്ഞെടുക്കാം. പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രീ-യൂണിവേഴ്‌സിറ്റി കോളജുകളുടെ അഡ്മിനിസ്‌ട്രേറ്റീവ് ബോർഡോ കോളേജ് ഡെവലപ്‌മെന്‍റ് കമ്മിറ്റിയോ അപ്പീൽ കമ്മിറ്റിയോ തിരഞ്ഞെടുക്കുന്ന വസ്ത്രമാണ് വിദ്യാർത്ഥികൾ ധരിക്കേണ്ടത് -സർക്കാർ ഉത്തരവിൽ പറയുന്നു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യൂനിഫോം തിരഞ്ഞെടുക്കാത്ത സാഹചര്യത്തിൽ സമത്വത്തിനും അഖണ്ഡതയ്ക്കും പൊതു ക്രമസമാധാനത്തിനും ഭംഗം വരുത്തുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.